വ്യാജ കുറിപ്പടിയുമായി മയക്കുമരുന്ന് വാങ്ങുന്നയാള്‍ പിടിയില്‍

ആലപ്പുഴ: ഡോക്ടര്‍മാരുടെ അറിവില്ലാതെ വ്യാജ കുറിപ്പടിയുണ്ടാക്കി മെഡിക്കല്‍ ഷോപ്പില്‍നിന്ന് മയക്കുമരുന്ന് വാങ്ങി വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വിതരണം ചെയ്യുന്നയാള്‍ പിടിയില്‍. കഞ്ഞിക്കുഴി ആദിപറമ്പില്‍ വീട്ടില്‍ അഖിലാണ് (24) എക്സൈസ് സംഘത്തിന്‍െറ പിടിയിലായത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി, ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍നിന്ന് ഒ.പി ചീട്ട് വാങ്ങിയശേഷം ഡോക്ടര്‍മാരുടെ കൈയക്ഷരത്തില്‍ മയക്കുമരുന്ന് ഇനത്തില്‍പെട്ട ഗുളികകളും ഇന്‍ജക്ഷന്‍ മരുന്നുകളും വാങ്ങുകയാണ് ഇയാള്‍ ചെയ്തിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കുമാണ് വിതരണം ചെയ്തിരുന്നത്. തിരക്കുള്ള സമയങ്ങളില്‍ ഡോക്ടര്‍മാര്‍ കുറിപ്പടികളില്‍ സീലോ പേരോ വെക്കുന്നില്ളെന്ന് പറഞ്ഞാണ് ഇയാള്‍ തട്ടിപ്പ് നടത്തിവന്നത്. മെഡിക്കല്‍ ഷോപ്പുകളിലും വിശദ പരിശോധനയില്ലാതെ ഗുളിക വിതരണം ചെയ്തിരുന്നു. മയക്കുമരുന്ന് ഇനത്തില്‍പെട്ട ഗുളികകളും മറ്റും വില്‍പന നടത്തുമ്പോള്‍ വേണ്ടത്ര മുന്‍കരുതല്‍ മെഡിക്കല്‍ ഷോപ്പുകള്‍ സ്വീകരിക്കണമെന്ന് ഡ്രഗ്സ് ഇന്‍സ്പെക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എക്സൈസ് സ്പെഷല്‍ സ്ക്വാഡ് സി.ഐ കെ.ആര്‍. ബാബു, പ്രിവന്‍റീവ് ഓഫിസര്‍മാരായ എന്‍. ബാബു, എ. കുഞ്ഞുമോന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എം. റെനി, വി.ബി. വിപിന്‍, പി. അനിലാല്‍, എസ്.ആര്‍. റഹീം എന്നിവരുള്‍പ്പെട്ട സംഘമാണ് പരിശോധന നടത്തിയത്. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 0477-2251639, 9400069494 എന്നീ നമ്പറുകളില്‍ അറിയിക്കണമെന്ന് എക്സൈസ് സി.ഐ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.