വിവാദ ശസ്ത്രക്രിയ: അന്വേഷണ റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് വിജിലന്‍സ് മേധാവിക്ക് കൈമാറി

ആലപ്പുഴ: ജനറല്‍ ആശുപത്രിയിലെ വിവാദ ശസ്ത്രക്രിയ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ജില്ല മെഡിക്കല്‍ ഓഫിസര്‍ ആരോഗ്യവകുപ്പ് വിജിലന്‍സ് മേധാവി ഡോ. നീതു വിജയന് കൈമാറി. ആരോപണ വിധേയനായ ഡോക്ടറെ സ്ഥലം മാറ്റുമെന്നാണ് സൂചന. രണ്ടാഴ്ചക്കുള്ളില്‍ നടപടി ഉണ്ടാകുമെന്നാണ് അറിയുന്നത്. വിജിലന്‍സ് മേധാവി ഉള്‍പ്പെടുന്ന നാലംഗ സംഘമാണ് റിപ്പോര്‍ട്ട് ശേഖരിക്കാന്‍ ജനറല്‍ ആശുപത്രിയില്‍ എത്തിയത്. ഇവരെ സഹായിക്കുന്നതിനായി ഓര്‍ത്തോ വിഭാഗം ഡോക്ടര്‍ ഡോ. അജിത്ത്, ചേര്‍ത്തല ജനറല്‍ ആശുപത്രിയില്‍നിന്നും ജനറല്‍ സര്‍ജന്‍ ഡോ. ഷാജി എന്നിവരും എത്തിയിരുന്നു. ശസ്ത്രക്രിയ ചെയ്ത രോഗിയുടെ ബന്ധുക്കളില്‍നിന്നും വിജിലന്‍സ് മേധാവി മൊഴി രേഖപ്പെടുത്തി. ഡ്യൂട്ടിയില്‍ ആരോപണ വിധേയനായ ഡോക്ടര്‍ വീഴ്ചവരുത്തിയതായി വിജിലന്‍സിന് ബോധ്യമായെന്നാണ് അറിയുന്നത്. രോഗിയുടെ ഡിസ്ചാര്‍ജ് സംബന്ധിച്ച കാര്യങ്ങള്‍ മറച്ചുവെച്ച് ചികിത്സ തുടര്‍ന്നത് സംബന്ധിച്ചും അന്വേഷണം നടന്നിരുന്നു. ഒക്ടോബര്‍ 29നായിരുന്നു സംഭവം. ഡിസ്ചാര്‍ജ് ചെയ്ത രോഗിയെ മറ്റൊരു ഡോക്ടര്‍ തിരിച്ചുവിളിച്ച് വീണ്ടും ശസ്ത്രക്രിയ നടത്തിയത് ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. ആലപ്പുഴ പാലസ് വാര്‍ഡ് താഴത്തുപറമ്പില്‍ മനോഹരന്‍െറ (85) ഇടതുകാലാണ് ശസ്ത്രക്രിയ നടത്തിയത്. അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടര്‍ വിജു കുറ്റിങ്കലിനെതിരെ ആരോപണം ഉന്നയിച്ച് ബന്ധുക്കള്‍ രംഗത്തത്തെിയിരുന്നു. സംഭവം വിവാദമായതോടെ ഡി.എം.ഒ ഡോ. ഡി. വസന്തദാസിന്‍െറ നിര്‍ദേശ പ്രകാരം ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീദേവി, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. സിദ്ധാര്‍ഥന്‍, ആശുപത്രി ആര്‍.എം.ഒ ഡോ. അനസ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തുകയായിരുന്നു. റിപ്പോര്‍ട്ട് കൈമാറാന്‍ വൈകിയതിനെ തുടര്‍ന്ന് യുവജന സംഘടനകളുടെ നേതൃത്വത്തില്‍ ജില്ല മെഡിക്കല്‍ ഓഫിസറെ ഉപരോധിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.