സ്റ്റേഷന്‍കടവ് ഫെറി സര്‍വിസ് അപകടം: സുരക്ഷ വര്‍ധിപ്പിക്കാന്‍ പഞ്ചായത്ത് തീരുമാനം

പറവൂര്‍: ചങ്ങാടത്തില്‍നിന്ന് കാര്‍ പുഴയിലേക്ക് വീണ് അപകടമുണ്ടായ പുത്തന്‍വേലിക്കര വലിയപഴമ്പിള്ളിത്തുരുത്ത് സ്റ്റേഷന്‍ കടവ് ഫെറി സര്‍വിസ് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാന്‍ പുത്തന്‍വേലിക്കര പഞ്ചായത്ത് അടിയന്തര കമ്മിറ്റിയോഗം തിരുമാനിച്ചു. ചങ്ങാടത്തിന്‍െറ മൂന്നുഭാഗത്തും തുറക്കാവുന്ന രീതിയില്‍ ഇരുമ്പുഗേറ്റ് പിടിപ്പിക്കും. വഞ്ചികളുടെ അറ്റകുറ്റപ്പണി അടിയന്തരമായി നടത്തും. നിലവില്‍ ചങ്ങാടത്തില്‍ കയറ്റിയിരുന്ന കാറും ഓട്ടോറിക്ഷയും നിര്‍ത്തലാക്കും. ജെട്ടിയിലൂടെ ഇരുചക്രവാഹനം മാത്രം പോകാവുന്ന രീതിയില്‍ പ്രവേശ കവാടങ്ങളില്‍ തൂണുകള്‍ സ്ഥാപിച്ച് വീതി കുറക്കും. പാലം നിര്‍മാണത്തിന്‍െറ ഭാഗമായി താല്‍ക്കാലികമായി മാറ്റി സ്ഥാപിച്ച ജെട്ടിയുടെ ബലക്ഷയം കണക്കിലെടുത്ത് പുനര്‍നിര്‍മിക്കും. നിര്‍മാണച്ചുമതലയും ചെലവും റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ ഏറ്റെടുക്കാന്‍ പഞ്ചായത്ത് യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് തീരുമാനം ഉടന്‍ നടപ്പാക്കുന്നതിന് തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഫെറി സര്‍വിസ് കരാറുകരെയും റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ അധികൃതരെയും ക്ഷണിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് പി.വി. ലാജു പറഞ്ഞു. പഞ്ചായത്ത് പ്രദേശത്ത് സര്‍വിസ് നടത്തുന്ന എല്ലാ കരാറുകാരോടും ബന്ധപ്പെട്ട രേഖ തിങ്കളാഴ്ച ഹാജരാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതുലംഘിക്കുന്നവരുടെ കരാര്‍ റദ്ദാക്കല്‍ അടക്കമുള്ള നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.