ആലപ്പുഴ: തകഴി-എടത്വ റോഡിലെ ടാറിങ് ഉടന്‍ പൂര്‍ത്തീകരിക്കാന്‍ കലക്ടര്‍ എന്‍. പത്മകുമാര്‍ പൊതുമരാമത്ത് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് നിര്‍ദേശം നല്‍കി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസനസമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ കേന്ദ്ര-സംസ്ഥാന പദ്ധതികളുടെ പുരോഗതി അവലോകനം പൂര്‍ണമായി ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറിയതായി കലക്ടര്‍ പറഞ്ഞു. സംസ്ഥാനത്ത് ഈ നേട്ടം കൈവരിച്ച ആദ്യ ജില്ലയാണ് ആലപ്പുഴ. ആസൂത്രണ ബോര്‍ഡിന്‍െറ ‘പ്ളാന്‍ സ്പേസ്’ വെബ്സൈറ്റിലൂടെയാണ് പുരോഗതി അവലോകനം ചെയ്യുക. എല്ലാ വകുപ്പും എല്ലാ മാസവും 10ാം തീയതിക്കകം പുരോഗതി വിവരങ്ങളും ചെലവഴിച്ച തുകയും ഭൗതികനേട്ടങ്ങളും വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യണം. ജപ്പാന്‍ കുടിവെള്ള പദ്ധതി നടപ്പാക്കിയെങ്കിലും ചേര്‍ത്തല മേഖലയില്‍ ജനങ്ങള്‍ക്ക് കൃത്യമായി കുടിവെള്ളം ലഭിക്കുന്നില്ളെന്ന് കെ.സി. വേണുഗോപാല്‍ എം.പിയുടെ പ്രതിനിധി ബി. ബൈജു പറഞ്ഞു. മറവന്‍തുരുത്ത് പഞ്ചായത്തില്‍ പൈപ്പ് പൊട്ടിയതുമൂലം ഒരു പമ്പ് മാത്രം ഉപയോഗിച്ചാണ് പമ്പിങ് നടത്തുന്നതെന്നും രാത്രിയില്‍ പമ്പിങ് നടത്തരുതെന്ന് പഞ്ചായത്ത് ആവശ്യപ്പെട്ടെന്നും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ യോഗത്തെ അറിയിച്ചു. ഹൗസ് ബോട്ടുകളില്‍നിന്നുള്ള മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്ന സംവിധാനം ഒരുക്കണമെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പിയുടെ പ്രതിനിധി എം.എന്‍. ചന്ദ്രപ്രകാശ് ആവശ്യപ്പെട്ടു. കുട്ടനാട്ടിലെ വിവിധ പഞ്ചായത്തുകളിലെ കാന്‍സര്‍ രോഗികളുടെ എണ്ണം ആരോഗ്യവകുപ്പ് നല്‍കാനുള്ള നടപടി സ്വീകരിക്കണമെന്നും പുറക്കാട് സ്മൃതി വനത്തിന് ഏറ്റെടുത്ത സ്ഥലം ഉപയോഗയോഗ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചമ്പക്കുളം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കണമെന്ന് തോമസ് ചാണ്ടി എം.എല്‍.എയുടെ പ്രതിനിധി ജെ. സിമിമോന്‍ ആവശ്യപ്പെട്ടു. നാല് ഡോക്ടര്‍മാരാണ് ചമ്പക്കുളത്ത് ഉള്ളതെന്നും 24 മണിക്കൂറും സേവനം ലഭ്യമാക്കാന്‍ എട്ടുപേരുടെ സേവനം ആവശ്യമാണെന്നും ജില്ലാ മെഡിക്കല്‍ ഓഫിസര്‍ പറഞ്ഞു. മുമ്പ് 24 മണിക്കൂറും ഇവര്‍ സേവനം നല്‍കിയിരുന്നെന്നും കഴിഞ്ഞദിവസം രോഗിയുടെ കൂട്ടിരിപ്പുകാര്‍ ഡോക്ടറെ കൈയേറ്റം ചെയ്തതോടെയാണ് ഡോക്ടര്‍മാര്‍ പിന്തിരിഞ്ഞതെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി എടുത്തിട്ടില്ളെന്നും ഡി.എം.ഒ പറഞ്ഞു. 127.96 കോടി രൂപ ചെലവഴിച്ച് 281 സംസ്ഥാന പ്ളാന്‍ പദ്ധതികള്‍ പൂര്‍ത്തീകരിച്ചതായി യോഗം വിലയിരുത്തി. 85.06 ശതമാനം വിഹിതം ചെലവഴിച്ചു. 140.46 കോടി രൂപ ചെലവഴിച്ച് 16 കേന്ദ്രാവിഷ്കൃത പദ്ധതി പൂര്‍ത്തീകരിച്ചു. 99.71 ശതമാനം വിഹിതം ചെലവഴിച്ചു. മറ്റു കേന്ദ്രാവിഷ്കൃത പദ്ധതികളില്‍ 81.08 ശതമാനം വിഹിതം ചെലവഴിച്ചു. 38.39 കോടി രൂപ ചെലവഴിച്ച് 12 പദ്ധതി പൂര്‍ത്തീകരിച്ചു. വിവിധ വകുപ്പുകളുടെ പദ്ധതി പുരോഗതി യോഗം വിലയിരുത്തി. യോഗത്തില്‍ ജില്ലാ പ്ളാനിങ് ഓഫിസര്‍ കെ.എസ്. ലതി, ഡെപ്യൂട്ടി പ്ളാനിങ് ഓഫിസര്‍ സി.എന്‍. സത്യപ്രകാശ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.