കുട്ടനാട്: കുട്ടനാട്ടിലെ എല്ലാ ഇടത്തോടുകളിലും പോളശല്യം രൂക്ഷമായി. ഇടത്തോടുകളില്‍ നിറഞ്ഞുകിടന്നിരുന്ന പോള ഇപ്പോള്‍ പ്രധാന ജലാശയങ്ങളിലേക്ക് എത്തിയതോടെ ഉള്‍നാടന്‍ ജലഗതാഗതത്തിനും മത്സ്യബന്ധനത്തിനും തിരിച്ചടിയായി. ഇടത്തോടുകളില്‍ വ്യാപകമായ പോള കൃത്യസമയത്ത് അധികൃതര്‍ നീക്കം ചെയ്യാതിരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. പുളിക്കടവ് ക്ഷേത്രത്തോട്, ഇളങ്കാവ് പുളിങ്കുന്ന് തോട്, കാവാലം കിടങ്ങറ തുടങ്ങി കുട്ടനാട്ടിലെ എല്ലാ ഇടത്തോടുകളിലെയും സ്ഥിതി ഇതാണ്. പ്രധാന തോടുകളിലും പോള വ്യാപിച്ചതോടെ ബോട്ട് സര്‍വിസുകള്‍ക്കും തടസം നേരിടുന്നു. ബോട്ടുകളുടെ പ്രൊപ്പല്ലറില്‍ പോള കുടുങ്ങുന്നതിനാല്‍ സര്‍വിസുകള്‍ മുടങ്ങുന്നത് നിത്യസംഭവമായിരിക്കുകയാണ്. വള്ളങ്ങളില്‍ മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന സാധാരണക്കാരായ തൊഴിലാളി കുടുംബങ്ങളും ദുരിതത്തിലായി. വാഹനസൗകര്യവും ബോട്ട് സര്‍വിസും ഇല്ലാത്ത പ്രദേശങ്ങളിലുള്ളവരാണ് ഏറെ ബുദ്ധിമുട്ടിലായത്. യാത്രക്ക് കൊച്ചുവള്ളങ്ങളെ ആശ്രയിച്ചിരുന്ന കുട്ടനാട്ടുകാര്‍ പോളമൂലം വലയുകയാണ്. പുഞ്ചകൃഷിയെ രക്ഷിക്കാനായി തണ്ണീര്‍മുക്കം ഷട്ടര്‍ അടച്ചതോടെയാണ് തോടുകളിലെ ഒഴുക്ക് നിലച്ചത്. ഇതോടെ പോളകളും മാലിന്യങ്ങളും കെട്ടിക്കിടന്ന് രോഗഭീഷണിയും ഉയര്‍ത്തുന്നു. മുമ്പ് തൊഴിലുറപ്പ് ജോലിക്കാര്‍ ഇടത്തോടുകളിലെ പോള നീക്കം ചെയ്തിരുന്നു. ഇതും ഇപ്പോള്‍ നിലച്ചിരിക്കുകയാണ്. അടിയന്തരമായി പോള നീക്കംചെയ്യാന്‍ അധികൃതര്‍ വേണ്ട നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇതുസംബന്ധിച്ച് ജനപ്രതിനിധികള്‍ക്ക് പരാതി നല്‍കി കാത്തിരിക്കുകയാണ് അവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.