ആലപ്പുഴ: ശ്രീ നാരായണ ഗുരു മെമ്മോറിയല്‍ എജുക്കേഷനല്‍ ആന്‍ഡ് കള്‍ചറല്‍ (എസ്.എന്‍.ജി.എം) ട്രസ്റ്റിന് കീഴിലുള്ള കെ.ആര്‍. ഗൗരിയമ്മ എന്‍ജിനീയറിങ് കോളജിലെ ഉള്‍പ്പെടെ 140ഓളം അധ്യാപകരെയും ജീവനക്കാരെയും മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ട സംഭവത്തില്‍ സമരം 17ാം ദിവസത്തിലേക്ക് കടന്നിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ളെന്ന് ആക്ഷേപം. ലേബര്‍ ഓഫിസിലടക്കം നിരവധി തവണ ചര്‍ച്ച നടന്നെങ്കിലും കോളജ് അധികൃതരുടെ നിഷേധാത്മക നിലപാട് കാരണം പരാജയപ്പെടുകയായിരുന്നു. പിരിച്ചുവിട്ട ജീവനക്കാരും അധ്യാപകരും വിഷയം കലക്ടറുടെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് 21ന് കലക്ടറേറ്റില്‍ ചര്‍ച്ച വെച്ചിട്ടുണ്ട്. ചര്‍ച്ചയില്‍ തീരുമാനമായില്ളെങ്കില്‍ കടുത്ത സമരമുറകളിലേക്ക് പോകുമെന്ന് സെല്‍ഫ് ഫിനാന്‍സിങ് കോളജ് ടീച്ചേഴ്സ് ആന്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ (എസ്.എഫ്.സി.ടി.എസ്.എ), ബി.എം.എസ് ഭാരവാഹികള്‍ പറഞ്ഞു. സ്ഥാപനം മറ്റൊരു സ്വകാര്യ വ്യക്തിക്ക് കൈമാറ്റം ചെയ്യുന്നതിന്‍െറ പേരിലാണ് കൂട്ട പിരിച്ചുവിടല്‍ നടത്തിയത്. ജീവനക്കാരില്‍നിന്നും മൂന്ന് മുതല്‍ എട്ട് ലക്ഷം വരെ കോഴവാങ്ങിയാണ് ജോലിക്കെടുത്തിട്ടുള്ളത്. ഒരു വര്‍ഷത്തിനുശേഷം തിരികെ നല്‍കാമെന്ന ഉറപ്പിലായിരുന്നു ജീവനക്കാര്‍ വന്‍ തുക ഡെപ്പോസിറ്റ് നല്‍കിയത്. ഇത്തരത്തില്‍ 20 കോടിയോളം രൂപയാണ് കോളജ് മാനേജ്മെന്‍റ് കോഴ വാങ്ങിയത്. കോളജ് എയ്ഡഡ് ആക്കുമെന്ന വാഗ്ദാനം മാനേജ്മെന്‍റ് തന്നിരുന്നെന്നും ജീവനക്കാര്‍ പറയുന്നു. കോളജ് വില്‍ക്കുന്ന വിവരം അറിഞ്ഞ ജീവനക്കാര്‍ ഡെപ്പോസിറ്റ് തുക, ശമ്പളത്തില്‍നിന്ന് പിരിച്ചെടുക്കുകയും യഥാസമയം അടക്കാതിരിക്കുകയും ചെയ്ത പി.എഫ്, ഇ.എസ്.ഐ തൊഴില്‍കരം എന്നിവയുടെ കുടിശ്ശിക തീര്‍ത്ത് അടച്ചതിന്‍െറ രസീത് എന്നിവ ചോദിച്ചെങ്കിലും കോളജ് മാനേജ്മെന്‍റ് പണം കൊടുത്തില്ല. ഇതിന്‍െറ പ്രതികാര നടപടിയെന്നോണം ജീവനക്കാരെ ടെര്‍മിനേഷന്‍ കത്ത് പോലും നല്‍കാതെ പിരിച്ചുവിടുകയായിരുന്നു. പിരിച്ചുവിട്ട വിവരം പലരും അറിയുന്നത് യൂനിയന്‍ ഓഫിസുകളില്‍നിന്നും മറ്റുമാണ്. പിരിച്ചുവിടലില്‍ പ്രതിഷേധിച്ച് ഈ മാസം ഒന്നിനാണ് ജീവനക്കാര്‍ കോളജ് ഓഫിസിന് മുന്നില്‍ സമരം തുടങ്ങിയത്. ഹയര്‍ എജുക്കേഷന്‍ ഡിപ്പാര്‍ട്മെന്‍റ് നിര്‍ദേശ പ്രകാരമുള്ള ശമ്പളമോ ആനുകൂല്യങ്ങളോ ജീവനക്കാര്‍ക്ക് ഇതുവരെയും നല്‍കിയിട്ടില്ല. എന്നാല്‍, അധ്യാപകര്‍ക്ക് കൊടുക്കുന്ന ശമ്പളം പെരുപ്പിച്ച് കാണിച്ച് ഓരോ വര്‍ഷവും ഫീസിനത്തില്‍ ഇരട്ടിയാണ് വര്‍ധിപ്പിക്കുന്നത്. മാത്രമല്ല, വിദ്യാര്‍ഥികളില്‍നിന്ന് പിരിച്ചെടുക്കുന്ന ഇന്‍ഷുറന്‍സ് പ്രീമിയം യഥാസമയം അടക്കാതെ വകമാറ്റി ചെലവഴിക്കുകയാണെന്നും ആക്ഷേപമുണ്ട്. ജോലിയില്‍ തിരിച്ചെടുക്കുന്നതുവരെ സമരം ചെയ്യുമെന്നും ഡെപ്പോസിറ്റായി വാങ്ങിയ തുക തിരികെ നല്‍കണമെന്നും ജീവനക്കാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.