തൃപ്പൂണിത്തുറയിലെ ടോള്‍ കൊള്ള: സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ 21ന്

തൃപ്പൂണിത്തുറ: എസ്.എന്‍ ജങ്ഷന്‍ മേല്‍പാലത്തിലും ചിത്രപ്പുഴ പാലത്തിലും മിനി ബൈപാസിലും ടോള്‍ പിരിവ് അവസാനിപ്പിക്കുന്നതിന് അനിശ്ചിതകാല സമരപ്രഖ്യാപന സമ്മേളനം ഫെബ്രുവരി 21ന് വൈകുന്നേരം നാലിന് സ്റ്റാച്യൂ ജങ്ഷനില്‍ നടത്തുമെന്ന് നഗരസഭാ ചെയര്‍പേഴ്സണ്‍ ചന്ദ്രികാദേവി, സമരസമിതി സെക്രട്ടറി വി.പി. പ്രസാദ് എന്നിവര്‍ അറിയിച്ചു. ചെയര്‍പേഴ്സണിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന സമരസമിതി യോഗത്തിലാണ് സമരപ്രഖ്യാപന സമ്മേളനം നടത്താന്‍ തീരുമാനിച്ചത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാരവാഹികള്‍ സമരസമിതിയുടെ വൈസ് ചെയര്‍മാന്‍മാരാണ്. തൃപ്പൂണിത്തുറയില്‍ തുടര്‍ന്നുവരുന്ന ടോള്‍ കൊള്ള അന്യായമാണെന്നും ജനങ്ങളോട് ഇരട്ട നീതിയാണ് സര്‍ക്കാര്‍ കാട്ടുന്നതെന്നും സമരസമിതി കുറ്റപ്പെടുത്തി. ടോള്‍ പിരിവിന് ആധാരമായ ചട്ടങ്ങളില്‍ തൃപ്പൂണിത്തുറയോട് പക്ഷപാതപരമായാണ് സര്‍ക്കാര്‍ പെരുമാറുന്നതെന്ന് യോഗത്തില്‍ ആരോപണമുയര്‍ന്നു. പൊന്നുരുന്നി പാലത്തിലും പച്ചാളം പാലത്തിലും ടോള്‍ ഇല്ലാത്തത് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടി. പാലം നിര്‍മാണത്തിന് 10.96 കോടി ചെലവാക്കിയ ആര്‍.ബി.ഡി.സി.കെക്ക് 2007 മുതല്‍ മൊത്തം വരുമാനം 40.35 കോടിയാണ്. ലാഭം 29.38 കോടി. സമരസമിതി യോഗത്തില്‍ സി.പി.എം ഏരിയാ സെക്രട്ടറി സി.എന്‍. സുന്ദരന്‍, വി.ആര്‍. വിജയകുമാര്‍ (ബി.ജെ.പി), ടി.പി. പൗലോസ്, വി.സി. ജയേന്ദ്രന്‍, വൈസ് ചെയര്‍മാന്‍ ഒ.പി. സലീം തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.