ആലപ്പുഴയില്‍ പ്രതീക്ഷിത വിജയം

ആലപ്പുഴ: ഡോ. ടി.എം. തോമസ് ഐസക് ആലപ്പുഴ മണ്ഡലത്തില്‍ നേടിയ വിജയം പ്രതീക്ഷിച്ചത് തന്നെ. ഐസക്കിനെതിരെ മത്സരിക്കാന്‍ ആരെ നിര്‍ത്തുമെന്ന് കണക്കുകൂട്ടി വലഞ്ഞ കോണ്‍ഗ്രസ് നേതൃത്വം അവസാനമാണ് അഡ്വ. ലാലി വിന്‍സെന്‍റിനെ ആ ചുമതല ഏല്‍പിച്ചത്. കൃത്യമായ കണക്കുകൂട്ടലോടെയും ലക്ഷ്യബോധത്തോടെയും നടത്തിയ പ്രചാരണം തോമസ് ഐസക്കിന്‍െറ പ്രത്യേകതയാണ്. മാരാരിക്കുളത്ത് രണ്ടുതവണയും ആലപ്പുഴ മണ്ഡലത്തില്‍ ഒരുതവണയും വിജയിച്ച് പാരമ്പര്യമുള്ള തോമസ് ഐസക്കിന് മണ്ഡലവുമായുള്ള ആത്മബന്ധം തെരഞ്ഞെടുപ്പുകാലത്ത് നന്നായി പ്രയോജനപ്പെട്ടു. 2011ല്‍ 16,342 വോട്ടിന്‍െറയും 2006ല്‍ 17,679 വോട്ടിന്‍െറയും 2001ല്‍ 8,403 വോട്ടിന്‍െറയും ഭൂരിപക്ഷത്തിലാണ് തോമസ് ഐസക് നിയമസഭയില്‍ എത്തിയത്. മാരാരിക്കുളം, ആലപ്പുഴ മണ്ഡലങ്ങളില്‍നിന്നായിരുന്നു ഇത്. ഇത്തവണ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചാണ് തോമസ് ഐസക് 31,032 വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ ലാലി വിന്‍സെന്‍റിനെ മറികടന്ന് തിളക്കമാര്‍ന്ന വിജയം നേടിയത്. ആലപ്പുഴ മണ്ഡലത്തില്‍ ബി.ജെ.പി 18,214 വോട്ടാണ് നേടിയത്. മറ്റ് സ്ഥാനാര്‍ഥികള്‍ ആയിരത്തില്‍താഴെ വോട്ടുകളേ നേടിയുള്ളൂ. കാടിളക്കിയുള്ള പ്രചാരണമൊന്നും തോമസ് ഐസക് മണ്ഡലത്തില്‍ നടത്തിയിരുന്നില്ല. ജൈവകൃഷിയുടെയും മാലിന്യനിര്‍മാര്‍ജനത്തിന്‍െറയും പ്രാധാന്യവും അതിന്‍െറ പ്രചാരണവുമായിരുന്നു വോട്ട് അഭ്യര്‍ഥിക്കുന്ന വേളയിലും ഐസക് ചെയ്തത്. മനുഷ്യനുവേണ്ടി, മണ്ണിനുവേണ്ടി എന്നതിലൂന്നിയായിരുന്നു പ്രചാരണം. പത്രിക സമര്‍പ്പിക്കുമ്പോഴും പ്രചാരണം തുടങ്ങിയപ്പോഴും ഫലവൃക്ഷത്തൈകള്‍ നട്ടായിരുന്നു സ്ഥാനാര്‍ഥി ജനങ്ങള്‍ക്കിടയിലേക്ക് ചെന്നത്. കൂടാതെ, നവമാധ്യമങ്ങളെ നന്നായി ഉപയോഗപ്പെടുത്താനും ഐസക്കിന് കഴിഞ്ഞു. ഫേസ്ബുക്കിലൂടെ ആയിരക്കണക്കിന് സുഹൃത്തുക്കള്‍ അദ്ദേഹത്തിനുണ്ട്. ഓരോദിവസത്തെയും വിഷയങ്ങള്‍ ഫേസ്ബുക് കുറിപ്പുകളിലൂടെ അദ്ദേഹം ചര്‍ച്ചചെയ്യുന്നു. ഇത്തരം വ്യത്യസ്തമായ പ്രചാരണ വഴികള്‍ ഐസക്കിന്‍െറ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങള്‍ക്കും നന്നായി സ്വാധീനമുള്ള ആലപ്പുഴ മണ്ഡലത്തില്‍ ഒരുഭാഗത്തുനിന്നും വോട്ട് ചോരാതിരിക്കാനുള്ള ശ്രദ്ധയും ഐസക് നടത്തിയിരുന്നു. വിവാദങ്ങളിലോ വിദ്വേഷ പരാമര്‍ശങ്ങളിലോ ഇടപെടാതെ സൗമ്യമായ പ്രചാരണ രീതിയാണ് സ്വീകരിച്ചത്. മറുവശത്ത് ലാലി വിന്‍സെന്‍റ് ഏറെ പ്രതീക്ഷയോടെയാണ് ആലപ്പുഴയില്‍ എത്തിയത്. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ പരമാവധി വീടുകള്‍ സന്ദര്‍ശിക്കുകയും പ്രചാരണരംഗത്ത് മികവുകാട്ടുകയും ചെയ്തിരുന്നു. എന്നാല്‍, തോമസ് ഐസക് എന്ന സൗമ്യനായ രാഷ്ട്രീയക്കാരന്‍െറ മനസ്സറിയാവുന്ന ആലപ്പുഴ മണ്ഡലത്തിലുള്ളവര്‍ ബാലറ്റിലൂടെ പരമാവധി പിന്തുണ അദ്ദേഹത്തിന് നല്‍കി. അതാണ് ഇതുവരെ ലഭിക്കാത്ത ഭൂരിപക്ഷം ഐസക്കിന് സമ്മാനിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.