എഫ്.സി.ഐയിലെ അട്ടിക്കൂലി സമരം ചരക്കുനീക്കം ഭാഗികം

ആലപ്പുഴ: ആലപ്പുഴ എഫ്.സി.ഐയിലെ ചുമട്ടുതൊഴിലാളികളുടെ അട്ടിക്കൂലി സമരം നീളുന്നതോടെ റേഷന്‍ കടകളില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാവുന്നു. 30 മുതല്‍ 50 വരെ ലോഡ് എത്തിയിരുന്നിടത്ത് ഇപ്പോള്‍ സപൈ്ള ഗോഡൗണുകളില്‍ എത്തുന്നത് 16 ലോഡ് സാധനങ്ങള്‍ മാത്രമാണ്. എഫ്.സി.ഐ ഉദ്യോഗസ്ഥരുടെ ശിക്ഷണ നടപടികള്‍ ഒഴിവാക്കുന്നതിന്‍െറ ഭാഗമായാണ് കുറച്ചെങ്കിലും ഭക്ഷ്യധാന്യങ്ങള്‍ എത്തുന്നതെന്ന് താലൂക്ക് സിവില്‍ സപൈ്ളസ് അധികൃതര്‍ പറഞ്ഞു. അട്ടിക്കൂലി നിഷേധിച്ചതിനെ തുടര്‍ന്നാണ് എഫ്.സി.ഐ വര്‍ക്കേഴ്സ് യൂനിയന്‍ തൊഴിലാളികള്‍ നിസ്സഹകരണ സമരം തുടങ്ങിയത്. പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ പലതവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്നാണ് എഫ്.സി.ഐ വര്‍ക്കേഴ്സ് യുനിയന്‍െറ നേതൃത്വത്തില്‍ സമരം ആരംഭിച്ചത്. സമരം ശക്തമാക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയതോടെ സര്‍ക്കാര്‍ കലക്ടറുടെ മധ്യസ്ഥതയില്‍ ചര്‍ച്ചക്ക് വിളിച്ചു. പ്രശ്നം പരിഹരിക്കുന്നതിന് ഈ മാസം 23 വരെ സമയം നല്‍കണമെന്ന് മന്ത്രി പി. തിലോത്തമന്‍ ആവശ്യപ്പെട്ടതായി കലക്ടര്‍ വീണ എന്‍. മാധവന്‍ യോഗത്തില്‍ അറിയിക്കുകയും ചെയ്തു. ഒത്തുതീര്‍പ്പിന്‍െറ വഴി സ്വീകരിച്ച തൊഴിലാളികള്‍ പിന്നീട് നിസ്സഹകരണ സമരം തുടരുകയായിരുന്നു. എഫ്.സിഐയില്‍ എത്തുന്ന മൊത്തവിതരണക്കാരുടെ ലോറികള്‍ തടഞ്ഞാണ് ഇപ്പോഴത്തെ സമരം. സര്‍ക്കാര്‍ ചോദിച്ച സമയം തീരാന്‍ ആഴ്ചകള്‍ ബാക്കിനില്‍ക്കെ തൊഴിലാളികള്‍ നടത്തുന്ന സമരം സാധാരണക്കാരെ ബുദ്ധിമുട്ടിക്കാനേ ഉപകരിക്കൂവെന്നാണ് റേഷന്‍ വ്യാപാരികള്‍ പറയുന്നത്. സമരം മൂലം മിക്ക റേഷന്‍ കടകളിലും സാധനങ്ങളുടെ കടുത്ത ദൗര്‍ലഭ്യമാണ് നേരിടുന്നത്. നവംബറിലെ റേഷന്‍ പൂര്‍ണമായും കടകളില്‍ ലഭിച്ചിട്ടില്ല. മുന്‍ഗണനപ്പട്ടിക പ്രകാരം ഒരു അംഗത്തിന് നാല് കിലോ അരിയാണ് നല്‍കേണ്ടത്. എന്നാല്‍ രണ്ടു കിലോ വീതമാണ് നല്‍കാന്‍ കഴിയുന്നത്. സബ്സിഡി നിരക്കില്‍ ഒരംഗത്തിന് രണ്ടു കിലോയാണ് സാധാരണ ലഭിക്കാറ്. എന്നാല്‍ 800 ഗ്രാം മാത്രമാണ് വിതരണം ചെയ്യാന്‍ കഴിയുന്നത്. സാധനങ്ങള്‍ ലഭിക്കാത്തതുമൂലം കുട്ടനാട്, ചേര്‍ത്തല താലൂക്കില്‍ വിതരണം മുടങ്ങി. ഈ സ്ഥിതി തുടര്‍ന്നാല്‍ ക്രിസ്മസ് കടകളില്‍ റേഷന്‍ എത്താത്ത സാഹചര്യം ഉണ്ടാകുമെന്നും സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കേരള സ്റ്റേറ്റ് റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ ജില്ല കമ്മിറ്റി ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.