ഹരിപ്പാട്: സ്കൂള്‍ കുട്ടികളെ വാഹനത്തില്‍ കുത്തിനിറച്ച് കൊണ്ടുപോകുന്നതിനെതിരെ ശക്തമായ നടപടിയെടുക്കുന്നതിന് പൊലീസിനെ ചുമതലപ്പെടുത്തിയത് ഉള്‍പ്പെടെ ഹരിപ്പാട് താലൂക്ക് ഓഫിസില്‍ ചേര്‍ന്ന വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊണ്ടു. മഴക്കാല മുന്നൊരുക്കവുമായി ബന്ധപ്പെട്ടാണ് യോഗം ചേര്‍ന്നത്. പമ്പ്ഹൗസുകളില്‍ ക്ളോറിനേഷന്‍െറ ചെറിയ യൂനിറ്റുകള്‍ പിള്ളക്കടവിലും ആറാട്ടുപുഴ രണ്ടാം വാര്‍ഡിലും കാര്‍ത്തികപ്പള്ളി മഹാദേവികാട് ചേര്‍ന്നുള്ള സ്ഥലങ്ങളിലും സ്ഥാപിക്കുന്നതിന് വാട്ടര്‍ അതോറിറ്റി അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി. നങ്ങ്യാര്‍കുളങ്ങര കവലയില്‍ ഉണ്ടാകുന്ന ട്രാഫിക് ബ്ളോക് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കും. വഴിയോരക്കച്ചവടക്കാരെ ഒഴിവാക്കുന്നതിന് നഗരസഭ ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ചേപ്പാട് മുതല്‍ ഹരിപ്പാട് വരെ ദേശീയപാതയിലെ കുഴികള്‍ നികത്തുന്നതിന് നടപടി സ്വീകരിക്കാന്‍ പി.ഡബ്ള്യു.ഡി റോഡ്സ് വിഭാഗത്തെ ചുമതലപ്പെടുത്തി. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതിന് എല്ലാ വകുപ്പുകളുടെയും സഹകരണം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ സ്കൂളുകളില്‍ അപകടകരമായി നില്‍ക്കുന്ന പില്ലറുകള്‍ അടിയന്തരമായി മാറ്റണമെന്ന് നിര്‍ദേശം നല്‍കി. തൃക്കുന്നപ്പുഴയില്‍ ഹെല്‍ത്ത് സെന്‍ററുകളില്‍ രാത്രികാല ഡ്യൂട്ടിക്കായി മൂന്നു ഡോക്ടര്‍മാരെ നിയോഗിക്കുന്നതിന് ഡി.എം.ഒയോട് ആവശ്യപ്പെടും. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട് താലൂക്ക് ഓഫിസുകളില്‍ ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍ (0479-2412797, 9744850339, 9447495007) പ്രസിദ്ധപ്പെടുത്തി. മഴ ശക്തിപ്രാപിക്കുന്നതിനുമുമ്പ് എടുത്ത അടിയന്തര നടപടികളെക്കുറിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ യോഗത്തില്‍ വിശദീകരണം നല്‍കി. മഴക്കാലമുന്നൊരുക്കവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പ്രതിവിധിയും ചര്‍ച്ചചെയ്യുന്നതിന് ബ്ളോക്തല യോഗം ചേര്‍ന്നിരുന്നതായും രാത്രികാലസേവനത്തിന് ഡോക്ടര്‍മാരെ ലഭ്യമാക്കണമെന്നും തൃക്കുന്നപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം അധികൃതര്‍ ആവശ്യപ്പെട്ടു. പാനൂര്‍ ഗവ. എല്‍.പി.എസിന്‍െറ പരിസരത്ത് അപകടാവസ്ഥയില്‍ നില്‍ക്കുന്ന ഇലഞ്ഞിയും മാവും വെട്ടിമാറ്റുന്നതിന് നടപടി സ്വീകരിക്കണമെന്നും ചിരംച്ചേരി പാലത്തിന്‍െറ പിച്ചിങ് ഇടിഞ്ഞ് ഗതാഗതതടസ്സമുണ്ടാകുന്നത് ഒഴിവാക്കാന്‍ പിച്ചിങ് നവീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്നും തൃക്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് ആവശ്യപ്പെട്ടു. യോഗത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം ജോണ്‍ തോമസ് അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ ബഷീര്‍കുഞ്ഞ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.