അങ്കമാലി: കള്ള് കയറ്റിയ വന്ന പിക്-അപ് വാന്‍ നിയന്ത്രണം വിട്ട് അപകട പരമ്പരയൊരുക്കി. മൂന്ന് വയസ്സുകാരനടക്കം അഞ്ചുപേര്‍ക്ക് പരിക്കേറ്റു. അങ്കമാലി എം.സി റോഡില്‍ വേങ്ങൂര്‍ സാന്‍ജോ സ്കൂളിന് സമീപം ബുധനാഴ്ച ഉച്ചക്ക് 12.30നായിരുന്നു അപകടം. ട്രാഫിക് നിയമം ലംഘിച്ച് ഇടതുവശം കൂടി പാഞ്ഞുവരുകയായിരുന്ന പിക്-അപ് വാന്‍ ബൈക്ക് യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ദൂരെ തെറിച്ച് മീഡിയനില്‍ തലതല്ലി വീണ കിടങ്ങൂര്‍ ചിറക്കല്‍ ദേവസിയെ (65) അത്യാസന്ന നിലയില്‍ അങ്കമാലി എല്‍.എഫ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബൈക്കില്‍ ഇടിച്ചതിനുശേഷം അതുവഴി വന്ന കുടുംബം സഞ്ചരിച്ചിരുന്ന ഒമ്നി വാനില്‍ ഇടിച്ചുകയറിയാണ് പിക്-അപ് വാന്‍ നിന്നത്. ഒമ്നി വാനിലുണ്ടായിരുന്ന കാലടി മരോട്ടിച്ചോട് വട്ടപ്പറമ്പത്ത് വീട്ടില്‍ ബിനു (36) ഭാര്യ ശ്രീജ (26), മകന്‍ കാര്‍ത്തിക് (മൂന്ന്) എന്നിവര്‍ക്കും പരിക്കേറ്റു. ഇവരെയും അങ്കമാലി എല്‍.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടം കണ്ട് തടിച്ചുകൂടിയ ക്ഷുഭിതരായ നാട്ടുകാരും യാത്രക്കാരും കള്ള് വാഹനമോടിച്ചിരുന്ന ചങ്ങനാശേരി സര്‍പ്പത്തില്‍ മുറിയില്‍ ഓമനക്കുട്ടനെ (42) മര്‍ദിച്ചു. കള്ള് നശിപ്പിക്കുകയും ചെയ്തു. മണിക്കൂറോളം ഗതാഗതക്കുരുക്കിന് വഴിയൊരുക്കുകയും ചെയ്തു. കള്ള് കയറ്റിപോകുന്ന വാഹനങ്ങളുടെ മരണപ്പാച്ചിലിനെതിരെ വ്യാപക പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് വേങ്ങൂരിലെ അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.