മുഹമ്മദ് ഇര്‍ഷാദിന് യാത്രാമൊഴി

ഹരിപ്പാട്: കശ്മീരില്‍ ഹൃദയാഘാതം മൂലം മരിച്ച മെഡിക്കല്‍ വിദ്യാര്‍ഥിക്ക് ബന്ധുക്കളും നാട്ടുകാരും സഹപാഠികളും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി നല്‍കി. കുമാരപുരം താമല്ലാക്കല്‍ ഉസ്മാനിയ മന്‍സിലില്‍ ഉസ്മാന്‍കുട്ടി മുസ്ലിയാരുടെ മകന്‍ മുഹമ്മദ് ഇര്‍ഷാദാണ് (24) കശ്മീരില്‍ മരിച്ചത്. കശ്മീരില്‍നിന്നും ഡല്‍ഹിയിലും അവിടെനിന്ന് മുംബൈ വഴി നെടുമ്പാശ്ശേരിയില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് മൃതദേഹം എത്തിച്ചത്. കുമാരപുരം താമല്ലാക്കലിലെ വീട്ടില്‍ വൈകുന്നേരം 6.50ഓടെ മൃതദേഹം കൊണ്ടുവന്നു. ഒന്നരമണിക്കൂറോളം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ആയിരങ്ങളാണ് ഇര്‍ഷാദിനെ അവസാനമായൊന്ന് കാണാന്‍ തടിച്ചുകൂടിയത്. രാത്രി എട്ടുമണിയോടെ താമല്ലാക്കല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ ഖബറടക്കി. മൈസൂര്‍ ഏനപ്പോയ മെഡിക്കല്‍ കോളജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിയായിരുന്നു. മൂന്ന് സഹപാഠികള്‍ക്കൊപ്പം കഴിഞ്ഞ 20ന് കശ്മീരില്‍ വിനോദയാത്രക്ക് പോയതാണ്. മലകയറിയപ്പോള്‍ ശ്വാസംമുട്ടല്‍ ഉണ്ടായതായി പറയുന്നു. കശ്മീരിലെ ലേയിലെ ലോഡ്ജിലാണ് ഇവര്‍ താമസിച്ചിരുന്നത്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെ കൂടുതല്‍ നെഞ്ചുവേദന ഉണ്ടായി. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മെഡിക്കല്‍ കോളജില്‍നിന്നും അധികൃതരും വിദ്യാര്‍ഥി സംഘവും വീട്ടില്‍ എത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.