ഇടതുമുന്നണിയുടെ രാപകല്‍ സമരം കായംകുളത്ത് സി.പി.ഐ ബഹിഷ്കരിച്ചു

കായംകുളം: സഹകരണപ്രസ്ഥാനങ്ങളെ അട്ടിമറിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെയുള്ള ഇടതുമുന്നണിയുടെ രാപകല്‍ സമരം കായംകുളത്ത് സി.പി.ഐ ബഹിഷ്കരിച്ചു. അതേസമയം, സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി വെള്ളിയാഴ്ച വൈകുന്നേരം നഗരത്തില്‍ പ്രതിഷേധപ്രകടനം നടത്താന്‍ സി.പി.ഐ തീരുമാനിച്ചിട്ടുണ്ട്. സി.പി.ഐ നേതാവിനുനേരെയുണ്ടായ ആക്രമണത്തില്‍ സി.പി.എം ഭാഗത്തുനിന്നും നീതി ലഭിച്ചില്ളെന്ന പരാതിയാണ് ബഹിഷ്കരണത്തിന് കാരണം. എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് തര്‍ക്കത്തെ തുടര്‍ന്നാണ് സി.പി.ഐ നേതാവിന് വെട്ടേറ്റത്. സി.പി.എമ്മുകാരായ പ്രതികളെ പാര്‍ട്ടി നേതൃത്വവും നഗരസഭ ചെയര്‍മാനും സംരക്ഷിക്കുകയാണെന്നാണ് സി.പി.ഐ ആരോപണം. പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് അടക്കമുള്ള സമര പരിപാടികള്‍ സംഘടിപ്പിച്ചെങ്കിലും പ്രതികളെ അറസ്റ്റുചെയ്യാന്‍ പൊലീസും തയാറായില്ല. സി.പി.എം സമ്മര്‍ദമാണ് അറസ്റ്റ് നടക്കാത്തതിന് കാരണമെന്നാണ് ആക്ഷേപം. ഇതോടെയാണ് മണ്ഡലത്തിലെ മുന്നണിസംവിധാനത്തില്‍ സഹകരിക്കേണ്ടെന്ന് സി.പി.ഐ തീരുമാനിച്ചത്. സി.പി.ഐ ജില്ല അസി. സെക്രട്ടറികൂടിയായ എന്‍. സുകുമാരപിള്ളയാണ് മുന്നണി കണ്‍വീനര്‍. സമരം സംബന്ധിച്ച് ആലോചനായോഗം വിളിക്കാന്‍ ഇദ്ദേഹത്തോട് ആവശ്യപ്പെട്ടങ്കിലും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാതെ യോഗം വിളിക്കില്ളെന്ന നിലപാട് അറിയിക്കുകയായിരുന്നു. ഇതോടെ, സി.പി.എം ജില്ല നേതൃത്വം ഇടപെട്ട് സമരത്തില്‍ സഹകരിക്കണമെന്ന് അഭ്യര്‍ഥിച്ചെങ്കിലും സി.പി.ഐ സെക്രട്ടേറിയറ്റ് നിര്‍ദേശം തള്ളുകയായിരുന്നു. സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ കായംകുളത്ത് നടന്ന സമരം സി.പി.എം ജില്ല സെക്രട്ടേറിയറ്റ് അംഗം എം.എ. അലിയാര്‍ ഉദ്ഘാടനം ചെയ്തു. പി. ഗാനകുമാര്‍, എസ്. കേശുനാഥ്, സക്കീര്‍ മല്ലഞ്ചേരില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.