നൂറനാട്ടെ സര്‍ക്കാര്‍ ഓഫിസ് പരിസരങ്ങള്‍ കാട് കയറുന്നു

ചാരുംമൂട്: പാലമേല്‍ പഞ്ചായത്ത് ഓഫിസ് ഉള്‍പ്പെടെ നൂറനാട്ടെ സര്‍ക്കാര്‍ ഓഫിസ് പരിസരങ്ങള്‍ കാട് കയറി മാലിന്യം നിറഞ്ഞ നിലയില്‍. ശുചീകരണ കാമ്പയിന്‍ പാതിവഴിയില്‍. പാലമേല്‍ പഞ്ചായത്തിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ ക്രമീകരിക്കേണ്ട പഞ്ചായത്ത് ഓഫിസ് പരിസരം മാലിന്യം കുന്നുകൂടിയ നിലയിലാണ്. സമീപത്തെ വൈദ്യുതി ഓഫിസിലെ സാധനസാമഗ്രികള്‍ ഓഫിസ് വളപ്പിലാണ് ഇട്ടിരിക്കുന്നത്. ഇവിടെയും കാട് പിടിച്ചുകിടക്കുകയാണ്. ഓഫിസ് വളപ്പില്‍ ചിരട്ടകളിലും പ്ളാസ്റ്റിക്കുകളിലും ഐസ്ക്രീം കപ്പുകളിലുമടക്കം മഴവെള്ളം കെട്ടിക്കിടക്കുന്നു. ഇതുമൂലം കൊതുകുകള്‍ പെറ്റുപെരുകുന്നത് രോഗഭീഷണി ഉയര്‍ത്തുന്നു. തൊട്ടടുത്ത പൊലീസ് സ്റ്റേഷന്‍ പരിസരവും വ്യത്യസ്തമല്ല. തൊണ്ടിമുതലായ നൂറുകണക്കിന് വാഹനങ്ങള്‍ വര്‍ഷങ്ങളായി കിടന്ന് തുരുമ്പെടുക്കുന്നു. വാഹനങ്ങളെ മൂടി കാട് വളര്‍ന്ന് ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ് പൊലീസ് സ്റ്റേഷന്‍ പരിസരം. തൊട്ടടുത്തെ സബ് രജിസ്ട്രാര്‍ ഓഫിസ്, പഴയ സബ് രജിസ്ട്രാര്‍ ഓഫിസ്, മൃഗാശുപത്രി, വില്ളേജ് ഓഫിസ് എന്നിവയുടെ പരിസരവും കാട് കയറി. മൃഗാശുപത്രിയുടെ പിറകുവശത്തേക്ക് ആളുകള്‍ക്ക് പോകാന്‍ കഴിയില്ല. കന്നുകാലികളെയും കൊണ്ടുവരുന്നത് ഭീതരായാണ്. കാട് കയറി അത്രമാത്രം ഭീതിജനകമാണിവിടം. പകര്‍ച്ചവ്യാധിയും ഇഴജന്തുക്കളെയും ഭയന്ന് മൃഗാശുപത്രിയിലടക്കം വരാന്‍ പറ്റാത്ത സ്ഥിതിയാണുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. പഞ്ചായത്തിന്‍െറ മഴക്കാലപൂര്‍വ ശുചീകരണ പദ്ധതികള്‍ പാതിവഴിയിലാണ്. നൂറനാട് ജങ്ഷനിലെ ഓട വൃത്തിയാക്കല്‍ ജോലിയും പൂര്‍ത്തിയായിട്ടില്ല. വിവിധ ആവശ്യങ്ങള്‍ക്ക് നൂറുകണക്കിന് ആളുകള്‍ വരുന്ന ഈ സ്ഥാപനങ്ങളുടെ പരിസരം എത്രയുംവേഗം വൃത്തിയാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.