ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ശബരിമല ഡ്യൂട്ടി; സര്‍ക്കാര്‍ ആശുപത്രികളിലെ പ്രവര്‍ത്തനം താളം തെറ്റുന്നു

വടുതല: ഡോക്ടര്‍മാരും നഴ്സുമാരും ശബരിമലയില്‍ സ്പെഷല്‍ ഡ്യൂട്ടിക്ക് പോയതോടെ സര്‍ക്കാര്‍ ആശുപത്രികളിലെ പ്രവര്‍ത്തനം താളംതെറ്റുന്നു. അരൂക്കുറ്റി ഗവ. ആശുപത്രിയില്‍ കഴിഞ്ഞദിവസം എത്തിയ 300ഓളം രോഗികള്‍ ചികിത്സ കിട്ടാതെ വലഞ്ഞു. അരൂക്കുറ്റിയില്‍നിന്ന് നാല് ഡോക്ടറെയും നാല് നഴ്സുമാരെയുമാണ് ആവശ്യപ്പെട്ടത്. എന്നാല്‍, ഡോക്ടര്‍മാരുടെ കുറവ് മൂലം രണ്ടുപേരെ വീതമാണ് നല്‍കിയത്. ഇതോടെ രണ്ടുപേര്‍ മാത്രമാണ് ഒ.പിയില്‍ ഓരോ ദിവസവും എത്തുന്ന 300ഓളം രോഗികളെയും കിടത്തിച്ചികിത്സ നല്‍കുന്നവരെയും പരിശോധിക്കുന്നത്. പലര്‍ക്കും മണിക്കൂറുകള്‍ കാത്തുനിന്ന ശേഷമാണ് ഡോക്ടറെ കാണാന്‍ സാധിച്ചത്. ചിലര്‍ തിരക്കുമൂലം സ്വകാര്യ ആശുപത്രിയിലേക്ക് പോയി. ഡോക്ടര്‍മാരില്‍ ചിലര്‍ അവധിയിലുമാണ്. ഡോക്ടര്‍മാരെയും നഴ്സുമാരെയും ശബരിമലയിലേക്ക് അയച്ചപ്പോള്‍ പകരം ഡോക്ടറെ അതത് ആശുപത്രികളില്‍ നിയോഗിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം. കൂടാതെ, അറ്റന്‍ഡര്‍മാരെയും ഡ്യൂട്ടിക്ക് കൊണ്ടുപോയതോടെ ആശുപത്രികളില്‍ ഒ.പി ടിക്കറ്റ് നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ തടസ്സപ്പെടുന്നുണ്ട്. നിലവിലുള്ള നഴ്സുമാരാണ് ഒരുവിധം ആശുപത്രികാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.