ആലപ്പുഴ: ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്‍െറ എല്ലാ ഒരുക്കവും പൂര്‍ത്തിയായതായി കലക്ടര്‍ ആര്‍. ഗിരിജ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വോട്ടര്‍മാര്‍ക്ക് സമാധാനപരമായും സ്വതന്ത്രമായും വോട്ടവകാശം വിനിയോഗിക്കാനുള്ള എല്ലാ ക്രമീകരണവും തെരഞ്ഞെടുപ്പ് കമീഷനും ജില്ലാ ഭരണകൂടവും ഉറപ്പാക്കിയിട്ടുണ്ട്. ജില്ലയില്‍ ഒമ്പത് നിയോജക മണ്ഡലങ്ങളിലായി 75 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. 16,93,155 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ഇതില്‍ 8,03,413 പുരുഷന്മാരും 8,89,742 പേര്‍ സ്ത്രീകളുമാണ്. ആകെ 1469 പോളിങ് സ്റ്റേഷനുകള്‍ ജില്ലയിലുണ്ട്. ഇതില്‍ 45 മാതൃകാ പോളിങ് സ്റ്റേഷനുകളും വനിതകള്‍ നിയന്ത്രിക്കുന്ന 20 പോളിങ് സ്റ്റേഷനുകളും ഉള്‍പ്പെടും. ഓരോ നിയോജക മണ്ഡലത്തിലും തെരഞ്ഞെടുക്കപ്പെട്ട അഞ്ചുപോളിങ് സ്റ്റേഷനുകള്‍ വീതം മാതൃകാ പോളിങ് സ്റ്റേഷനുകളാണ്. ഈ പോളിങ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ സ്വാഗതമെഴുതിയ പ്രത്യേക ബോര്‍ഡും ലൊക്കേഷന്‍ മാപ്പുമുണ്ടാകും. സഹായത്തിന് ഹെല്‍പ് ഡെസ്ക്കും ഇരിക്കാനുള്ള പന്തലും സജ്ജമാക്കും. ദാഹമകറ്റാന്‍ കുടിവെള്ള സംവിധാനവും പോളിങ് സ്റ്റേഷനുമുന്നില്‍ സമ്മതിദായകര്‍ക്ക് അഭിപ്രായങ്ങള്‍ രേഖപ്പെടുത്താന്‍ പ്രത്യേക ബോക്സും സ്ഥാപിക്കും. പ്രത്യേക ടോയ്ലറ്റുകളും സ്ഥാപിക്കും. ആലപ്പുഴയില്‍ നാലും മറ്റുമണ്ഡലങ്ങളില്‍ രണ്ടുവീതവും വനിതാ പോളിങ് സ്റ്റേഷനുകളാണുള്ളത്. ഇവിടെ തെരഞ്ഞെടുപ്പുജോലി പൂര്‍ണമായും നിര്‍വഹിക്കുന്നത് വനിതകളാണ്. പ്രിസൈഡിങ് ഓഫിസര്‍ മുതല്‍ ഡ്യൂട്ടിക്കുള്ള പൊലീസുകാര്‍ വരെ വനിതകളായിരിക്കും. വനിതാ പോളിങ് സ്റ്റേഷനാണെങ്കിലും പുരുഷന്മാര്‍ക്കും ഇവിടെ വോട്ടുചെയ്യാം. ഭിന്നശേഷി വിഭാഗക്കാര്‍ക്ക് വിപുലസൗകര്യം ഒരുക്കിയിട്ടുണ്ട്. എല്ലാ ബൂത്തുകളിലും ഭിന്നശേഷി വിഭാഗക്കാരെ സഹായിക്കുന്നതിന് പ്രത്യേക റാംപുകള്‍ ഒരുക്കിയിട്ടുണ്ട്. ഇവരെ പോളിങ് സ്റ്റേഷനില്‍ എത്തിക്കുന്നതിന് ഓരോ നിയോജക മണ്ഡലത്തിലും മൂന്ന് ആംബുലന്‍സുകള്‍ വീതം 27 ആംബുലന്‍സുകള്‍ ക്രമീകരിച്ചു. വീല്‍ചെയറും സജ്ജീകരിച്ചിട്ടുണ്ട്. പോളിങ് ബൂത്തില്‍ എന്‍.എസ്.എസ്, എന്‍.സി.സി കാഡറ്റുകളുടെ സഹായവും ലഭ്യമാക്കും. 1469 പോളിങ് ബൂത്തുകള്‍ക്കായി 2500 ബാലറ്റ് യൂനിറ്റും 1986 കണ്‍ട്രോള്‍ യൂനിറ്റും ഉള്‍പ്പെടുന്ന വോട്ടുയന്ത്രങ്ങളാണ് തയാറാക്കിയിട്ടുള്ളത്. ഓരോ നിയോജക മണ്ഡലത്തിലും 25 ശതമാനം കരുതല്‍ യന്ത്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. വോട്ടര്‍ക്ക് തത്സമയംതന്നെ വോട്ട് ആര്‍ക്കുചെയ്തെന്ന് പരിശോധിക്കാന്‍ സംവിധാനമുള്ള വോട്ടര്‍ വെരിഫൈഡ് പേപ്പര്‍ ഓഡിറ്റ് ട്രയല്‍ (വിവിപാറ്റ്) യന്ത്രങ്ങള്‍ ആലപ്പുഴ നിയോജക മണ്ഡലത്തിലെ 91 ബൂത്തുകളില്‍ ഉപയോഗിക്കുന്നുണ്ട്. ഇതിന് 150 വിവിപാറ്റ് മെഷീനുകളാണ് എത്തിച്ചിട്ടുള്ളത്. ബാലറ്റ് യൂനിറ്റില്‍ വോട്ട് ചെയ്യുമ്പോള്‍തന്നെ തൊട്ടടുത്തെ വിവിപാറ്റ് മെഷീനില്‍ ആര്‍ക്ക് വോട്ടുചെയ്തെന്ന് വ്യക്തമാക്കുന്ന സ്ളിപ് തെളിയും. ഈ സ്ളിപ്പില്‍ വോട്ടുചെയ്ത സ്ഥാനാര്‍ഥിയുടെ സീരിയല്‍ നമ്പര്‍, പേര്, ചിഹ്നം എന്നിവ തെളിഞ്ഞുകാണാം. ആര്‍ക്ക് വോട്ടുചെയ്തെന്ന് വ്യക്തമാക്കുന്ന സ്ളിപ് വോട്ടര്‍ക്ക് കാണാമെങ്കിലും നേരിട്ട് കൈയില്‍ ലഭിക്കില്ല. ജില്ലയില്‍ പോളിങ് ഡ്യൂട്ടിക്ക് 7546 ജീവനക്കാരെയാണ് നിയോഗിച്ചത്. ഇതില്‍ 1742 പ്രിസൈഡിങ് ഓഫിസര്‍മാരും പോളിങ് ഓഫിസര്‍ വണ്‍ 1742 പേരും, പോളിങ് ഓഫിസര്‍ ടു 1742 പേരും, പോളിങ് ഓഫിസര്‍ ത്രീ 2320 പേരുമാണ് ഉള്ളത്. പോളിങ് ശതമാനം വര്‍ധിപ്പിക്കുന്നതിന് വിവിധ വോട്ട് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ സംഘടിപ്പിച്ചതായും കലക്ടര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ഡോ. ഡി. സജിത്ബാബു, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ സി. അജോയ് എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.