തെരുവുവിളക്കുകള്‍ കത്തുന്നില്ല: പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചെയര്‍മാനെ ഉപരോധിച്ചു

ചെങ്ങന്നൂര്‍: നഗരസഭ പ്രദേശത്തെ തെരുവുവിളക്കുകള്‍ തെളിക്കാത്തതില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ്, ബി.ജെ.പി-എന്‍.ഡി.എ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നഗരസഭ ഉപരോധിച്ചു. എല്‍.ഡി.എഫ് കൗണ്‍സിലര്‍മാര്‍ ചെയര്‍മാന്‍െറ കാബിന് മുന്നിലും എന്‍.ഡി.എ കൗണ്‍സിലര്‍മാര്‍ പ്രവേശകവാടത്തിലുമാണ് ഉപരോധം നടത്തിയത്. നഗരസഭ പ്രദേശത്തെ ഭൂരിപക്ഷം വിളക്കുകളും മാസങ്ങളായി കത്തുന്നില്ല. കൗണ്‍സില്‍ നിലവില്‍വന്നിട്ട് എട്ടുമാസം പിന്നിട്ടു. ഇതിനിടെ ഒരുതവണ മാത്രമാണ് ലൈറ്റ് തെളിക്കാന്‍ നടപടി സ്വീകരിച്ചത്. കൗണ്‍സില്‍ യോഗത്തിലും ഇക്കാര്യം ചര്‍ച്ച ചെയ്ത് പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചെയര്‍മാന്‍ താല്‍പര്യം കാട്ടുന്നില്ളെന്ന് സമരക്കാര്‍ ആരോപിച്ചു. ഈ സാഹചര്യത്തിലാണ് ഉപരോധസമരം സംഘടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറയുന്നു. ഈനില തുടര്‍ന്നാല്‍ നഗരസഭ ഓഫിസ് പ്രവര്‍ത്തനം സ്തംഭിപ്പിക്കുമെന്ന് പ്രതിപക്ഷ നേതാവ് ബി. സുദീപ് അറിയിച്ചു. 27 അംഗ കൗണ്‍സിലില്‍ എല്‍.ഡി.എഫിന് എട്ടും എന്‍.ഡി.എക്ക് ആറും കൗണ്‍സിലര്‍മാരാണുള്ളത്. ഉപരോധ സമരം രാവിലെ എട്ടുമുതല്‍ അഞ്ചുമണി വരെ തുടര്‍ന്നു. ചൂട്ടുകട്ടയും മണ്ണെണ്ണ വിളക്കും കത്തിച്ചാണ് എന്‍.ഡി.എക്കാര്‍ സമരം നടത്തിയത്. എല്‍.ഡി.എഫുകാര്‍ മെഴുകുതിരി കത്തിച്ചു. തെരുവുവിളക്കുകള്‍ കത്തിക്കുക, മഴക്കാല ശുചീകരണം നടത്തുക, വഴിയരികിലെ കാടുകള്‍ വെട്ടിത്തെളിക്കുക, ഭരണത്തിലെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു രാജന്‍ കണ്ണാട്ടിന്‍െറയും ബി. ജയകുമാറിന്‍െറയും നേതൃത്വത്തില്‍ ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ധര്‍ണ നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.