പെരുമ്പളത്ത് ഡെങ്കിപ്പനി; പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യം

വടുതല: പെരുമ്പളം ഗ്രാമപഞ്ചായത്തില്‍ വീണ്ടും ഡെങ്കിപ്പനി വ്യാപിക്കുന്നു. പനി പിടിച്ച അഞ്ചുപേര്‍ പെരുമ്പളം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പ്രത്യേക വാര്‍ഡില്‍ ചികിത്സയിലാണ്. ഇതിനിടെ പെരുമ്പളം പഞ്ചായത്തിലെ ഏഴ്, എട്ട് വാര്‍ഡുകളില്‍ പനി വ്യാപകമായതിനെ തുടര്‍ന്ന് പഞ്ചായത്തിന്‍െറയും ആരോഗ്യവകുപ്പിന്‍െറയും നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനം ആരംഭിച്ചു. ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ പനി ബാധിതരായി എത്തുന്നവരെ രക്ത സാമ്പിളിന്‍െറ വിശദ പരിശോധനക്കായി ചേര്‍ത്തലയിലേക്ക് അയക്കുകയാണ്. ഇതാകട്ടെ പാവപ്പെട്ട ദ്വീപ് നിവാസികള്‍ക്ക് താങ്ങാനാവാത്ത വിധം ചെലവ് ഏറിയതുമാണ്. പെരുമ്പളം സര്‍ക്കാര്‍ ആശുപത്രിയില്‍ അടിയന്തര സാഹചര്യം പരിഗണിച്ച് പ്രത്യേക പരിശോധന സംവിധാനങ്ങള്‍ ഉറപ്പാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഡെങ്കിപ്പനി സ്ഥിരീകരിച്ച രോഗികളെ കൊതുക് വലക്കുള്ളില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇത് പനി ബാധിതരായി എത്തുന്ന മറ്റു രോഗികളെയും നാട്ടുകാരെയും ഭീതിയിലാക്കുന്നു. സര്‍ക്കാര്‍ ഭാഗത്തുനിന്നും പെരുമ്പളം ദ്വീപിന്‍െറ സാഹചര്യം പരിഗണിച്ച് രോഗ നിര്‍ണയത്തിനും ചികിത്സക്കുമായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിച്ച് പനി പടരാതിരിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കണമെന്നാണ് ദ്വീപ് നിവാസികളുടെ ആവശ്യം. ഏഴ്, എട്ട് വാര്‍ഡുകളില്‍ രോഗ പ്രതിരോധത്തിന്‍െറ ഭാഗമായി കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.