ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിയില്‍: ഡോക്ടറില്ല; പോസ്റ്റുമോര്‍ട്ടം അവതാളത്തില്‍

ചെങ്ങന്നൂര്‍: ജില്ലാ ആശുപത്രിയായി ഉയര്‍ത്തിയ ചെങ്ങന്നൂര്‍ താലൂക്ക് ആശുപത്രിക്ക് ബാലാരിഷ്ടതകള്‍ ഒഴിയുന്നില്ല. കഴിഞ്ഞ സര്‍ക്കാറിന്‍െറ അവസാനകാലത്തായിരുന്നു ആശുപത്രിയുടെ പദവി ഉയര്‍ത്തിയത്. പേര് ജില്ലാ ആശുപത്രി എന്നാണെങ്കിലും ആവശ്യത്തിന് ഡോക്ടര്‍മാരോ നഴ്സോ മരുന്നുകളോ ലഭ്യമല്ല. രോഗികളായവര്‍ മാത്രമല്ല പോസ്റ്റുമോര്‍ട്ടത്തിന് മൃതദേഹവുമായി എത്തുന്നവര്‍ പോലും വലഞ്ഞുപോകും. കഴിഞ്ഞദിവസം രാത്രി എട്ടിന് വേണാട് എക്സ്പ്രസ് തട്ടി മരിച്ച ചെറിയനാട് കുറ്റിയില്‍ ലക്ഷ്മി ഭവനില്‍ സോമനാഥന്‍െറ (55) മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഞായറാഴ്ച രാവിലെ 10.30ഓടെ ആശുപത്രിയില്‍ എത്തിച്ചു. ബന്ധുക്കള്‍ മണിക്കൂറുകള്‍ കാത്തിരുന്നിട്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ ഡോക്ടര്‍ എത്തിയില്ല. ഒരു ഡോക്ടര്‍ മാത്രമാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. ആശുപത്രിയില്‍ രാവിലെ മുതല്‍ ചികിത്സതേടി എത്തിയവരുടെ നീണ്ടനിരയും കാണാമായിരുന്നു. ബന്ധുക്കളില്‍ ചിലര്‍ സൂപ്രണ്ടുമായി ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ഡോക്ടര്‍മാരുടെ കുറവുമൂലം വൈകും എന്നായിരുന്നു മറുപടി. ഏറെ സമയം കഴിഞ്ഞിട്ടും ഡോക്ടര്‍ എത്താത്തതിനാല്‍ 12.15ന് വീട്ടുകാര്‍ മൃതദേഹം മാവേലിക്കര ഗവ. ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയി. മൃതദേഹവുമായി കൊല്ലക്കടവില്‍ എത്തിയപ്പോഴേക്കും ചെങ്ങന്നൂരില്‍ ഡോക്ടര്‍ എത്തിയതായും പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം തിരികെ എത്തിക്കാനും ആവശ്യപ്പെട്ട് ഫോണ്‍സന്ദേശം എത്തി. തുടര്‍ത്ത് മൃതദേഹം ചെങ്ങന്നൂരിലത്തെിച്ച് പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു. ഡോക്ടര്‍മാരുടെ കുറവാണ് ഇതിന് കാരണമെന്നും അധികം വൈകാതെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറെ വിളിച്ചുവരുത്തി പോസ്റ്റുമോര്‍ട്ടത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്തതായും സൂപ്രണ്ട് പറഞ്ഞു. എന്നാല്‍, പോസ്റ്റുമോര്‍ട്ടത്തിനായി ഡോക്ടര്‍ പോയപ്പോഴേക്കും ആശുപത്രി ഒ.പിയില്‍ രോഗികളുടെ നീണ്ടനിര പിന്നെയും പ്രത്യക്ഷപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.