മകന്‍െറ ദാരുണ മരണം പിതാവിനെ അറിയിക്കാനാകാതെ കുടുംബം

ആലപ്പുഴ: മകന്‍െറ ദാരുണ മരണം പിതാവിനെ അറിയിക്കാനാകാതെ കണ്ണീരും പ്രാര്‍ഥനയുമായി കുടുംബം. ശനിയാഴ്ച കൊറ്റംകുളങ്ങരയിലെ പാലക്കുളത്തില്‍ മുങ്ങിമരിച്ച എട്ടാംക്ളാസ് വിദ്യാര്‍ഥി ഫെബിന്‍െറ മരണവാര്‍ത്ത പിതാവിനെ അറിയിക്കാന്‍ കഴിയാതെയാണ് വീട്ടുകാര്‍ വിഷമവൃത്തത്തിലായത്. ഫെബിന്‍െറ പിതാവ് തുമ്പോളി പാലക്കല്‍ ബിജു മത്സ്യത്തൊഴിലാളിയാണ്. കഴിഞ്ഞ ബുധനാഴ്ച ബിജു കൊല്ലം കടപ്പുറത്തുനിന്നാണ് ഫിഷിങ് ബോട്ടില്‍ പുറംകടലില്‍ മത്സ്യബന്ധനത്തിന് പോയത്. ബിജു ഏത് ബോട്ടിലാണ് ജോലിക്ക് പോകുന്നതെന്ന കാര്യം വീട്ടുകാര്‍ക്ക് വ്യക്തമായി അറിയില്ലായിരുന്നു. കൗണ്‍സിലര്‍ ജോസ് ചെല്ലപ്പന്‍െറയും മറ്റും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കൊല്ലത്തെ റോയി എന്ന ആളുടെ ഉടമസ്ഥതയിലുള്ള റോയല്‍ ത്രീ’ എന്ന ബോട്ടിലാണ് ബിജു ജോലിക്ക് പോയിരിക്കുന്നതെന്ന് മനസ്സിലായത്. സാധാരണ പുറംകടലില്‍ പോകുന്ന ബോട്ടുകള്‍ എട്ടും പത്തും ദിവസം കഴിഞ്ഞാണ് മടങ്ങിവരാറുള്ളത്. മരണവാര്‍ത്ത ബോട്ട് ഉടമയെ അറിയിച്ചെങ്കിലും ബന്ധപ്പെടാന്‍ മാര്‍ഗമില്ളെന്നും ഏത് ബോട്ടിലാണ് ജോലിക്ക് പോയിരിക്കുന്നതെന്ന് അറിയില്ളെന്നുമൊക്കെ പറഞ്ഞ് ഇയാള്‍ ഒഴിഞ്ഞുമാറുകയായിരുന്നെന്നും കൗണ്‍സിലര്‍ ജോസ് ചെല്ലപ്പന്‍ പറഞ്ഞു. പിന്നീട് കലക്ടറും കൊല്ലത്തെ പൊലീസ് കമീഷണറും കോസ്റ്റ് ഗാര്‍ഡുമൊക്കെയായി പല വഴികളിലൂടെ ബന്ധപ്പെട്ടു. ഇതിനൊക്കെ ഒടുവില്‍ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ബോട്ട് മടങ്ങിയത്തെുന്ന വിവരം സംബന്ധിച്ച് ചെറിയ സൂചനയെങ്കിലും നല്‍കാന്‍ ബോട്ടുടമ തയാറായത്. ഞായറാഴ്ച രാത്രി 10ഓടെ ബോട്ട് കൊച്ചിയില്‍ എത്തുമെന്നാണ് ഇയാള്‍ അറിയിച്ചത്. എന്നാല്‍ അതിനിടെയും ബിജു വീട്ടിലേക്ക് ബന്ധപ്പെട്ടില്ല എന്നതില്‍നിന്ന് ബിജുവിനെ വിവരം അറിയിച്ചിട്ടില്ളെന്നും വ്യക്തമാണ്. പുറംകടലില്‍ ജോലിക്കുപോകുന്ന ജീവനക്കാരുടെ കുടുംബത്തില്‍ എന്തെങ്കിലും അത്യാഹിതങ്ങള്‍ ഉണ്ടായാല്‍ വിവരം കൈമാറുന്നതില്‍ ഉടമകള്‍ വിമുഖത കാട്ടുന്നത് പതിവാണെന്ന് ആക്ഷേപമുണ്ട്. ബോട്ടുകള്‍ പെട്ടെന്ന് മടങ്ങുമ്പോള്‍ ഉണ്ടാകുന്ന നഷ്ടമാണ് കാരണം. സഹോദരന്‍ സജിനും കൂട്ടുകാര്‍ക്കുമൊപ്പം കുളിക്കാനിറങ്ങിയപ്പോളാണ് ഫെബിന്‍ അപകടത്തില്‍പെട്ടത്. ശനിയാഴ്ച ഉച്ചക്ക് 12 ഓടെയായിരുന്നു സംഭവം. ഫെബിന്‍െറ മൃതദേഹം ഞായറാഴ്ച രാവിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പിതാവ് എത്തിയതിനുശേഷം തുമ്പോളി സെന്‍റ് തോമസ് ദേവാലയ സെമിത്തേരിയിലാണ് സംസ്കാരം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.