വേമ്പനാട്ടുകായലില്‍ അപകട യാത്ര: അധികൃതര്‍ നിസ്സംഗതയില്‍

പൂച്ചാക്കല്‍: വേമ്പനാട്ടുകായലിന് കുറുകെ മണപ്പുറം-ചെമ്മനാകരി ഫെറിയില്‍ ദിവസങ്ങളായി അപകടംപിടിച്ച ചങ്ങാട യാത്ര. രണ്ട് വള്ളങ്ങള്‍ക്കുമീതെ പലക നിരത്തിയ ചങ്ങാട സര്‍വിസാണ് ഇവിടെയുള്ളത്. ഇങ്ങനെ സര്‍വിസ് നടത്താന്‍ പഞ്ചായത്തിന്‍െറ നിര്‍ദേശമോ അനുമതിയോ ഇല്ല. കനാല്‍ വകുപ്പിന്‍െറ അംഗീകാരമോ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റോ ചങ്ങാടത്തിനില്ല. ലൈഫ് ജാക്കറ്റ് ഉള്‍പ്പെടെയുള്ള മുന്‍കരുതലുകളും ഇല്ല. ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒന്നും പാലിച്ചിട്ടില്ല. കരാറുകാരന്‍െറ തന്നിഷ്ടത്തിനനുസരിച്ച് നൂറുകണക്കിന് വിദ്യാര്‍ഥികള്‍ അടക്കമുള്ള യാത്രക്കാരെയുംകൊണ്ട് സാഹസയാത്ര നടത്തിയിട്ടും നടപടിയെടുക്കാന്‍ ആരും തയാറാകുന്നില്ല. ഇവിടെ കടത്തിറക്കുന്നതിന് ബോട്ട് സര്‍വിസ് നടത്താനാണ് കരാര്‍ വ്യവസ്ഥ. മുമ്പ് ഇത്തരം രണ്ട് വള്ളങ്ങള്‍ക്കുമീതെ പലക നിരത്തിയ ചങ്ങാടം ബോട്ടുമായി ബന്ധിപ്പിച്ച് ചിലയിടങ്ങളില്‍ സര്‍വിസ് നടത്തിയിരുന്നു. ഇങ്ങനെ സര്‍വിസ് നടത്തുന്നതിനിടെ നടുക്കായലില്‍വെച്ച് ചങ്ങാടം തകര്‍ന്ന സംഭവവും ഉണ്ടായിട്ടുണ്ട്. ഈ സന്ദര്‍ഭങ്ങളില്‍ ഒപ്പമുള്ള ബോട്ടില്‍ കയറിയാണ് യാത്രക്കാര്‍ രക്ഷപ്പെടാറ്. ഇവിടെ സര്‍വിസ് നടത്തുന്ന ചങ്ങാടത്തിന് ബോട്ടില്ല. രണ്ട് വള്ളങ്ങളുള്ളതില്‍ ഒരു വള്ളത്തില്‍ എന്‍ജിന്‍ ഘടിപ്പിച്ചാണ് ഓടിക്കുന്നത്. മേല്‍ക്കൂരയും ഇരിപ്പിടവും ഇല്ലാത്തതിനാല്‍ പൊരിവെയിലില്‍ നിന്നാണ് യാത്ര. ദേശീയ ജലപാതയായതിനാല്‍ ആഴവും അടിയൊഴുക്കും ഉള്ള സ്ഥലമാണിത്. തൈക്കാട്ടുശേരി, ഉദയനാപുരം ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായാണ് ഇവിടെ ബോട്ട് സര്‍വിസിന് അനുമതി നല്‍കി കരാര്‍ കൊടുത്തത്. അഞ്ചു വര്‍ഷമായി ഈ റൂട്ടില്‍ ഫെറി സര്‍വിസ് ആരംഭിച്ചിട്ട്. ആദ്യം മത്സ്യബന്ധനത്തിന് ഉപയോഗിക്കുന്ന വലിയ ബോട്ടാണ് ഓടിയത്. പിന്നീട് ബാര്‍ജ് ബോട്ടായി. തുടര്‍ന്ന്, രൂപം മാറി ബോട്ടിനോടൊപ്പം പലക നിരത്തിയ ഒരു വള്ളവും കൂടി ബന്ധിച്ച് നിറയെ ഇരുചക്രവാഹനങ്ങളും കയറ്റുന്നു. നിലവില്‍ മാക്കേകടവ്-നേരേകടവില്‍ പാലം പണി തുടങ്ങിയതോടെ അവിടെ ഉണ്ടായിരുന്ന ജങ്കാര്‍ സര്‍വിസ് നിര്‍ത്തി. ഇതോടെ മണപ്പുറം-നേരേകടവ് റൂട്ടില്‍ ഇരുചക്രവാഹനങ്ങളുടെ തിരക്ക് വര്‍ധിച്ചു. ഈ സന്ദര്‍ഭം മുതലാക്കിയാണ് ഇവിടെ കൂടുതല്‍ ഇരുചക്രവാഹനങ്ങള്‍ കയറ്റുന്നതിന് രണ്ട് വള്ളങ്ങള്‍ ചേര്‍ത്ത ചങ്ങാടം ആക്കിയത്. ഒരു വള്ളവുമായി ബന്ധിച്ച് സര്‍വിസ് നടത്തിയിരുന്ന ബോട്ട് മണപ്പുറം കടവില്‍ കെട്ടിയിട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.