ബൈക്കുകളുടെ മരണപ്പാച്ചില്‍; പേടിയോടെ യാത്രക്കാര്‍

വടുതല: കാതടപ്പിക്കുന്ന ശബ്ദത്തില്‍ ന്യൂജനറേഷന്‍ ബൈക്കുകളുടെ മരണപ്പാച്ചില്‍മൂലം വടുതല ജങ്ഷനില്‍ നാട്ടുകാര്‍ക്ക് നടക്കാന്‍ പറ്റാത്ത അവസ്ഥയെന്ന് പരാതി. ബൈക്കുകള്‍ക്ക് ഇടയിലൂടെ ജീവന്‍ പണയംവെച്ചാണ് നാട്ടുകാരുടെ യാത്ര. സ്കൂള്‍ ആരംഭിക്കുന്ന സമയത്തും വിടുന്ന സമയത്തുമാണ് റോഡിലെ ഗട്ടറുകളിലെ ചെളിവെള്ളം തെറിപ്പിച്ചും കുട്ടികള്‍ക്ക് മുന്നിലൂടെ ശബ്ദമുയര്‍ത്തി അമിതവേഗത്തില്‍ ഹെല്‍മറ്റ് ഇല്ലാതെ പായുന്നതുമാണ് ഇവരുടെ ഹോബി. ഇത് വിദ്യാര്‍ഥികള്‍ക്കും വലിയ ഭീഷണിയായിരിക്കുകയാണ്. മൂന്നുപേര്‍ വരെ ബൈക്കിലുണ്ടാകും. 18വയസ്സില്‍ താഴെയുള്ളവരാണ് കൂടുതലും. അപകടം ഉണ്ടാക്കുന്ന വിധത്തില്‍ ബൈക്ക് ഓടിക്കരുതെന്ന് പറയുന്നവരോട് അസഭ്യം പറയലും ഭീഷണിപ്പെടുത്തലും പതിവാണ്. ഇതുമൂലം പരാതിപ്പെടാന്‍ ആരും തയാറാകുന്നില്ല. സ്കൂളുകള്‍ക്ക് സമീപത്തെ റോഡില്‍ സൂചനാബോര്‍ഡുകള്‍ സ്ഥാപിക്കണമെന്ന് നാട്ടുകാര്‍ പലതവണ ആവശ്യം ഉന്നയിച്ചെങ്കിലും നടപ്പാക്കിയിട്ടില്ല. ന്യൂജന്‍ ബൈക്കുകളില്‍ പറക്കുന്നവര്‍ക്കെതിരെ പൊലീസ് നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.