ആടിയും പാടിയും ഫാഷിസത്തിനെതിരെ പ്രതിരോധം തീര്‍ത്ത് യുവാക്കള്‍

ആലപ്പുഴ: മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തില്‍ ഫാഷിസത്തിനെതിരെ പൊതുസമൂഹത്തെ ബോധവത്കരിച്ച് സോളിഡാരിറ്റി ജില്ലാ കമ്മിറ്റി കടലോരത്ത് ഒരുക്കിയ പ്രതിരോധ സായാഹ്നം ശ്രദ്ധേയമായി. രാജ്യം നേരിടുന്ന അസഹിഷ്ണുതക്കെതിരെ സാംസ്കാരിക പൊതുബോധം വളര്‍ന്നുവരണമെന്ന ആഹ്വാനവുമായി സാംസ്കാരിക പ്രതിരോധത്തിന്‍െറ ചങ്ങലയായിരുന്നു പരിപാടി. ‘പാഠം ഒന്ന് പശു’ എന്ന ഏകാംഗ അവതരണം രാജ്യം നേരിടുന്ന സമകാലിക വെല്ലുവിളിയെ വരച്ചുകാട്ടി. എല്ലാ മനുഷ്യരെയും ഒരുപോലെ കാണാന്‍ കഴിയാത്ത, പൗരബോധത്തെ ചോദ്യംചെയ്യുന്ന ഭരണകൂട ഭീകരതക്കെതിരെ നിശ്ശബ്ദത പാലിച്ചാല്‍ രാജ്യം അപകടത്തിലാകുമെന്നും ഏകാംഗ അവതരണം മുന്നറിയിപ്പു നല്‍കി. എല്ലാ ജാതികളെയും അംഗീകരിക്കുന്ന ഭരണഘടനയുള്ള രാജ്യത്ത് ദലിതന് ജീവിക്കാന്‍ അവകാശം നിഷേധിക്കുന്ന രീതിക്കെതിരെ ‘എന്‍െറ ജന്മമാണ് എന്‍െറ ശാപം’ നാടകത്തിലൂടെ സാംസ്കാരിക സായാഹ്നത്തില്‍ പ്രതിഷേധമിരമ്പി. ഫാഷിസത്തിനെതിരെ കഥയും കവിതയും ചൊല്ലി, മുദ്രാവാക്യം മുഴക്കി നടന്ന പരിപാടിയില്‍ കൊച്ചുകുട്ടികളടക്കം നിരവധിപേര്‍ പങ്കെടുത്തു. സോളിഡാരിറ്റി സംഘടിപ്പിച്ച ‘സംഘ്പരിവാര്‍കാലത്തും ഇന്ത്യക്ക് ജീവിച്ചേ പറ്റൂ’ സംസ്ഥാന കാമ്പയിന്‍െറ ഭാഗമായി നടന്ന പരിപാടി സംസ്ഥാന സമിതിയംഗം യു. ഷൈജു ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ലാ പ്രസിഡന്‍റ് ടി. ഫായിസ് അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി വി.എ. അബൂബക്കര്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ സെക്രട്ടറി കെ.എം. റഷീദ്, ടി.എ. റാഷിദ്, കെ.എം. ശാക്കിര്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.