പൂച്ചാക്കല്‍ സബ് ട്രഷറി ചോര്‍ന്നൊലിക്കുന്നു

പൂച്ചാക്കല്‍: വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന പൂച്ചാക്കല്‍ സബ്ട്രഷറി ചോര്‍ന്നൊലിക്കുന്നത് ജീവനക്കാരെയും ഉപഭോക്താക്കളെയും ദുരിതത്തിലാക്കുന്നു. കോണ്‍ക്രീറ്റിന്‍െറ കമ്പികള്‍ ദ്രവിച്ച് സിമന്‍റ് പാളികള്‍ അടര്‍ന്നുവീണ് മഴവെള്ളം ചോര്‍ന്നൊലിക്കുന്നത് ഫയലുകള്‍ കേടുവരാനും ഇടയാക്കുന്നു. പള്ളിപ്പുറം, തൈക്കാട്ടുശേരി, പാണാവള്ളി, പെരുമ്പളം, അരൂക്കുറ്റി എന്നീ പഞ്ചായത്ത് പരിധിയിലെ ആയിരക്കണക്കിന് ഉദ്യോഗസ്ഥരും സര്‍വിസ് പെന്‍ഷന്‍കാരും എത്തുന്ന സബ്ട്രഷറിയാണ് സ്വന്തമായി കെട്ടിടമില്ലാതെ പ്രവര്‍ത്തിക്കുന്നത്. കെട്ടിടത്തില്‍ നിന്നുതിരിയാന്‍ സ്ഥലമില്ലാത്തതിനാല്‍ എത്തുന്നവര്‍ ദുരിതമനുഭവിക്കുകയാണ്. പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാന്‍ കെട്ടിടത്തില്‍ സൗകര്യമില്ല. പൂച്ചാക്കല്‍ പഴയപാലത്തിന് സമീപം സ്വകാര്യ കെട്ടിടത്തിന്‍െറ മുകളിലെ നിലയിലാണ് സബ്ട്രഷറി പ്രവര്‍ത്തിക്കുന്നത്. ചവിട്ടുപടികള്‍ കയറി മുകളിലത്തെുന്ന വൃദ്ധജനങ്ങള്‍ അടക്കമുള്ളവര്‍ വിശ്രമിക്കാന്‍ ഇടമില്ലാതെ വരാന്തയില്‍ വെയിലും മഴയും കൊണ്ട് നില്‍ക്കണം. സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിന് 15 വര്‍ഷം മുമ്പ് പാണാവള്ളി പഞ്ചായത്ത് ഭരണസമിതി അഞ്ചുസെന്‍റ് സ്ഥലം നീലംകുളങ്ങര വാട്ടര്‍ടാങ്കിന് സമീപം വിട്ടുനല്‍കിയിരുന്നു. എന്നാല്‍, തുടര്‍നടപടി ഉണ്ടായില്ല. ജനപ്രതിനിധികളും രാഷ്ട്രീയനേതാക്കളും കാര്യമായ ഇടപെടല്‍ നടത്താതിരുന്നതാണ് അവതാളത്തിലാക്കിയത്. ഇതിനിടെ പള്ളിപ്പുറം പഞ്ചായത്ത് പരിധിയിലേക്ക് സബ്ട്രഷറി മാറ്റാനുള്ള ശ്രമവും നടക്കുന്നുണ്ട്. പാണാവള്ളി പഞ്ചായത്ത് നല്‍കിയ സ്ഥലം ഏറ്റെടുത്ത് കെട്ടിടം നിര്‍മിച്ചാല്‍ വാടകയിനത്തില്‍ വന്‍ തുക സര്‍ക്കാറിന് ലാഭമുണ്ടാകും. സൗകര്യപ്രദമായ രീതിയില്‍ കെട്ടിടം നിര്‍മിച്ചാല്‍ ജീവനക്കാരും പൊതുജനങ്ങളും അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമാവും. അടിയന്തരമായി സബ്ട്രഷറി ഓഫിസ് കെട്ടിടം നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് ഗുണഭോക്താക്കള്‍ അധികൃതര്‍ക്ക് നിവേദനം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.