മെഗാ ഫുഡ് പാര്‍ക്ക്; ഭൂമി നിരപ്പാക്കല്‍ ജോലി പുരോഗമിക്കുന്നു

വടുതല: പള്ളിപ്പുറത്ത് 129 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന മെഗാ ഫുഡ്പാര്‍ക്കിന്‍െറ ഭൂമി നിരപ്പാക്കല്‍ ജോലി പുരോഗമിക്കുന്നു. ശിലാസ്ഥാപനം ഒക്ടോബറില്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭക്ഷ്യസംസ്കരണ യൂനിറ്റുകളും സീഫുഡ് ഫാക്ടറികളുമാണ് ഫുഡ്പാര്‍ക്കില്‍ ഉണ്ടാവുക. നിലവില്‍ 18 കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവര്‍ക്ക് സംസ്ഥാന വ്യവസായവികസന കോര്‍പറേഷന്‍െറ 65 ഏക്കര്‍ സ്ഥലവും അനുവദിച്ചുകഴിഞ്ഞു. എക്സ്കവേറ്റര്‍ ഉള്‍പ്പെടെയുള്ള യന്ത്രസഹായത്തോടെയാണ് ഇപ്പോഴത്തെ പ്രവൃത്തി നടക്കുന്നത്. ആദ്യഘട്ടത്തില്‍ പൊതു മാലിന്യസംസ്കരണ പ്ളാന്‍റിന്‍െറ നിര്‍മാണമാണ് തുടങ്ങുക. യൂനിറ്റുകളില്‍നിന്നുള്ള മാലിന്യം സംസ്കരിച്ച് നിര്‍മാര്‍ജനം ചെയ്യുന്നതിനാണ് പ്ളാന്‍റ്. ഏഴരക്കോടി രൂപയാണ് പ്ളാന്‍റിന് വക കൊള്ളിച്ചിട്ടുള്ളത്. ഫുഡ്പാര്‍ക്കിന്‍െറ പ്രവര്‍ത്തനത്തിന് റോഡ്, വെള്ളം, വൈദ്യുതി തുടങ്ങിയവ ഒരുക്കിനല്‍കുക മാത്രമാണ് വ്യവസായ വികസന കോര്‍പറേഷന്‍ ചെയ്യുന്നത്. യൂനിറ്റുകളുടെ കെട്ടിടനിര്‍മാണം അതത് ഉടമകള്‍ നടത്തും. 50 കോടി രൂപ കേന്ദ്രവിഹിതവും 69 കോടി രൂപ സംസ്ഥാന വിഹിതവും 10 കോടി രൂപ വായ്പയും ഉള്‍പ്പെടെ 129 കോടി രൂപയുടെതാണ് പദ്ധതി. ഭക്ഷ്യോല്‍പന്നങ്ങള്‍ തയാറാക്കുന്നതിന്‍െറ ആദ്യഘട്ടപ്രവര്‍ത്തനം എറണാകുളത്തെ മൂന്ന് കേന്ദ്രങ്ങളിലായിരിക്കും നടക്കുക. പിന്നീടുള്ള പ്രവര്‍ത്തനങ്ങളും അവ ശീതീകരിച്ച് സൂക്ഷിക്കലും കയറ്റുമതിക്കുള്ള നടപടികളുമാണ് പള്ളിപ്പുറത്തെ ഫുഡ്പാര്‍ക്കില്‍ നടത്തുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.