പഞ്ചായത്ത് സെക്രട്ടറിയെ സ്ഥലംമാറ്റിയത് വിവാദമാകുന്നു

ചെങ്ങന്നൂര്‍: പദ്ധതി രൂപവത്കരണഘട്ടത്തിനിടെ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സ്ഥലംമാറ്റിയത് വിവാദമാകുന്നു. യു.ഡി.എഫ് ഭരണസമിതി നിലവിലുള്ള വെണ്‍മണി പഞ്ചായത്ത് സെക്രട്ടറി ജി. സുനില്‍കുമാറിനാണ് ബുധനൂരിലേക്ക് സ്ഥലംമാറ്റം നല്‍കിയത്. ഇതേതുടര്‍ന്ന് പഞ്ചായത്തില്‍ ചേര്‍ന്ന അടിയന്തര കമ്മിറ്റി സെക്രട്ടറിയുടെ സ്ഥലം മാറ്റം റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ടു. പുതിയ സെക്രട്ടറിയെ നിയമിച്ച ശേഷം മാത്രമെ നിലവിലെ സെക്രട്ടറിയെ പിന്‍വലിക്കാന്‍ പാടുള്ളൂവെന്നും പ്രമേയം പാസാക്കി. ഈ ആവശ്യം ഉന്നയിച്ച് പഞ്ചായത്ത് പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ്, സര്‍വകക്ഷി പ്രതിനിധികള്‍ എന്നിവര്‍ വകുപ്പുമന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും വ്യാഴാഴ്ച പരാതി നല്‍കും. പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് സാധാരണഗതിയില്‍ സ്ഥലം മാറ്റം ലഭിക്കുന്നത് മൂന്നുവര്‍ഷം കൂടുമ്പോഴാണ്. ഇതിന് ആറു മാസംകൂടി ബാക്കിയുള്ളപ്പോഴാണ് തിരക്കിട്ട് സ്ഥലംമാറ്റ ഉത്തരവ് എത്തിയത്. മുമ്പ് മൂന്നുവര്‍ഷം സുനില്‍കുമാര്‍ ബുധനൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായി സേവനം അനുഷ്ഠിച്ചിരുന്നു. ഭരണകക്ഷിയിലെ ഉന്നതനേതാവിന്‍െറ സമ്മര്‍ദം മൂലമാണ് സ്ഥലംമാറ്റമെന്ന് പറയപ്പെടുന്നു. ഗ്രാമപഞ്ചായത്തിലെ അടുത്ത വര്‍ഷത്തേക്ക് പദ്ധതി രൂപവത്കരണ കാലയളവാണ് ഇപ്പോള്‍. ഈ സമയത്ത് സെക്രട്ടറിയെ മാറ്റുന്നത് പഞ്ചായത്തിന്‍െറ വികസനപദ്ധതികള്‍ താളം തെറ്റുന്നതിന് കാരണമാകും. കഴിഞ്ഞ ഭരണസമിതിയുടെ കാലയളവില്‍ അഞ്ചുവര്‍ഷത്തിനിടെ ആറു സെക്രട്ടറിമാരാണ് ചുമതലയിലത്തെിയത്. പഞ്ചായത്തില്‍ സെക്രട്ടറിമാര്‍ക്ക് ഇടക്കിടെ ഉണ്ടാകുന്ന സ്ഥലമാറ്റം വികസനപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. ഇതേതുടര്‍ന്നാണ് കഴിഞ്ഞ രണ്ടര വര്‍ഷം മുമ്പ് സുനില്‍കുമാര്‍ സെക്രട്ടറിയായി എത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.