കേരള സര്‍വകലാശാല കലോത്സവം 16 മുതല്‍

ചെങ്ങന്നൂര്‍: കേരള സര്‍വകലാശാല യൂനിയന്‍ യുവജനോത്സവത്തിന്‍െറ അനുബന്ധ പരിപാടികളുടെ ഉദ്ഘാടനം ബുധനാഴ്ച വൈകീട്ട് മൂന്നിന് ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിങ് കോളജില്‍ നടക്കും. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും സംഘവും അവതരിപ്പിക്കുന്ന ‘തൃത്തായമ്പക’യോടുകൂടിയായിരിക്കും ഉദ്ഘാടനം നടക്കുക. 10ന് മാവേലിക്കര ബിഷപ് മൂര്‍ കോളജില്‍ യുവകവികള്‍ പങ്കെടുക്കുന്ന കവിയരങ്ങ് നടക്കും. സി.എസ്. രാജേഷ്, കണിമോള്‍ തുടങ്ങിയ കവികള്‍ പങ്കെടുക്കും. 11ന് രാവിലെ ആലപ്പുഴ എസ്.ഡി കോളജില്‍ ‘അസഹിഷ്ണുതയുടെ മതം ഏത്’ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. 12ന് മാന്നാര്‍ നായര്‍ സമാജം സ്കൂളില്‍ സംഗീത സന്ധ്യയും ഒ.എന്‍.വി അനുസ്മരണവും നടക്കും. ജി. സുധാകരന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. 13ന് ചെങ്ങന്നൂര്‍ കരുണ പെയ്ന്‍ ആന്‍ഡ് പാലിയേറ്റിവ് സൊസൈറ്റിയുടെയും കലോത്സവം സ്വാഗതസംഘത്തിന്‍െറയും സംയുക്താഭിമുഖ്യത്തില്‍ സ്വാന്തന സംഗീത സന്ധ്യ സംഘടിപ്പിക്കും. ചെങ്ങന്നൂര്‍ ഗവ. ഗേള്‍സ് വി.എച്ച്.എസ്.സി സ്കൂളില്‍ നടക്കുന്ന പരിപാടിയില്‍ പിന്നണി ഗായകന്‍ ജി. വേണുഗോപാല്‍ തുടങ്ങി പ്രമുഖര്‍ ഗാനങ്ങള്‍ ആലപിക്കും. 14ന് രാവിലെ 10ന് പ്രധാനവേദിയായ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മീഡിയ സെന്‍റര്‍ ഉദ്ഘാടനം നടക്കും. അന്ന് വൈകീട്ട് മൂന്നിന് കലോത്സവ വിളംബര ജാഥ കല്ലിശ്ശേരിയില്‍നിന്ന് ആരംഭിച്ച് ടൗണില്‍ സമാപിക്കും. ജില്ലാ പൊലീസ് ചീഫ് അശോക്കുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. 16ന് ഉച്ചക്ക് മൂന്നിന് പുത്തന്‍വീട്ടില്‍പടിയില്‍നിന്ന് വര്‍ണശബളമായ സാംസ്കാരിക ഘോഷയാത്ര ആരംഭിക്കും. ചെങ്ങന്നൂരിലും പരിസരപ്രദേശങ്ങളിലുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികള്‍ പങ്കെടുക്കും. നിശ്ചലദൃശ്യങ്ങള്‍, വാദ്യമേളങ്ങള്‍ എന്നിവ കൊഴുപ്പേകും. ഘോഷയാത്ര വൈകീട്ട് അഞ്ചിന് പ്രധാനവേദിയായ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സമാപിക്കും. തുടര്‍ന്ന് അഞ്ച് ദിവസം നീളുന്ന യുവജനോത്സവത്തിന്‍െറ ഉദ്ഘാടനം നടക്കും. ഈ മാസം 16 മുതല്‍ 20 വരെയാണ് യുവജനോത്സവം നടക്കുക. 22 വര്‍ഷത്തിനുശേഷം വീണ്ടും ചെങ്ങന്നൂരില്‍ നടക്കുന്ന കലാമാമാങ്കത്തില്‍ കേരള സര്‍വകലാശാലയുടെ കീഴിലുള്ള എന്‍ജിനീയറിങ് മെഡിക്കല്‍ പ്രഫഷനല്‍ റെഗുലര്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള 236 സ്ഥാപനങ്ങളില്‍നിന്നായി അയ്യായിരത്തിലധികം മത്സരാര്‍ഥികള്‍ 94 ഇനങ്ങളിലായി മാറ്റുരക്കും. പ്രധാനവേദിയായ മുനിസിപ്പല്‍ സ്റ്റേഡിയത്തിനു പുറമെ ഐ.എച്ച്.ആര്‍.ഡി എന്‍ജിനീയറിങ് കോളജ്, ക്രിസ്ത്യന്‍ കോളജ്, വൈ.എം.സി.എ, സിറ്റിസണ്‍ ക്ളബ് എന്നിവിടങ്ങളിലായി ക്രമീകരിച്ച ഒമ്പതു വേദികളിലായി അഞ്ച് രാത്രികളും പകലുകളും മത്സരങ്ങള്‍ നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.