പ്ളീഡര്‍ നിയമനത്തെച്ചൊല്ലി സി.പി.എമ്മില്‍ വിവാദം

മൂവാറ്റുപുഴ: പ്ളീഡര്‍ നിയമനത്തെച്ചൊല്ലി സി.പി.എമ്മില്‍ വിവാദം കൊഴുക്കുന്നു. മൂവാറ്റുപുഴ അഡീഷനല്‍ ജില്ല കോടതിയിലെ നിയമനമാണ് പാര്‍ട്ടിയില്‍ കലഹത്തിന് കാരണമായിരിക്കുന്നത്. പാര്‍ട്ടി ലോക്കല്‍, ഏരിയ, ജില്ല കമ്മിറ്റികള്‍ അംഗീകരിച്ച വ്യക്തിയെ ഗ്രൂപ് സമവാക്യത്തിന്‍െറ പേരില്‍ ഒഴിവാക്കാനുള്ള നീക്കമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. വിവാദം മുറുകിയതോടെ ഒരുവിഭാഗം പ്രവര്‍ത്തകര്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കി. രാജിഭീഷണിയും മുഴക്കിയിട്ടുണ്ട്. മൂന്ന് ഏരിയ കമ്മിറ്റിയംഗങ്ങള്‍ അടക്കം 17 പേര്‍ രാജി സന്നദ്ധത അറിയിച്ചതായാണ് സൂചന. ലോക്കല്‍ കമ്മിറ്റി സീനിയര്‍ അംഗമായ ക്രിമിനല്‍ അഭിഭാഷകനെ പ്രോസിക്യൂട്ടര്‍ ആയി നിയമിക്കാനായിരുന്നു ഏരിയ കമ്മിറ്റിയുടെ തീരുമാനം. ഇത് ജില്ല കമ്മിറ്റിക്ക് കൈമാറുകയും ചെയ്തു. എന്നാല്‍, പാര്‍ട്ടിക്കുള്ളിലെ രണ്ടു ഗ്രൂപ്പുകള്‍ തങ്ങളുടെ ഓരോ നോമിനികളെ രണ്ടും മൂന്നും സ്ഥാനങ്ങളിലായി പരിഗണിക്കണമെന്നാവശ്യപ്പെട്ട് പട്ടികയില്‍ തിരുകിക്കയറ്റിയിരുന്നു. ഒരു ഗ്രൂപ്പിന്‍െറ നോമിനി മുന്‍ കോണ്‍ഗ്രസ് ബ്ളോക്ക് സെക്രട്ടറിയും ആവോലി ലോക്കല്‍ കമ്മിറ്റിയംഗവുമായ അഭിഭാഷകനാണ്. ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച എതിര്‍ ഗ്രൂപ്പില്‍ ഉള്‍പ്പെട്ട നേതാവിനെ തോല്‍പിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന അഭിഭാഷകനാണ് മറ്റു ഗ്രൂപ്പിന്‍െറ നോമിനി. ഇദ്ദേഹം ഇപ്പോള്‍ ബ്രാഞ്ച് സെക്രട്ടറിയുമാണ്. ഗ്രൂപ് തര്‍ക്കം തന്നെയാണ് സി.പി.എമ്മിന് തിരിച്ചടിയായിരിക്കുന്നത്. ഏരിയാ കമ്മിറ്റിയെ നോക്കുകുത്തിയാക്കി രണ്ടു ഗ്രൂപ്പുകള്‍ ഇവിടെ ചരടുവലി നടത്തുകയാണെന്ന ആക്ഷേപത്തിന് വളരെ പഴക്കമുണ്ട്. രണ്ട് ജില്ലാ നേതാക്കള്‍ നേതൃത്വം നല്‍കുന്ന ഒരു ഗ്രൂപ്പും മുന്‍ ജില്ലാ നേതാവിന്‍െറ നേതൃത്വത്തിലുള്ള മറ്റൊരു ഗ്രൂപ്പുമാണ് ഇവിടെ സജീവം. ഏരിയ കമ്മിറ്റി തീരുമാനിച്ച അഭിഭാഷകനെ ജില്ല കമ്മിറ്റി അംഗീകരിച്ചിരുന്നു. എന്നാല്‍, തീരുമാനത്തെ അട്ടിമറിക്കുംവിധം തങ്ങളുടെ നോമിനികളെ തിരുകിക്കയറ്റാനുള്ള നീക്കമാണ് ഇരു ഗ്രൂപ്പുകളും നടത്തുന്നത്. ഗ്രൂപ് മത്സരം മുറുകുന്നതിനിടെയാണ് പാര്‍ട്ടി നേതാക്കളുടെ സ്വാര്‍ഥ താല്‍പര്യങ്ങളില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ രാജിഭീഷണി മുഴക്കിയിരിക്കുന്നത്. സംഭവം വിവാദമായതോടെ നിയമന തീരുമാനം നേതൃത്വം മാറ്റിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.