എക്സൈസ് കേസുകളില്‍ വര്‍ധന; കര്‍ശന നടപടി തുടരുന്നു

ആലപ്പുഴ: ലഹരിക്കെതിരെയുള്ള കൂടുതല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ എക്സൈസ് വകുപ്പ് തീരുമാനിച്ചു. ഋഷിരാജ് സിങ് കമീഷണറായി അധികാരമേറ്റ ശേഷം എക്സൈസിന്‍െറ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജസ്വലമായി. കേസുകളിലും പരിശോധനകളിലും വന്‍ വര്‍ധനയുണ്ടായി. പുതിയ കമീഷണര്‍ ചാര്‍ജെടുത്ത ശേഷം 126 പരാതികളാണ് ജില്ലയില്‍നിന്ന് ലഭിച്ചത്. 33 പരാതികള്‍ അടിസ്ഥാനമുള്ളതാണെന്നുകണ്ട് കേസ് എടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. 237 അബ്കാരി കേസുകള്‍ ജൂണില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തതായി ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ അബ്ദുല്‍ കലാം അറിയിച്ചു. 247 പേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. 49 കേസുകള്‍ ബിയര്‍ പാര്‍ലര്‍, കള്ളുഷാപ്പ്, ആയുര്‍വേദ അരിഷ്ട വില്‍പനശാലകള്‍ക്കെതിരെ ആയിരുന്നു.മയക്കുമരുന്നും കഞ്ചാവുമായി 18 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 24 പേരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. സ്കൂള്‍ പരിസരത്തും ടൗണ്‍ ഭാഗങ്ങളില്‍, റെയില്‍വേ, കെ.എസ്.ആര്‍.ടി.സി, ജില്ലയിലെ മറ്റ് സ്ഥലങ്ങളിലും പുകയില ഉല്‍പന്നങ്ങള്‍ വിറ്റതിനും ഉപയോഗിച്ചതിനും പുകവലിച്ചതിനും 260 പേര്‍ക്കെതിരെ കേസെടുത്തു. 256 പേരില്‍നിന്ന് പിഴ ഈടാക്കി. നാലുപേര്‍ക്കെതിരെ കോടതി നടപടികള്‍ സ്വീകരിച്ചു. എക്സൈസ് കമീഷണര്‍ക്കും പത്രത്തിലൂടെ ഫോണ്‍ നമ്പര്‍ പ്രസിദ്ധീകരിച്ചതിനത്തെുടര്‍ന്ന് ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്കും ലഭിച്ച പരാതികളില്‍ 1057 റെയ്ഡുകളും പരിശോധനകളും ജില്ലയില്‍ നടത്തി. ഇമെയിലായും വാട്സ്ആപ് വഴിയും എസ്.എം.എസ് ആയും എഴുതിയ പരാതികളും വഴി ലഭിച്ച വിവരമനുസരിച്ചാണ് റെയ്ഡുകള്‍ നടത്തിയത്. 137 ലിറ്റര്‍ ചാരായവും വാറ്റുപകരണങ്ങളും 535 ലിറ്റര്‍ ചാരായം വാറ്റാനുള്ള വാഷ്, മദ്യത്തിന് പകരമായി ഉപയോഗിക്കാനായി ഉല്‍പാദിപ്പിച്ച് സൂക്ഷിച്ച 5812 ലിറ്റര്‍ അരിഷ്ടം, അനുമതിയോ ലൈസന്‍സോ ഇല്ലാതെ വില്‍പനക്കായി സൂക്ഷിച്ച 139 ലിറ്റര്‍ കള്ള്, രണ്ട് കിലോഗ്രാം കഞ്ചാവ്, 35 ലിറ്റര്‍ ബിയര്‍, 178 ലിറ്റര്‍ വിദേശമദ്യം, 3200 പാക്കറ്റ് ഹാന്‍സ്, 610 പാക്കറ്റ് ബീഡി, 127 പാക്കറ്റ് സിഗരറ്റ്, മൂന്ന് കിലോഗ്രാം പുകയില എന്നിവ പിടിച്ചെടുത്തു. അനധികൃതമായി മദ്യം, മയക്കുമരുന്ന് എന്നിവ കടത്താന്‍ ഉപയോഗിച്ച 10 വാഹനങ്ങള്‍ പരിശോധനക്കിടെ പിടികൂടി. കെ.എസ്.ബി.സി വില്‍പനശാലകള്‍ പരിശോധിച്ച് ഉപയോഗിക്കാന്‍ പാടില്ലാത്ത രീതിയില്‍ സെഡിമെന്‍റ്സ് കണ്ട 45 കെയ്സ് മദ്യം കണ്ടെടുത്ത് നിയമ നടപടികള്‍ സ്വീകരിച്ചു. 363 കള്ള് സാമ്പിളുകള്‍ ശേഖരിച്ച് തിരുവനന്തപുരം കെമിക്കല്‍ ലാബില്‍ രാസപരിശോധനക്ക് അയച്ചു. മൊബൈല്‍ ടെസ്റ്റിങ് ലാബ് 20 ഷാപ്പുകളില്‍ പരിശോധന നടത്തി. എക്സൈസ് കമീഷണറുടെ നേതൃത്വത്തില്‍ ഹരിപ്പാട് അമൃത സ്കൂളിലും ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥരുടെ തേതൃത്വത്തില്‍ 24 സ്കൂളുകളിലും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തി. അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിനമായ ജൂണ്‍ 26ന് മന്ത്രി ജി. സുധാകരന്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്ത ഒമ്പത് പരിപാടികള്‍ ജില്ലയിലെമ്പാടും നടത്തി. മെഡിക്കല്‍ സ്റ്റോറുകളിലും ബസുകളിലും പരിശോധനകള്‍ നടന്നുവരുന്നു. നിയമ വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് രണ്ട് ക്ളബുകള്‍ക്കെതിരെയും കേസെടുത്തു. കൂടുതല്‍ കേസുകള്‍ കണ്ടെടുക്കാനുള്ള പരിശോധനകള്‍ തുടര്‍ന്നുവരുന്നു. കഴിഞ്ഞ മേയില്‍ 110 അബ്കാരി കേസുകളും ഏഴ് എന്‍.ഡി.പി.എസ് കേസുകളുമാണ് ജില്ലയിലുണ്ടായിരുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.