ബി.ഡി.ജെ.എസ് ഭീഷണി അതിജീവിച്ച് കുട്ടനാട്ടില്‍ തോമസ് ചാണ്ടിയുടെ വിജയം

ആലപ്പുഴ: തോമസ് ചാണ്ടി കുട്ടനാട്ടില്‍ ജയിച്ചുകയറിയത് ബി.ഡി.ജെ.എസിന്‍െറ ശക്തമായ ഭീഷണി അതിജീവിച്ച്. 4891ആണ് ഭൂരിപക്ഷം. കഴിഞ്ഞ തവണത്തെ 7971വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ 3080 വോട്ടിന്‍െറ കുറവാണ് ഇത്തവണ ഉണ്ടായത്. ഭൂരിപക്ഷം കുറഞ്ഞെങ്കിലും ഏതുവിധവും ജയിച്ചുകയറാനുള്ള ബി.ഡി.ജെ.എസിന്‍െറ നീക്കം തടയാന്‍ കഴിഞ്ഞത് ഇടതുമുന്നണിയെ സംബന്ധിച്ച് വലിയ നേട്ടമായി. ഒരുഘട്ടത്തില്‍, തോമസ് ചാണ്ടി നേര്‍ച്ചക്കോഴിയാണെന്നും കുട്ടനാട്ടിലെ വോട്ട് ബി.ഡി.ജെ.എസിന് നല്‍കി അമ്പലപ്പുഴയിലും ആലപ്പുഴയിലും ബി.ഡി.ജെ.എസ് വോട്ടുകള്‍ വാങ്ങാന്‍ സി.പി.എം ശ്രമിക്കുന്നെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചിരുന്നു. കേരള കോണ്‍ഗ്രസുകാരനായ ജേക്കബ് എബ്രഹാമിനെ കൈവിട്ട് കോണ്‍ഗ്രസ് ബി.ഡി.ജെ.എസിന് വോട്ട് മറിക്കാന്‍ ശ്രമിക്കുകയാണെന്ന് മറുപക്ഷവും ആരോപിച്ചു. കുട്ടനാട്ടില്‍ പ്രചാരണത്തിന് എത്തിയപ്പോഴാണ് സംസ്ഥാനത്ത് മത്സരം യു.ഡി.എഫും എന്‍.ഡി.എയും തമ്മിലാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞത്. പ്രസ്താവന ഏറെ വിവാദമായതോടെ മുഖ്യമന്ത്രി പിന്നീട് തിരുത്തിയെങ്കിലും കോണ്‍ഗ്രസ്-ബി.ഡി.ജെ.എസ് ഒത്തുകളിയെന്ന ആരോപണത്തിന് ഇത് ബലം പകര്‍ന്നു. പക്ഷേ കുട്ടനാട്ടില്‍ ഒത്തുകളിയൊന്നും നടന്നിട്ടില്ളെന്ന് സൂചന നല്‍കുന്നതാണ് കണക്കുകള്‍. കഴിഞ്ഞതവണത്തേതില്‍നിന്ന് ഇടതുമുന്നണിക്ക് 9856 വോട്ടിന്‍െറ കുറവും യു.ഡി.എഫിന് 6816 വോട്ടിന്‍െറ കുറവുമാണ് ഉണ്ടായത്. ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥി സുഭാഷ് വാസു 33,044 വോട്ടുകളാണ് പിടിച്ചത്. കഴിഞ്ഞതവണ ബി.ജെ.പി സ്ഥാനാര്‍ഥി നേടിയ 4395 വോട്ടില്‍നിന്നാണ് ഈ വര്‍ധന. കുട്ടനാട്ടില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ജേക്കബ് എബ്രഹാമിന് ഒരു അപരന്‍ ഉണ്ടായിരുന്നെങ്കിലും ഇയാള്‍ക്ക് 262 വോട്ട് മാത്രമേ നേടാനായുള്ളൂ. യു.ഡി.എഫ് വിമതനായി മത്സരിച്ച കേരള കോണ്‍ഗ്രസ് നേതാവ് ജോസ് കോയിപ്പള്ളിക്ക് 263 വോട്ടും ലഭിച്ചു. തോമസ് ചാണ്ടിക്ക് സീറ്റ് നിഷേധിച്ച് കുട്ടനാട് ഏറ്റെടുക്കാന്‍ സി.പി.എം തുടക്കത്തില്‍ ശ്രമിച്ചിരുന്നു. എന്നാല്‍, സ്ഥാനാര്‍ഥിത്വത്തിന്‍െറ പേരില്‍ ഗ്രൂപ്പുപോര് മൂര്‍ച്ഛിച്ചതോടെ നീക്കത്തില്‍നിന്ന് പിന്മാറുകയായിരുന്നു. പാര്‍ട്ടിയുടെ ചില മുതിര്‍ന്ന സംസ്ഥാന നേതാക്കളുമായുള്ള തോമസ് ചാണ്ടിയുടെ ബന്ധവും അദ്ദേഹത്തിന്‍െറ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.