മരത്തില്‍ കയറി ആത്മഹത്യക്ക് ശ്രമിച്ചയാളെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി

ആലപ്പുഴ: കുടുംബ പ്രശ്നത്തെ തുടര്‍ന്ന് മരത്തിന് മുകളില്‍ കയറി കഴുത്തില്‍ കുരുക്കിട്ട് ആത്മഹത്യക്ക് ശ്രമിച്ചയാളെ ഫയര്‍ഫോഴ്സ് എത്തി രക്ഷപ്പെടുത്തി. ഞായറാഴ്ച ഉച്ചക്ക് രണ്ടോടെ ആലപ്പുഴ-ചങ്ങനാശേരി റോഡില്‍ പള്ളിക്കൂട്ടുമ്മ പാലത്തിന് സമീപമാണ് സംഭവം. കായംകുളം പട്ടോളിമാര്‍ക്കറ്റ് കുന്നത്തറ വടക്കേതില്‍ സോമനാണ് (48) ആത്മഹത്യക്ക് ശ്രമിച്ചത്. പള്ളിക്കൂട്ടുമ്മക്ക് സമീപമാണ് ഇയാളുടെ ഭാര്യവീട്. ഏറെക്കാലമായി ഭാര്യ പിണങ്ങി അവരുടെ വീട്ടിലാണ് താമസം. ഞായറാഴ്ച ഭാര്യവീട്ടില്‍ എത്തിയ സോമനെ ഇവരുടെ സഹോദരിയുടെ മകന്‍ കള്ളുഷാപ്പില്‍വെച്ച് മര്‍ദിച്ചത്രെ. ഇതില്‍ മനംനൊന്തും ഭാര്യ ഒപ്പം താമസിക്കാന്‍ ചെല്ലാത്തതിലെ വിഷമവുമാണ് ആത്മഹത്യ ശ്രമത്തിന് കാരണം. വാകമരത്തിന്‍െറ മുകളില്‍ കയറിപ്പറ്റിയ ഇയാള്‍ അവിടെവെച്ച് തോര്‍ത്തുകൊണ്ട് കഴുത്തില്‍ കുരുക്കിട്ട് മരത്തില്‍ ബന്ധിച്ചു. ഇതുകണ്ട നാട്ടുകാരില്‍ ചിലര്‍ പുളിങ്കുന്ന് പൊലീസില്‍ വിവരമറിയിച്ചു. പൊലീസ് എത്തി മരത്തില്‍നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ വന്നപ്പോള്‍ ഫയര്‍ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. ആലപ്പുഴയില്‍നിന്ന് സ്റ്റേഷന്‍ ഓഫിസര്‍ സതീശന്‍െറ നേതൃത്വത്തിലത്തെിയ ഫയര്‍ഫോഴ്സ് സംഘം താഴെനിന്ന് പലരീതിയില്‍ ശ്രമിച്ചിട്ടും ഇയാള്‍ വഴങ്ങിയില്ല. തുടര്‍ന്ന്, ഇവര്‍ മരത്തിലേക്ക് കയറി. ഇതിനിടയില്‍ ഇയാള്‍ മരത്തില്‍നിന്ന് ചാടി. തൂങ്ങിക്കിടന്ന് മരണവെപ്രാളം കാട്ടുന്നതിനിടയില്‍ പെട്ടെന്നുതന്നെ ഫയര്‍ഫോഴ്സ് ജീവനക്കാര്‍ ഇരുപതടിയിലേറെ പൊക്കമുള്ള മരത്തില്‍കയറി കുരുക്കഴിച്ച് ബലമായി ഇയാളെ താഴെ എത്തിക്കുകയായിരുന്നു. അവശനിലയിലായതിനാല്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്ഷാപ്രവര്‍ത്തനം നടത്തിയ ഫയര്‍ഫോഴ്സ് സംഘത്തില്‍ ലീഡിങ് ഫയര്‍മാന്‍ ദിലീപ്, ഫയര്‍മാന്മാരായ സലിംകുമാര്‍, ജോയി എന്‍. ജോയി, രാജു, അനില്‍കുമാര്‍, വിഷ്ണുനാരായണന്‍, അനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.