കാറിനെ തൊട്ടില്ല; ടാറിങ് കടമ്പ കഴിച്ച് പി.ഡബ്ള്യു.ഡി

ആലുവ: റോഡിലെ തടസ്സങ്ങളൊന്നും നീക്കാതെ ടാറിങ് കടമ്പ കഴിച്ച് പി.ഡബ്ള്യു.ഡി. ആലുവ നഗരത്തിലാണ് തോന്നിയപോലെ ടാറിങ് നടത്തി ഉദ്യോഗസ്ഥര്‍ തടിതപ്പിയത്. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് നഗരത്തിലെ പ്രധാന റോഡുകളില്‍ ടാറിങ് നടത്തിയത്. ഇതിനിടെ കേബ്ള്‍ സ്ഥാപിക്കലടക്കമുള്ള തടസ്സങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഇതൊന്നും ഗൗനിക്കാതെയാണ് തങ്ങള്‍ക്ക് തോന്നിയപോലെ ഉദ്യോഗസ്ഥര്‍ പണി നടത്തിയത്. നഗരത്തിന്‍െറ പ്രധാന റോഡുകളിലെല്ലാം സ്വകാര്യ മൊബൈല്‍ കമ്പനിയുടെ കേബ്ള്‍ പണി നടക്കുന്നുണ്ട്. ഇതിന് റോഡിന്‍െറ വശത്ത് വലിയ കുഴികളും എടുത്തിരുന്നു. കേബ്ള്‍ പണി കഴിഞ്ഞ് ഇത് അടക്കാനുള്ള സാവകാശം നല്‍കാതെ ഈ ഭാഗങ്ങള്‍ ഒഴിവാക്കി ബാക്കി സ്ഥലങ്ങളിലെല്ലാം ടാര്‍ ചെയ്യുകയായിരുന്നു. നഗരത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുണ്ടായ മറ്റുതടസ്സങ്ങളിലും ഇതേ നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്. മുനിസിപ്പല്‍ റോഡില്‍ ഗവ.ഗേള്‍സ് സ്കൂളിന് എതിര്‍വശത്തായി മാസങ്ങളായി ഒരു മാരുതികാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കിടപ്പുണ്ട്. ആ ഭാഗത്തത്തെിയപ്പോള്‍ കാര്‍ കിടക്കുന്നിടം ഒഴിവാക്കി ടാറിങ് പൂര്‍ത്തീകരിക്കുകയായിരുന്നു. കാറിന്‍െറ ഉടമയെ കണ്ടത്തെി മാറ്റിക്കുകയോ, ട്രാഫിക് പൊലീസിനെക്കൊണ്ട് നീക്കം ചെയ്യിക്കുകയോ ചെയ്യാമായിരുന്നു. എന്നാല്‍, ഇതിനൊന്നിനും മുതിരാതെ പണി എളുപ്പത്തില്‍ പൂര്‍ത്തീകരിക്കുകയായിരുന്നു. പൊതുമരാമത്ത് അധികൃതരുടെ തലതിരിഞ്ഞ നടപടികള്‍ക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നഗരത്തിലും സമീപപ്രദേശങ്ങളിലും നിരവധി റോഡുകള്‍ തകര്‍ന്ന് കിടപ്പുണ്ട്. മഴ ശക്തമാകുംമുമ്പ് ഈ റോഡുകള്‍ നന്നാക്കിയില്ളെങ്കില്‍ നാട്ടുകാര്‍ക്ക് ദുരിതയാത്രയാകും ഫലം. എന്നിട്ടും അത്തരം റോഡുകള്‍ ഒഴിവാക്കി ഒരു കുഴപ്പവുമില്ലാത്ത റോഡുകള്‍ വീണ്ടും പൂര്‍ണമായി ടാര്‍ ചെയ്തതിലും പ്രതിഷേധമുണ്ട്. തെരഞ്ഞെടുപ്പുസമയത്ത് നഗരത്തില്‍ തിരക്കിട്ട് ടാറിങ് നടത്തിയത് നിലവിലെ എം.എല്‍.എയെ സഹായിക്കാനായിരുന്നെന്ന ആരോപണവുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.