മഴക്കാലപൂര്‍വ രോഗങ്ങള്‍ വ്യാപകമാകുമ്പോഴും സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ കുറവ്

ആലപ്പുഴ: മഴക്കാലപൂര്‍വ രോഗങ്ങള്‍ ജില്ലയില്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുമ്പോഴും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ല. എലിപ്പനി, ഡെങ്കിപ്പനി, വൈറല്‍ പനി എന്നിവക്ക് ചികിത്സ തേടി എത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. തെരഞ്ഞെടുപ്പ് വന്നതോടെ പുതിയ നിയമനം നടക്കാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അറിയുന്നു. ചിലയിടങ്ങളില്‍ ഡോക്ടര്‍മാര്‍ ഉപരിപഠനത്തിന് പോയതും പ്രതിസന്ധി സൃഷ്ടിച്ചു. വണ്ടാനം മെഡിക്കല്‍ കോളജ് കഴിഞ്ഞാല്‍ ജനറല്‍ ആശുപത്രിയെയാണ് ജനം കൂടുതലായി ആശ്രയിക്കുന്നത്. ഇവിടെ അഞ്ചു ഡോക്ടര്‍മാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ഡോക്ടര്‍മാര്‍ കുറവായതോടെ മണിക്കൂറുകളോളം കാത്തുനിന്ന് വേണം രോഗികള്‍ ചികിത്സ തേടാന്‍. പനി ബാധിച്ചത്തെുന്നവര്‍ നീണ്ട ക്യൂവില്‍നിന്ന് അവശരാകുകയാണ്. തളര്‍ന്നുവീണ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്‍െറ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. കലവൂര്‍, ചേര്‍ത്തല സൗത്, പള്ളിപ്പുറം, വയലാര്‍, ചെട്ടികുളങ്ങര, ചെറിയനാട്, കണ്ടല്ലൂര്‍, വെട്ടയ്ക്കല്‍, വള്ളികുന്നം, നൂറനാട്, തകഴി, കാര്‍ത്തികപ്പള്ളി, കരുവാറ്റ എന്നിവിടങ്ങളിലാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഉള്ളത്. ഇതില്‍ ചെട്ടികുളങ്ങര, കണ്ടല്ലൂര്‍, കരുവാറ്റ, ചെറിയനാട് എന്നിവിടങ്ങളില്‍ ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരും ഇല്ല. ഈ പ്രദേശങ്ങളിലെ ആളുകള്‍ സ്വകാര്യ ആശുപത്രികളെയാണ് ആശ്രയിക്കുന്നത്. ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ ചിലയിടങ്ങളില്‍ സര്‍വിസില്‍നിന്ന് പിരിഞ്ഞവരെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നുണ്ടെങ്കിലും പ്രശ്നങ്ങള്‍ക്ക് ഇത് പരിഹാരമാവുന്നില്ല. ഈ സാഹചര്യത്തില്‍ പ്രത്യേക ഏജന്‍സികളില്‍നിന്ന് ആളുകളെ കണ്ടത്തെി നിയമിക്കാനും നീക്കമുണ്ട്. മഴക്കാലപൂര്‍വ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനിടയിലുണ്ടായ ഡോക്ടര്‍മാരുടെ കുറവ് ആരോഗ്യവകുപ്പിന് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പോലും ആവശ്യത്തിന് ജീവനക്കാരില്ലാത്തത് മരുന്ന് വിതരണത്തെയും ബാധിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ എലിപ്പനിയുടേത് അടക്കമുള്ള പ്രതിരോധ മരുന്നുകള്‍ കാര്യക്ഷമമായി ജനങ്ങള്‍ക്കത്തെിക്കാന്‍ കഴിയുന്നില്ല. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ജില്ലയിലെ മന്ത്രിമാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തില്‍ 31ന് കലക്ടറേറ്റില്‍ അവലോകന യോഗം ചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.