വേനലറുതി നേരിടാന്‍ കുട്ടനാട് ഒരുങ്ങുന്നു; 10 ലക്ഷം ലിറ്റര്‍ ശുദ്ധജലം സംഭരിച്ചു

ആലപ്പുഴ: വേനല്‍ക്കാലത്ത് രൂക്ഷമാകുന്ന കുടിവെള്ള പ്രശ്നം നേരിടാന്‍ കുട്ടനാട് ഒരുങ്ങുന്നു. ഇതിനായി ചമ്പക്കുളം ബ്ളോക് പഞ്ചായത്തിന്‍െറ സംയോജിത നീര്‍ത്തട പരിപാലന പരിപാടിയിലൂടെ (ഐ.ഡബ്ളിയു.എം.പി) 229 മഴവെള്ള സംഭരണികള്‍ നിര്‍മിച്ചു. ഇതില്‍ 200 മഴവെള്ള സംഭരണികളും നിറഞ്ഞിട്ടുണ്ട്. 5000 ലിറ്റര്‍ സംഭരണശേഷിയുള്ള സംഭരണികളാണ് നിര്‍മിച്ചത്. നിലവില്‍ 10 ലക്ഷം ലിറ്ററിലധികം ജലം സംഭരിച്ചിട്ടുള്ളതായി ചമ്പക്കുളം ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് പോളി തോമസ് പറഞ്ഞു. കൈനകരി പഞ്ചായത്തിന്‍െറ സി-ബ്ളോക് ഒഴികെയുള്ള പ്രദേശങ്ങള്‍, നെടുമുടി പഞ്ചായത്തിന്‍െറ ഒന്ന്, രണ്ട്, മൂന്ന്, നാല്, 15 വാര്‍ഡുകള്‍, ചമ്പക്കുളം പഞ്ചായത്തിലെ ഒന്ന്, 13 വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന പ്രദേശത്താണ് പദ്ധതി നടപ്പാക്കുന്നത്. വെള്ളത്താല്‍ ചുറ്റപ്പെട്ടുകിടക്കുന്ന ഈ പ്രദേശത്ത് ശുദ്ധജല ലഭ്യതയും ശുദ്ധജല സ്രോതസ്സുകളും കുറവാണ്. മഴവെള്ളം പരമാവധി സംഭരിച്ച് ഉപയോഗിക്കുക മാത്രമാണ് ആശ്രയം. പാത്രങ്ങളിലും ടാങ്കുകളിലും മറ്റും മഴക്കാലത്ത് ശേഖരിക്കുന്ന വെള്ളം ദിവസങ്ങള്‍ക്കുള്ളില്‍തന്നെ തീരുകയാണ് പതിവ്. പിന്നീടുള്ള ശുദ്ധജല ആവശ്യത്തിന് തോടുകളില്‍നിന്നോ കുളങ്ങളില്‍നിന്നോ ഉള്ള വെള്ളമാണ് പ്രദേശവാസികള്‍ ഉപയോഗിക്കുന്നത്. ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരമായാണ് സംയോജിത നീര്‍ത്തട പരിപാലന പരിപാടിയിലൂടെ മഴവെള്ള സംഭരണികള്‍ നിര്‍മിച്ചത്. 270 മഴവെള്ള സംഭരണികളാണ് ആകെ നിര്‍മിക്കുന്നത്. 41 മഴവെള്ള സംഭരണികളുടെ നിര്‍മാണാനുബന്ധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. വേനല്‍മഴക്ക് മുമ്പ് സംഭരണികള്‍ പൂര്‍ത്തിയാക്കി ജലം സംഭരിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. വ്യക്തിഗതമായും മൂന്ന്, അഞ്ച് വീടുകള്‍ക്ക് ഒരു മഴവെള്ള സംഭരണി എന്ന നിലയിലും തുരുത്തുകളിലും സ്കൂളുകളിലും മഴവെള്ള സംഭരണികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഒരു മഴവെള്ള സംഭരണിക്ക് 41,150 രൂപയാണ് ചെലവുവരുന്നത്. ഇതില്‍ അഞ്ചുശതമാനം ഉപഭോക്താവില്‍നിന്നുള്ള വിഹിതവും ബാക്കി കേന്ദ്രവിഹിതവുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.