ആലപ്പുഴ: ഭരണം പിടിക്കുമെന്ന് അവകാശപ്പെട്ട് കുടം ചിഹ്നവുമായി മത്സരരംഗത്ത് ഇറങ്ങിയ ബി.ഡി.ജെ.എസിന് സ്വന്തം തട്ടകത്തിലും ഏറ്റുവാങ്ങേണ്ടി വന്നത് വലിയ തിരിച്ചടി. പാര്‍ട്ടിയുടെ സംസ്ഥാന വൈസ് പ്രസിഡന്‍റ് വിജയിക്കുമെന്ന് ഉറപ്പിച്ച കുട്ടനാട്ടില്‍ പ്രചാരണത്തിന് പ്രധാനമന്ത്രിയെ വരെ ഇറക്കിയെങ്കിലും സ്ഥാനാര്‍ഥിക്ക് രണ്ടാം സ്ഥാനത്ത് പോലും എത്താന്‍ കഴിഞ്ഞില്ല. സംസ്ഥാനത്ത് 37 സീറ്റുകളില്‍ മത്സരിച്ച ബി.ഡി.ജെ.എസ് ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെച്ച് പുലര്‍ത്തിയിരുന്നത് കുട്ടനാട്ടിലാണ്. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നേരിട്ട് ഇവിടെ പ്രചാരണത്തിന് ഇറങ്ങുകയും ചെയ്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പണം നല്‍കി വോട്ടു വാങ്ങുന്നു എന്ന് ആക്ഷേപമുള്ള ഇവിടെ അതേ നാണയത്തില്‍ തിരിച്ചടി നല്‍കാനുള്ള ശ്രമവും ഉണ്ടായി. എന്നാല്‍, ഇതെല്ലാം പാഴാകുകയായിരുന്നു. വോട്ടുനില വര്‍ധിപ്പിക്കാന്‍ കഴിഞ്ഞതു മാത്രമാണ് ഏക ആശ്വാസം. കഴിഞ്ഞ തവണ ബി.ജെ.പി 4395 വോട്ടു മാത്രം പിടിച്ച കുട്ടനാട്ടില്‍ ബി.ഡി.ജെ.എസിന്‍െറ സുഭാഷ് വാസു ഇത്തവണ 33044 വോട്ടാണ് പിടിച്ചത്. ബി.ഡി.ജെ.എസിന്‍െറ വോട്ടു വര്‍ധന കൂടുതലും ബാധിച്ചത് ഇടതുമുന്നണിയെ ആണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ തവണ ഇവിടെ ജയിച്ച തോമസ് ചാണ്ടി 60010 വോട്ടു പിടിച്ചെങ്കില്‍ ഇത്തവണ അത് 50114 ആയി കുറഞ്ഞു. കഴിഞ്ഞ തവണ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡോ. കെ.സി. ജോസഫ് 52039 വോട്ടുപിടിച്ച സ്ഥാനത്ത് ഇത്തവണ ജേക്കബ് എബ്രഹാമിന്‍െറ വോട്ട് 45223 ആയി കുറയുകയും ചെയ്തു. കുട്ടനാട് കൂടാതെ ആലപ്പുഴയില്‍ ചേര്‍ത്തല, അരൂര്‍, കായംകുളം മണ്ഡലങ്ങളിലുമാണ് ബി.ഡി.ജെ.എസിന്‍െറ സ്ഥാനാര്‍ഥികള്‍ മത്സരിച്ചത്. അരൂരില്‍ 27753, ചേര്‍ത്തലയില്‍ 19614, കായംകുളത്ത് 20000 എന്നിങ്ങനെയാണ് ഇവിടങ്ങളില്‍ ലഭിച്ച വോട്ട്. ചേര്‍ത്തലയില്‍ ബി.ഡി.ജെ.എസിന്‍െറ സാന്നിധ്യം ഇടതുമുന്നണിയെ കാര്യമായി ബാധിച്ചു. കഴിഞ്ഞതവണ 18315 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ വിജയിച്ച പി. തിലോത്തമന് ഇവിടെ ഇത്തവണ 7196 വോട്ടിന്‍െറ ഭൂരിപക്ഷം മാത്രമാണ് ലഭിച്ചത്. എന്‍.ഡി.എക്ക് ഏറ്റവും കൂടുതല്‍ വോട്ടു ലഭിച്ചത് ചെങ്ങന്നൂരിലാണ്. ബി.ജെ.പി വിജയം പ്രതീക്ഷിച്ച ഇവിടെയും പി.എസ്. ശ്രീധരന്‍പിള്ളക്ക് മൂന്നാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളു. ഇവിടെ മുമ്പ് പി.സി. വിഷ്ണുനാഥിന് അനുകൂലമായി വീണിരുന്ന നായര്‍ വോട്ടുകളില്‍ ഒരു പങ്ക് ശ്രീധരന്‍പിള്ളക്ക് വീണിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. കഴിഞ്ഞ തവണ ഇവിടെ 6062 വോട്ടുകള്‍ മാത്രമാണ് ബി.ജെ.പി ക്ക് ഉണ്ടായിരുന്നത്. ഇവിടെ കോണ്‍ഗ്രസ് വിമതയായി മത്സരിച്ച ശോഭനാ ജോര്‍ജ് കാര്യമായി വോട്ടു പിടിക്കാതിരുന്നത് ബി.ജെ.പിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.