സ്ത്രീ സൗഹൃദകേന്ദ്രം: ഉദ്ഘാടനം കഴിഞ്ഞിട്ടും തുറന്നില്ല

ആലപ്പുഴ: ജില്ലാപഞ്ചായത്തിന്‍െറ സ്ത്രീ സൗഹൃദകേന്ദ്രം ഉദ്ഘാടനം കഴിഞ്ഞിട്ടും തുറക്കാത്തതുമൂലം പദ്ധതിയുടെ ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുന്നില്ളെന്ന് ആക്ഷേപം. അഴിമതി ആരോപണത്തിന്‍െറ പേരില്‍ ഏറെക്കാലം വിവാദത്തിലായ കേന്ദ്രം കഴിഞ്ഞ ഭരണസമിതിയുടെ നേട്ടങ്ങളില്‍ ഒന്നായാണ് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. പട്ടികജാതി വിഭാഗത്തിന്‍െറയും പൊതുവിഭാഗത്തിന്‍െറയും മൂന്ന് കോടിവീതം വകയിരുത്തി പഴയ കെട്ടിടവും സ്ഥലവും ഏറ്റെടുത്തത്. സര്‍ക്കാര്‍ നിശ്ചയിച്ച വിലയെക്കാള്‍ കൂട്ടി സ്ഥലവും കെട്ടിടവും ഏറ്റെടുത്തെന്ന് ആരോപിച്ച് ഇടത് ഭരണസമിതിയിലെ സി.പി.ഐ അംഗങ്ങള്‍ പ്രസിഡന്‍റിനെതിരെ രംഗത്തുവന്നത് ഇടതുമുന്നണിക്ക് അകത്തും പുറത്തും വിവാദങ്ങള്‍ക്ക് കളമൊരുക്കിയിരുന്നു. പ്രസിഡന്‍റായിരുന്ന പ്രതിഭാഹരി ഏകപക്ഷീയമായി തീരുമാനങ്ങളെടുത്ത് മുന്നണിയിലെ പ്രധാനപ്പെട്ട മറ്റൊരു കക്ഷിയായ സി.പി.ഐയെ നോക്കുകുത്തിയാക്കി മാറ്റിയെന്ന് കുറ്റപ്പെടുത്തി അന്നത്തെ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റായ തമ്പി മേട്ടുതറയാണ് പ്രതിഷേധം ഉയര്‍ത്തിയത്. അന്വേഷണങ്ങളും മറ്റും പിന്നീട് നടന്നു. വിഷയം വിജിലന്‍സില്‍ വരെ എത്തി. എങ്കിലും നഗരത്തില്‍ ഒരു സ്ത്രീ സൗഹൃദകേന്ദ്രം ഉണ്ടാകുന്നതിനെ പൊതുവെ സ്വാഗതംചെയ്യപ്പെട്ടു. വനിതകള്‍ക്ക് സൗജന്യ നിയമസഹായം നല്‍കല്‍, പുനരധിവാസം, കൗണ്‍സലിങ് സെന്‍റര്‍, ഹെല്‍ത്ത് ക്ളബുകള്‍, വനിതാ നാടന്‍ ഭക്ഷണശാല, ഗ്രാമീണ ഉല്‍പന്നങ്ങളുടെ വിപണനം, ഡോര്‍മിറ്ററി സംവിധാനം, വിദേശ വനിതകള്‍ക്കുള്ള ടൂറിസം പാക്കേജ്, പ്രത്യേക പഠന പാക്കേജ്, ലൈബ്രറി തുടങ്ങി 15ഓളം വനിതാ ക്ഷേമ പദ്ധതികളാണ് ഇതിലൂടെ വിഭാവനം ചെയ്തിരുന്നത്. വിവാദങ്ങള്‍ മൂലം രണ്ടുവര്‍ഷത്തോളം നടപടി മുന്നോട്ടുനീങ്ങിയില്ല. 2015 സെപ്റ്റംബര്‍ 15നാണ് ജി. സുധാകരന്‍ എം.എല്‍.എ കെട്ടിടം ഉദ്ഘാടനം ചെയ്തത്. പിന്നീട് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നതിനാല്‍ തുടര്‍പ്രവര്‍ത്തനം ഉണ്ടായില്ല. എന്നാല്‍, ഇടതുമുന്നണിക്ക് വീണ്ടും ജില്ലാപഞ്ചായത്തില്‍ ഭരണം ലഭിച്ചിട്ടും പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര വേഗത്തിലാക്കാന്‍ ആരും ഉത്സാഹം കാണിക്കുന്നില്ളെന്നാണ് ആക്ഷേപം. സംസ്ഥാനത്ത് ഇത്തരത്തിലൊരു പദ്ധതി ജില്ലാപഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ തുടങ്ങുന്നത് ആദ്യമാണെന്നും അതിനാല്‍ കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും അനാഥമായി കിടക്കുന്നത് കൂടുതല്‍ നഷ്ടത്തിന് ഇടയാക്കുമെന്നുമാണ് പറയപ്പെടുന്നത്. പ്രവര്‍ത്തനങ്ങള്‍ക്ക് ബൈലോ തയാറാക്കേണ്ടതുണ്ടെന്നും ഇതിന് നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും താമസിയാതെ പദ്ധതി പ്രാവര്‍ത്തികമാക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍ പറഞ്ഞു. അതേസമയം, താന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന കാലത്തെ സ്വപ്നപദ്ധതിയായിരുന്ന ജെന്‍ഡര്‍ പാര്‍ക്ക് വിഷയം നിയമസഭയില്‍ ഉന്നയിക്കുമെന്നും ആവശ്യമായ സഹായങ്ങള്‍ ചെയ്യുമെന്നും പ്രതിഭാഹരി എം.എല്‍.എ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.