കായംകുളം: നഗരസഭാ ചെയര്‍മാനെതിരെ കടുത്ത നിലപാട് സ്വീകരിക്കാന്‍ സി.പി.ഐ മണ്ഡലം കമ്മിറ്റി തീരുമാനിച്ചതോടെ കായംകുളത്ത് ഇടതുമുന്നണി പ്രതിസന്ധിയില്‍. സി.പി.ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ ആക്രമിച്ച എസ്.എഫ്.ഐക്കാരെ നഗരസഭാ ചെയര്‍മാന്‍ സംരക്ഷിക്കുന്നെന്ന ആക്ഷേപമാണ് സി.പി.ഐയുടെ അസംതൃപ്തിക്ക് കാരണം. ആക്രമണത്തില്‍ പങ്കെടുത്ത അഞ്ചുപേര്‍ക്ക് നഗരസഭാ ഹാളില്‍ ഓണസദ്യ നല്‍കിയെന്ന ആക്ഷേപം ഉയര്‍ന്നതും ചര്‍ച്ചയായി. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസിന്‍െറ സാന്നിധ്യത്തില്‍ കൂടിയ മണ്ഡലം കമ്മിറ്റി യോഗത്തിലാണ് നിര്‍ണായക തീരുമാനങ്ങളുണ്ടായത്. യോഗത്തില്‍ സി.പി.എം ഏരിയ സെന്‍റര്‍ അംഗമായ നഗരസഭാ ചെയര്‍മാന്‍ അഡ്വ. എന്‍. ശിവദാസനെതിരെ രൂക്ഷവിമര്‍ശം ഉയര്‍ന്നു. ശിവദാസന്‍െറ അറിവില്ലാതെ അക്രമം നടക്കില്ളെന്നും പ്രതികള്‍ക്ക് സംരക്ഷണകവചം ഒരുക്കുന്നത് ചെയര്‍മാനാണെന്നും യോഗത്തില്‍ ചര്‍ച്ചയുണ്ടായി. മുന്നണി വിടണമെന്ന അഭിപ്രായവും ഉയര്‍ന്നു. തീരുമാനങ്ങള്‍ ശനിയാഴ്ച വൈകുന്നേരം നടക്കുന്ന ജനറല്‍ ബോഡിയില്‍ റിപ്പോര്‍ട്ട് ചെയ്യാനും തീരുമാനിച്ചു. കായംകുളം വനിതാ പോളിടെക്നിക്കിലെ യൂനിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് സി.പി.ഐ ടൗണ്‍ വടക്ക്-കിഴക്ക് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും എ.ഐ.വൈ.എഫ് മുന്‍ മണ്ഡലം സെക്രട്ടറിയുമായിരുന്ന അഡ്വ. എ. ഷിജിയെ എസ്.എഫ്.ഐ സംഘം ആക്രമിച്ചത്. തലക്ക് കമ്പിവടിക്ക് അടിയേറ്റ ഷിജി എറണാകുളത്തെ സ്വകാര്യ ആശുപ്രതിയില്‍ ചികിത്സയിലാണ്. സി.പി.ഐ ഇപ്പോള്‍ എടുത്ത തീരുമാനത്തില്‍ ഉറച്ചുനിന്നാല്‍ നഗരസഭാ ഭരണം പ്രതിസന്ധിയിലാകും. 44 അംഗ കൗണ്‍സിലില്‍ സി.പി.ഐയുടെ മൂന്നുപേരുടേതടക്കം 21പേരുടെ പിന്തുണയാണ് ഭരണത്തിനുള്ളത്. കുറ്റിത്തെരുവിലെ വിവാദ ഹോട്ടലിന് ബിയര്‍ പാര്‍ലര്‍ അനുമതി നല്‍കിയ വിഷയത്തില്‍ ഭരണ പ്രതിസന്ധി നിലനില്‍ക്കെയാണ് പുതിയ പ്രശ്നങ്ങളെന്നതും ശ്രദ്ധേയമാണ്. എന്‍.സി.പി, ജനതാദള്‍-എസ്, ഐ.എന്‍.എല്‍ പാര്‍ട്ടികളാണ് ബാര്‍ വിഷയത്തില്‍ ചെയര്‍മാനോട് ഇടഞ്ഞുനില്‍ക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.