മധുരാക്ഷരങ്ങള്‍ നുണഞ്ഞ് അധ്യയനവര്‍ഷാരംഭം

ആലപ്പുഴ: സ്കൂള്‍മുറ്റം നിറയെ മുത്തുക്കുടകളും കുരുത്തോലപ്പന്തലും. എങ്ങും കൊടിതോരണങ്ങള്‍, വര്‍ണബലൂണുകള്‍. മിഠായിയുടെ മധുരം നുണഞ്ഞിരുന്ന നവാഗതര്‍ കരയാന്‍ മറന്നപോലെ. ആദ്യമായി സ്കൂളിലത്തെുന്ന കുരുന്നുകള്‍ക്ക് വിദ്യാഭ്യാസ വകുപ്പും സര്‍വശിക്ഷാ അഭിയാനും ചേര്‍ന്ന് ജില്ലയില്‍ സംഘടിപ്പിച്ച പ്രവേശനോത്സവം ഏറെ മികവാര്‍ന്നതായിരുന്നു. ജില്ലയിലെ 840 സ്കൂളുകളിലാണ് നവാഗതരെ വരവേല്‍ക്കാന്‍ പ്രവേശനോത്സവം സംഘടിപ്പിച്ചത്. ഗവ. സ്കൂളുകളില്‍ 6052 കുട്ടികളും എയ്ഡഡ് സ്കൂളുകളില്‍ 6313 കുട്ടികളും അടക്കം ആകെ 12,365 കുട്ടികള്‍ ഇതുവരെ ഒന്നാം ക്ളാസില്‍ ചേര്‍ന്നു. പല സ്കൂളിലും പ്രവേശം തുടരുകയാണ്. ജില്ല, ഉപജില്ല, പഞ്ചായത്ത്, സ്കൂള്‍ തലങ്ങളില്‍ പ്രവേശനോത്സവം സംഘടിപ്പിച്ചിരുന്നു. ജില്ലാതല പ്രവേശനോത്സവം കഞ്ഞിക്കുഴി എസ്.എല്‍ പുരം ജി. ശ്രീനിവാസമല്ലന്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഘടിപ്പിച്ചത്. പ്രവേശനോത്സവ പരിപാടികള്‍ക്ക് മുന്നോടിയായി ഘോഷയാത്ര നടന്നു. എസ്.പി.സി, സ്കൗട്ട്, ജൂനിയര്‍ റെഡ്ക്രോസ്, പ്ളക്കാര്‍ഡ് ഏന്തിയ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ഘോഷയാത്രയില്‍ അണിനിരന്നു. നൂറുകണക്കിന് വിദ്യാര്‍ഥികളും രക്ഷിതാക്കളും സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്തു. തുടര്‍ന്ന് ‘അക്ഷരസൂര്യനുദിച്ചൂ നമുക്കിന്നറിവിന്‍ ഉത്സവഘോഷം’ എന്നുതുടങ്ങുന്ന പ്രവേശനോത്സവ ഗാനാലാപനം നടന്നു. ഗാനത്തിന്‍െറ നാടകാവിഷ്കാരവുമു ണ്ടായിരുന്നു. എസ്.എല്‍ പുരം സ്കൂളില്‍ പുതുതായി പ്രവേശം നേടിയ 28 കുരുന്നുകള്‍ക്കായി പ്രത്യേകം ഇരിപ്പിടം ഒരുക്കിയിരുന്നു. പ്രവേശനോത്സവത്തോടനുബന്ധിച്ച സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കെ.ടി. മാത്യു അധ്യക്ഷത വഹിച്ചു. പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ളസ് നേടിയ വിദ്യാര്‍ഥികളെ കഞ്ഞിക്കുഴി ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സിനിമോള്‍ സോമന്‍ ആദരിച്ചു. പുതിയ കുട്ടികള്‍ക്ക് സമ്മാനവിതരണം മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഡി. പ്രിയേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. അശോകന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സിന്ധു വിനു, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. സുമ, ജില്ലാ പഞ്ചായത്തംഗം ജമീല പുരുഷോത്തമന്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി. അശോകന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എ. നൗഷാദ്, ബ്ളോക് പഞ്ചായത്ത് അംഗങ്ങളായ പ്രഭാ മധു, പി. പ്രകാശന്‍, വാര്‍ഡ് മെംബര്‍മാരായ ബിന്ദു ഉദയകുമാര്‍, പൊന്നമ്മ പൊന്നപ്പന്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ സുലതാദേവി, പ്രധാനാധ്യാപിക റാണി തോമസ്, പി.ടി.എ പ്രസിഡന്‍റ് ഡി. ശ്രീകുമാര്‍, എസ്.എം.സി ചെയര്‍മാന്‍ ആര്‍. അര്‍ജുനന്‍, പി.എ. ജോണ്‍ ബോസ്കോ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.