പൊലീസ് മര്‍ദനം: അന്വേഷണത്തിന് മനുഷ്യാവകാശ കമീഷന്‍ ഉത്തരവ്

ആലപ്പുഴ: വാഹനാപകടത്തില്‍ പരിക്കേറ്റ് മാവേലിക്കര ഗവ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന മരുമകളെ കാണാനത്തെിയ വയോധികനെയും മകനെയും ആശുപത്രി പാസിന്‍െറ പേരിലുണ്ടായ വഴക്കില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. മാവേലിക്കര സി.ഐക്കും എസ്.ഐക്കും സി.ഐ സ്ക്വാഡിലെ പൊലീസുകാര്‍ക്കുമെതിരെയാണ് കമീഷന്‍ ആക്ടിങ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഡിവൈ.എസ്.പിയില്‍ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി ഒരുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷന്‍ ജില്ല പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. ജനുവരിയില്‍ മാവേലിക്കരയില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും. സി.ഐ ശ്രീകുമാര്‍, എസ്.ഐ അജീബ്, എ.എസ്.ഐ ഇ.കെ. രമണന്‍, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ഉണ്ണികൃഷ്ണന്‍, അന്‍വര്‍, സി.ഐ ഓഫിസിലെ മൂന്ന് പൊലീസുകാര്‍ എന്നിവരാണ് എതിര്‍കക്ഷികള്‍. സംഭവം ഗുരുതര മനുഷ്യാവകാശ ലംഘനവും പൊലീസ് പീഡനവുമാണെന്ന് കമീഷന്‍ നിരീക്ഷിച്ചു. നവംബര്‍ ഒമ്പതിനായിരുന്നു സംഭവം. മൂന്ന് പാസ് എടുക്കാത്തതിന്‍െറ പേരിലാണ് ആശുപത്രിയിലെ സെക്യൂരിറ്റിയും മാവേലിക്കര താഴേക്കര്‍ വഴുവടി സ്വദേശി ശശിധരനുമായി വാക്തര്‍ക്കമുണ്ടായത്. ശശിധരനെ സെക്യൂരിറ്റിക്കാര്‍ മര്‍ദിക്കുന്നത് കണ്ട് മകന്‍ ഭവിത്കുമാര്‍ ഇടപെട്ടപ്പോള്‍ മകനെയും മര്‍ദിച്ചു. സെക്യൂരിറ്റി ജീവനക്കാര്‍ പൊലീസിനെ വിളിച്ചുവരുത്തി മകനെയും കൂട്ടുകാരനെയും പൊലീസില്‍ ഏല്‍പിച്ചു. പിറ്റേന്ന് ആശുപത്രിയിലത്തെിയ ശശിധരനെ സെക്യൂരിറ്റി ജീവനക്കാരന്‍ ദാമോദരന്‍െറ ബന്ധു റോയിയും കൂട്ടരും ചേര്‍ന്ന് മര്‍ദിച്ചു. ശശിധരന്‍ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. കേസില്‍ പൊലീസ് ശശിധരനെയും പ്രതിയാക്കി. ശശിധരന്‍െറ മകനെ കായംകുളത്തെ ഗുണ്ടകളുമായി ബന്ധപ്പെടുത്താന്‍ സി.ഐ ശ്രമിച്ചെന്നും ക്രൂരമായി മര്‍ദിച്ചെന്നും പരാതിയില്‍ പറയുന്നു. അടുത്തദിവസം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.