കാല്‍ നൂറ്റാണ്ടിനുശേഷം റാണിയും പച്ചപ്പട്ടണിയുന്നു; വിത്തെറിയല്‍ 20ന്

ആലപ്പുഴ: കുട്ടനാട്ടിലെ നെല്‍കൃഷിക്ക് കരുത്തേകി രണ്ടര പതിറ്റാണ്ടിനുശേഷം റാണിക്കായലും ഹരിതാഭമാകുന്നു. ഈമാസം 20ന് രാവിലെ 10ന് കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ റാണിയില്‍ പുഞ്ചകൃഷിക്ക് വിത്തെറിയും. നിലമൊരുക്കല്‍ പൂര്‍ത്തീകരിച്ച് ബണ്ടും ചാലുകളും ഒരുക്കി. 1992ലാണ് റാണിയില്‍ അവസാനമായി കൃഷിയിറക്കിയത്. 210 ഹെക്ടര്‍ വരുന്ന റാണിയുടെ 139.10 ഹെക്ടര്‍ നിലം 570 ഭൂവുടമകളുടെ പക്കലാണ്. 81.16 ഹെക്ടര്‍ റവന്യൂ ഭൂമിയാണ്. കുട്ടനാട് പാക്കേജില്‍ ഉള്‍പ്പെടുത്തി റാണി-ചിത്തിര കായലുകളുടെ പുറംബണ്ട് 24.75 ലക്ഷം മുടക്കി പൈല്‍ ആന്‍ഡ് സ്ളാബ് ഉപയോഗിച്ച് ബലപ്പെടുത്തിയിരുന്നു. റാണി-ചിത്തിരയില്‍ കൃഷിയിറക്കുന്നതിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് 13ാം ധനകാര്യ കമീഷനില്‍ ഉള്‍പ്പെടുത്തി 3.69 കോടി രൂപ അനുവദിച്ചിരുന്നു. 90 ലക്ഷം രൂപ മുടക്കിയാണ് ഇരു കായലുകളിലേക്കും വൈദ്യുതി എത്തിച്ചത്. 2014ല്‍ ചിത്തിര കായലില്‍ കൃഷിയിറക്കിയിരുന്നു. റാണിക്കായലില്‍ കഴിഞ്ഞവര്‍ഷം കൃഷിയിറക്കാന്‍ തീരുമാനിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നടന്നില്ല. തുടര്‍ന്ന് കൃഷിമന്ത്രി കായല്‍ സന്ദര്‍ശിച്ച് ഒരുക്കം വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കി. പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പാക്കുന്നതിനുമായി കലക്ടര്‍ ചെയര്‍മാനും പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ കണ്‍വീനറും ഉദ്യോഗസ്ഥര്‍, പാടശേഖരസമിതി ഭാരവാഹികള്‍ എന്നിവര്‍ അംഗങ്ങളുമായി എക്സിക്യൂട്ടിവ് കമ്മിറ്റി രൂപവത്കരിച്ചിരുന്നു. 20ന് രാവിലെ 10ന് റാണി കായല്‍ പാടശേഖരത്ത് നടക്കുന്ന ചടങ്ങില്‍ തോമസ് ചാണ്ടി എം.എല്‍.എ അധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എം.പി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍, കലക്ടര്‍ വീണ എന്‍. മാധവന്‍, ചമ്പക്കുളം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പോളി തോമസ്, കൈനകരി പഞ്ചായത്ത് പ്രസിഡന്‍റ് ഷീല സജീവ്, ബ്ളോക് അംഗം മധു സി. കുളങ്ങര, പഞ്ചായത്തംഗം സുശീല ബാബു, രാഷ്ട്രീയകക്ഷി പ്രതിനിധികളായ സജി ചെറിയാന്‍, എ.എ. ഷുക്കൂര്‍, ടി.ജെ. ആഞ്ചലോസ്, ഡി. ലക്ഷ്മണന്‍, റാണി-ചിത്തിര കായല്‍ പാടശേഖര സമിതി ഭാരവാഹികളായ എ. ശിവരാജന്‍, എ.ഡി. കുഞ്ഞച്ചന്‍, ജോസഫ് ചാക്കോ, അഡ്വ. വി. മോഹന്‍ദാസ്, ജോസ് ജോണ്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ എ.ജി. അബ്ദുല്‍ കരിം, കൃഷി അസിസ്റ്റന്‍റ് ഡയറക്ടര്‍ മധു ജോര്‍ജ് മത്തായി എന്നിവര്‍ പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.