കുട്ടനാട് പാക്കേജ്, കയര്‍ മേഖല, ഹൗസ് ബോട്ട് മേഖല എന്നിവയെ തൊടാത്ത ബജറ്റ്

ആലപ്പുഴ: കാലാവധി പൂര്‍ത്തിയാക്കുന്ന യു.ഡി.എഫ് സര്‍ക്കാറിന്‍െറ അവസാന ബജറ്റില്‍ ആലപ്പുഴക്ക് കിട്ടിയത് നാമമാത്ര പദ്ധതികള്‍. ആലപ്പുഴയിലെ പൊതുമേഖലാ സ്ഥാപനങ്ങളോട് സര്‍ക്കാര്‍ അവഗണന തുടരുന്നെന്ന് ഒരിക്കല്‍ കൂടി വെളിവാക്കുന്നതാണ് ഈ സര്‍ക്കാറിന്‍െറ അവസാനത്തെ ബജറ്റ്. പ്രധാനമായും പൂട്ടിക്കിടക്കുന്ന സ്ഥാപനങ്ങളെ പുനരുദ്ധരിക്കാനുള്ള നടപടിയൊന്നും ബജറ്റ് നിര്‍ദേശത്തില്‍ ഇല്ലാത്തത് തീര്‍ത്തും നിരാശജനകമാണ്. ആലപ്പുഴയുടെ മൊത്തത്തിലെ വികസനത്തെ സംബന്ധിച്ച ഒരുനിര്‍ദേശവും ബജറ്റില്‍ ഉള്‍ക്കൊള്ളിക്കാന്‍ കഴിയാതെപോയത് വലിയ വീഴ്ചയായാണ് വിലയിരുത്തുന്നത്. മുന്തിയ പരിഗണന നല്‍കേണ്ട കുട്ടനാട് പാക്കേജ്, ജനറല്‍ ആശുപത്രി വികസനം, ഹൗസ്ബോട്ട് മേഖല, കയര്‍ വ്യവസായം എന്നിവക്ക് ബജറ്റില്‍ അര്‍ഹമായ പരിഗണന കിട്ടിയില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ നിലനില്‍പും ഇവിടുത്തെ തൊഴില്‍ പ്രശ്നങ്ങളും ബജറ്റില്‍ വിഷയമായി സര്‍ക്കാര്‍ പരിഗണിച്ചില്ല. 1970ല്‍ ആരോഗ്യവകുപ്പിന്‍െറ കീഴില്‍ തുടങ്ങിയ കെ.എസ്.ഡി.പി നിലനില്‍പിനുവേണ്ടിയുള്ള സമരത്തിലായിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. സംസ്ഥാനത്തെ ആശുപത്രികള്‍ക്ക് ആവശ്യമായ ജീവന്‍രക്ഷാ മരുന്ന് ഉല്‍പാദിപ്പിക്കുന്നതിന് ആരംഭിച്ചതായിരുന്നു ഈ സ്ഥാപനം. കാപ്സ്യൂള്‍, ഇന്‍ജക്ഷന്‍, ലിക്വിഡ്, ഗുളികകള്‍ എന്നിവയായിരുന്നു ഇവിടെ ഉല്‍പാദിപ്പിച്ചിരുന്നത്. 400 തൊഴിലാളികള്‍ ആരംഭഘട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവിടെ ഇന്ന് 100 തൊഴിലാളികളായി ചുരുങ്ങി. സ്ഥാപനത്തോടനുബന്ധിച്ച് വിറ്റമിന്‍ എ പ്ളാന്‍റ് സ്ഥാപിച്ചതോടുകൂടി കെ.എസ്.ഡി.പിയുടെ തകര്‍ച്ചക്ക് വഴിയൊരുക്കി. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്ത് മെഡിക്കല്‍ സര്‍വിസ് കോര്‍പറേഷന്‍ വഴി മരുന്ന് സംഭരിക്കാന്‍ തുടങ്ങിയതോടെ അഞ്ചുവര്‍ഷവും കമ്പനി ലാഭത്തിലായിരുന്നു. എന്നാല്‍, ഇന്ന് മതിയായ ഓര്‍ഡറുകള്‍ ഇല്ലാത്തതിനാല്‍ ഇതരസംസ്ഥാന സര്‍ക്കാറുകളുടെ കാരുണ്യത്തിലാണ് കമ്പനി പ്രവര്‍ത്തിച്ചുവരുന്നത്. 35 കോടി ചെലവഴിച്ച് പലതവണ നവീകരണപ്രവര്‍ത്തനം നടത്തിയ വിറ്റമിന്‍ എ പ്ളാന്‍റ് ഇന്ന് നോക്കുകുത്തിയായി നില്‍ക്കുകയാണ്. ഏറെ വികസനസാധ്യതയുള്ള സ്ഥാപനത്തെ സംരക്ഷിച്ച് നിലനിര്‍ത്താന്‍ ഫലപ്രദ നിര്‍ദേശങ്ങള്‍ ഉണ്ടാകാതെ പോയത് നിരാശജനകമാണ്. വര്‍ഷങ്ങളായി പൂട്ടിക്കിടക്കുന്ന എക്സല്‍ ഗ്ളാസിന്‍െറ സ്ഥിതിയും മറിച്ചല്ല. പാതിരപ്പള്ളിയിലെ ഉദയാ സ്റ്റുഡിയോയോട് ചേര്‍ന്ന സ്ഥലത്ത് 1973ല്‍ 1.10 കോടി രൂപ ചെലവിട്ടാണ് ഗ്ളാസ് ഫാക്ടറി ആരംഭിച്ചത്. കമ്പനിയുടെ ആരംഭത്തില്‍ ഇവിടെ 300 തൊഴിലാളികള്‍ക്ക് നേരിട്ട് തൊഴില്‍ ലഭിച്ചിരുന്നു. ആയിരത്തോളം തൊഴിലാളികള്‍ക്ക് മറ്റുഅനുബന്ധ മേഖലകളിലും തൊഴില്‍ ലഭിച്ചു. 1987ല്‍ സോമാനിയ ഗ്രൂപ്പിന് കൈമാറി. ഇവര്‍ ഏറ്റെടുത്തതോടെ കമ്പനിയുടെ ശനിദശ ആരംഭിക്കുകയായിരുന്നു. 29 വര്‍ഷത്തിനിടെ മൂന്നുതവണ സ്ഥാപനം അടച്ചുപൂട്ടി. ഓരോതവണയും സര്‍ക്കാറിന്‍െറയോ അര്‍ധസര്‍ക്കാറിന്‍െറയോ സാമ്പത്തിക സഹായത്തോടെ വീണ്ടും തുറന്നുപ്രവര്‍ത്തിപ്പിക്കുമെങ്കിലും അതിനും ദീര്‍ഘായുസ്സ് ഉണ്ടായിരുന്നില്ല. നിലവില്‍ കേരള സ്പിന്നേഴ്സ് മാത്രമാണ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് സര്‍ക്കാര്‍ മുന്‍കൈയെടുത്തിട്ടുള്ളത്. എന്നാല്‍, ഇതിന്‍െറ വികസനത്തിന് ഉതകുന്ന പ്രഖ്യാപനവും ബജറ്റില്‍ ഇല്ളെന്നതും എടുത്തുപറയേണ്ടതാണ്. ഫലത്തില്‍ ആലപ്പുഴയിലെ പൊതുമേഖല സ്ഥാപനങ്ങളുടെ നിലനില്‍പുതന്നെ ചോദ്യം ചെയ്യുന്നതാണ് ബജറ്റ് എന്നാണ് വിമര്‍ശം. ആയിരക്കണക്കിന് പാവപ്പെട്ട തൊഴിലാളികളുടെ ഉപജീവനമാര്‍ഗമായ കയര്‍മേഖലയെയും ബജറ്റ് തീര്‍ത്തും അവഗണിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.