നവകേരള ജില്ലാതല മിഷന്‍ രൂപവത്കരിച്ചു

ആലപ്പുഴ: ശുചിത്വം, മാലിന്യസംസ്കരണം, കൃഷി വികസനം, ജലവിഭവ സംരക്ഷണം എന്നീ മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി ജനപങ്കാളിത്തത്തോടെ നടപ്പാക്കുന്ന ഹരിതകേരളം മിഷന്‍ പദ്ധതികള്‍ക്ക് ഡിസംബര്‍ എട്ടിന് ജില്ലയില്‍ തുടക്കമാകുമെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. നവകേരള മിഷനുമായി ബന്ധപ്പെട്ട് സിവില്‍ സ്റ്റേഷനിലെ ജില്ലാ ആസൂത്രണ സമിതിഹാളില്‍ നടന്ന ആലോചനാ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന നവകേരള മിഷന്‍െറ ഭാഗമായ നാലു പദ്ധതികളിലൊന്നാണ് ഹരിതകേരളം. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് എല്ലാ കുടുംബങ്ങള്‍ക്കും വീടും ഭൂമിയും ഉറപ്പാക്കുന്ന സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയായ ലൈഫ്, സര്‍ക്കാര്‍ ആശുപത്രികളെ ജനസൗഹൃദമാക്കി ചികിത്സാ സംവിധാനം മെച്ചപ്പെടുത്താനുള്ള ആര്‍ദ്രം, സര്‍ക്കാര്‍ സ്കൂളുകളെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്താനുള്ള സമഗ്ര വിദ്യാഭ്യാസ നവീകരണ പദ്ധതിയായ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്നിവയാണ് മറ്റു പദ്ധതികള്‍. നാലു പദ്ധതികളുമായും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് ജില്ലാതല മിഷന്‍ രൂപവത്കരിച്ചു. പൊതുമരാമത്ത് മന്ത്രിക്കാണ് ജില്ലയുടെ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ചുമതല. ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍ അധ്യക്ഷനും കലക്ടര്‍ വീണ എന്‍. മാധവന്‍ മിഷന്‍െറ സെക്രട്ടറിയുമാണ്. ജില്ലയിലെ മറ്റു മന്ത്രിമാര്‍, പ്രതിപക്ഷനേതാവ്, എം.എല്‍.എ.മാര്‍, നഗരസഭാധ്യക്ഷര്‍, മുതുകുളം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്സ് അസോസിയേഷന്‍ പ്രസിഡന്‍റ്, സെക്രട്ടറി എന്നിവരാണ് അംഗങ്ങള്‍. പദ്ധതികള്‍ നടപ്പാക്കുന്നതിന് ബ്ളോക്ക്, പഞ്ചായത്തുതല മിഷനുകള്‍ രൂപവത്കരിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ ഡിസംബര്‍ രണ്ടിനകം പദ്ധതികള്‍ തയാറാക്കി ജില്ലാ പഞ്ചായത്തിന് നല്‍കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളെയും സന്നദ്ധസംഘടനകളെയും പങ്കെടുപ്പിച്ച് ബഹുജനപങ്കാളിത്തത്തോടെ ശുചിത്വ, കാര്‍ഷിക, ജലവിഭവ സംരക്ഷണ, മാലിന്യസംസ്കരണ പദ്ധതികളാണ് നടപ്പാക്കുക. യോഗത്തില്‍ എം.എല്‍.എ.മാരായ അഡ്വ. എ.എം. ആരിഫ്, ആര്‍. രാജേഷ്, അഡ്വ. കെ.കെ. രാമചന്ദ്രന്‍ നായര്‍, അഡ്വ. യു. പ്രതിഭാഹരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍, കലക്ടര്‍ വീണ എന്‍. മാധവന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ദലീമ ജോജോ, നഗരസഭാധ്യക്ഷര്‍, ബ്ളോക്ക്-ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, ജില്ലാ പ്ളാനിങ് ഓഫിസര്‍ എന്‍.കെ. രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.