നെഹ്റു ട്രോഫി: ചുണ്ടന്‍വള്ളങ്ങള്‍ പരിശീലനത്തിന്‍െറ ആവേശത്തിമിര്‍പ്പില്‍

ആലപ്പുഴ: പുന്നമടക്കായലില്‍ നെഹ്റു ട്രോഫി എത്താന്‍ ദിവസങ്ങള്‍ ഏറെയുണ്ടെങ്കിലും കുട്ടനാട്ടിലെ കായല്‍പരപ്പില്‍ അതിന്‍െറ ചലനങ്ങള്‍ ദൃശ്യമായിത്തുടങ്ങി. നെഹ്റു ട്രോഫി എന്ന വിഖ്യാത ജലോത്സവത്തില്‍ ഒന്നാമതത്തെുക ലക്ഷ്യമാക്കി പങ്കെടുക്കുന്ന 25 ചുണ്ടന്‍വള്ളങ്ങളില്‍ 20 എണ്ണം പരിശീലനത്തിന്‍െറ ആവേശത്തിമിര്‍പ്പില്‍ എത്തിക്കഴിഞ്ഞു. തുഴച്ചിലുകാരും നാട്ടുകാരും വള്ളം സ്പോണ്‍സര്‍ ചെയ്യുന്ന ക്ളബുകളും പരിശീലനത്തില്‍ പങ്കാളികളാകുന്നു. ശക്തമായ പരിശീലനംകൊണ്ട് മാത്രമേ പുന്നമടക്കായലിന്‍െറ വിരിമാറിലൂടെ പാഞ്ഞുപോകാന്‍ ചുണ്ടന്‍വള്ളങ്ങള്‍ക്ക് കഴിയു. ഓരോ കരകളുടെയും അഭിമാനമെന്ന് പറയപ്പെടുന്ന ചുണ്ടന്‍വള്ളങ്ങള്‍ നയമ്പുകുത്തി മുന്നോട്ട് പായുന്ന കാഴ്ച ആ നാടിന്‍െറകൂടി ആഹ്ളാദമാണ്. ഇത്തവണ 25 ചുണ്ടന്‍വള്ളങ്ങളാണ് പുന്നമടയില്‍ എത്തുന്നതെങ്കിലും അഞ്ച് ഹീറ്റ്സിലായി 20 ചുണ്ടനുകളാണ് മത്സരിക്കുന്ന്. ഇതാദ്യമായാണ് മത്സരത്തിന് അഞ്ച് ഹീറ്റ്സ് ഉണ്ടാകുന്നത്. നെഹ്റു ട്രോഫിയുടെ ചരിത്രത്തില്‍ ഇത്രയധികം വള്ളങ്ങള്‍ പങ്കെടുക്കുന്നതും ആദ്യമായാണ്. കുട്ടനാട്ടില്‍ ഓരോ ഗ്രാമത്തിനും അവരുടെതായ ചുണ്ടന്‍വള്ളങ്ങളുടെ ചരിത്രമുണ്ട്. ലക്ഷക്കണക്കിന് രൂപയാണ് ഓരോ ചുണ്ടന്‍വള്ളത്തിന്‍െറയും ക്ളബുകള്‍ പരിശീലനത്തിന് ചെലവഴിക്കുന്നത്. അവിടെ ഊണും ഉറക്കവുമില്ല. വിശ്രമരഹിതമായ പരിശീലനം. പുതിയ കാലഘട്ടത്തില്‍ അതിന് കൂടുതല്‍ കണിശതയും വ്യക്തതയും വരുന്നു. കരുത്തന്മാരായ ചുണ്ടന്‍വള്ളങ്ങളാണ് ഇത്തവണയും മത്സരിക്കുന്നത്. ആരും ആരുടെയും പിറകിലല്ല. ഓരോ വള്ളത്തിനും അതിന്‍േറതായ മത്സരപാരമ്പര്യമുണ്ട്. ഒന്നാം ഹീറ്റ്സില്‍ മത്സരിക്കുന്ന ചെറുതന, സെന്‍റ് ജോര്‍ജ്, ശ്രീവിനായകന്‍, വെള്ളംകുളങ്ങര എന്നിവയെല്ലാം പലതവണ നെഹ്റു ട്രോഫി ജലമേള വീക്ഷിക്കുന്നവരെ അമ്പരിപ്പിച്ച പ്രകടനം കാഴ്ചവെച്ചവയാണ്. രണ്ടാംഹീറ്റ്സിലെ മഹാദേവന്‍, ജവഹര്‍ തായങ്കരി, ശ്രീഗണേശന്‍, ദേവസ് എന്നിവയും മോശക്കാരല്ല. മൂന്നാം ഹീറ്റ്സിലെ ചമ്പക്കുളവും സെന്‍റ് പയസും കാരിച്ചാലും നടുഭാഗവും ഒന്നിനൊന്ന് ശക്തരാണ്. നാലാം ഹീറ്റ്സില്‍ മഹാദേവികാട് കാട്ടില്‍ തെക്കതില്‍, പുളിങ്കുന്ന് ചുണ്ടന്‍, പായിപ്പാട്, ഗബ്രിയേല്‍, അഞ്ചാം ഹീറ്റ്സിലെ കരുവാറ്റ പുത്തന്‍ചുണ്ടന്‍, ആനാരി പുത്തന്‍ചുണ്ടന്‍, ആയാപറമ്പ് പാണ്ടി, ആയാപറമ്പ് വലിയദിവാന്‍ജി എന്നിവയുമെല്ലാം പലതവണ തങ്ങളുടെ കരുത്ത് തെളിയിച്ചിട്ടുണ്ട്. അപ്പര്‍ കുട്ടനാടിന്‍െറയും ലോവര്‍ കുട്ടനാടിന്‍െറയും പേരും പെരുമയും പേറുന്ന വള്ളങ്ങള്‍ കുട്ടനാട്ടിലെ പല തുരുത്തുകള്‍ക്ക് സമീപത്തെ കായല്‍പരപ്പുകളിലാണ് പരിശീലന തുഴച്ചില്‍ നടത്തുന്നത്. ആഗസ്റ്റ് 11വരെ ഇത് തുടരും. ഇത്തവണ പരിശീലന തുഴച്ചില്‍ കൃത്യമായി നടത്തണമെന്ന നിബന്ധന ഉള്ളതിനാല്‍ അതുസംബന്ധിച്ച നിരീക്ഷണവും അധികാരികള്‍ നടത്തുന്നുണ്ട്. മത്സരത്തിന് പങ്കെടുക്കുന്ന വള്ളങ്ങളുടെ പരിശീലനം ഏഴുദിവസത്തില്‍ കുറയാന്‍ പാടില്ളെന്നാണ് നിബന്ധന. എന്നാല്‍, ദിവസങ്ങളോളം നീളുന്ന പരിശീലനക്രമത്തിലൂടെ മാത്രമേ തുഴച്ചിലുകാര്‍ അവരുടെ മത്സരശേഷിയിലത്തെൂ. അതിന് ആവശ്യമായ ഭക്ഷണവും വിശ്രമവും പരിശീലനവും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സമയക്രമമാണ് ഓരോ ബോട്ട്ക്ളബും നിശ്ചയിച്ച് നടത്തിവരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.