കായംകുളം: തീരദേശ ജില്ലയെ ഹരിതാഭമാക്കാന്‍ ജീവിതം സമര്‍പ്പിച്ച റാഫി മാഷിന് അവാര്‍ഡിന്‍െറ തിളക്കം അര്‍ഹതക്കുള്ള അംഗീകാരമായി. ഗ്രീന്‍ വെയ്ന്‍ ജില്ലാ കോഓഡിനേറ്ററായ റാഫി രാമനാഥിനാണ് ജൈവവൈവിധ്യ ബോര്‍ഡിന്‍െറ അവാര്‍ഡ് ലഭിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ പതിനായിരക്കണക്കിണ് വൃക്ഷത്തൈകള്‍ ജില്ലയിലാകെ നട്ടുപിടിപ്പിക്കുകയും ഇതിന്‍െറ തുടര്‍ പരിചരണം ഉറപ്പാക്കുകയും ചെയ്തതിലൂടെ പരിസ്ഥിതി രംഗത്ത് മികച്ച ഇടപെടലാണ് റാഫി നടത്തിവരുന്നത്. താമരക്കുളം വി.വി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പരിസ്ഥിതി ക്ളബ് കോഓഡിനേറ്ററായതോടെയാണ് റാഫി പരിസ്ഥിതി രംഗത്ത് സജീവമാകുന്നത്. 250ഓളം ഒൗഷധ സസ്യങ്ങളുടെ തോട്ടം സ്കൂള്‍ വളപ്പില്‍ വിജയകരമായി ഒരുക്കിയത് നല്‍കിയ ആത്മവിശ്വാസമാണ് മേഖല വ്യാപിപ്പിക്കാന്‍ കാരണമായത്. 2014ല്‍ ഗ്രീന്‍വെയ്നിന്‍െറ ജില്ലയിലെ ഉത്തരവാദിത്തം ഏറ്റെടുത്തു. തുടര്‍ന്ന് അമ്പതിനായിരത്തോളം വൃക്ഷത്തൈകള്‍ ജില്ലയിലാകെ നട്ടു. ഇവയുടെ പരിചരണവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിലൂടെ പദ്ധതി വന്‍ വിജയത്തിലേക്ക് കുതിക്കുകയാണ്. സ്കൂളുകള്‍, ആരാധനാലയങ്ങള്‍, സര്‍ക്കാര്‍ ഓഫിസ് വളപ്പുകള്‍ എന്നിവിടങ്ങളിലായി നിരവധി ഒൗഷധസസ്യ തോട്ടങ്ങള്‍ നിര്‍മിച്ചു. കൂടാതെ നക്ഷത്ര വനവും സ്കൂളുകള്‍ കേന്ദ്രീകരിച്ച് ശലഭപാര്‍ക്കുകളും ഒരുക്കി. സൂനാമി ബാധിത പ്രദേശമായ വലിയഴീക്കലില്‍ കണ്ടല്‍ കാടുകള്‍ സ്ഥാപിക്കാനുള്ള ഇടപെടല്‍ നടത്തുന്നു. ഇവിടത്തെ സ്കൂളുകളുമായി സഹകരിച്ച് മൂവായിരത്തോളം കണ്ടലുകളാണ് നട്ടത്. വള്ളികുന്നം ചിറ, പൊലീസ് സ്റ്റേഷന്‍, അമ്പലപ്പുഴ-ആര്യാട് ബ്ളോക് പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളില്‍ മാതൃകാ തോട്ടങ്ങളും വളരുന്നു. തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ യൂനിറ്റുകള്‍, ഗ്രന്ഥശാലകള്‍, എന്‍.എസ്.എസ് യൂനിറ്റുകള്‍ എന്നിവയുമായി സഹകരിച്ചും വൃക്ഷത്തൈ നടീല്‍ സജീവമാണ്. ഗ്രീന്‍വെയ്നിന്‍െറ മേല്‍നോട്ടത്തിലുള്ള നഴ്സറിയില്‍ ഉല്‍പാദിപ്പിക്കുന്ന തൈകളാണ് സൗജന്യമായി എല്ലായിടത്തും എത്തിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. 2012ലെ വനമിത്ര അവാര്‍ഡും ശുചിത്വ മിഷന്‍െറ മാതൃകാ സ്കൂള്‍, ജില്ലയിലെ മികച്ച പരിസ്ഥിതി ക്ളബ് പുരസ്കാരം തുടങ്ങിയവയും താമരക്കുളം വി.വി.എച്ച്.എസ്.എസിന് നേടികൊടുക്കുന്നതില്‍ ശ്രദ്ധേയമായ പങ്കുവഹിച്ചു. വൃക്ഷമിത്ര പുരസ്കാരം അടക്കമുള്ള നിരവധി അവാര്‍ഡുകള്‍ റാഫിക്കും ലഭിച്ചിട്ടുണ്ട്. റാഫി നിര്‍മിച്ച പരിസ്ഥിതി സന്ദേശമുള്‍ക്കൊള്ളുന്ന ‘തളിര്’ നല്ല നാളേക്കായി ഡോക്യുമെന്‍ററിക്ക് ബാലശാസ്ത്ര കോണ്‍ഗ്രസിന്‍െറ പുരസ്കാരവും ലഭിച്ചിട്ടുണ്ട്. 12 വര്‍ഷമായി താമരക്കുളം വി.വി.എച്ച്.എസ്.എസില്‍ അധ്യാപകനായി ജോലി ചെയ്യുന്ന റാഫി തെക്കേക്കര പള്ളിയാവട്ടം സന്തോഷ് ഭവനില്‍ കെ. രാമദേവന്‍പിള്ളയുടെയും സുഭദ്രാമ്മയുടെയും മകനാണ്. ശ്രീലക്ഷ്മിയാണ് ഭാര്യ. അദൈ്വത്, പാര്‍ഥീവ് എന്നിവര്‍ മക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.