ചെയര്‍മാന്‍െറ വാഗമണ്‍ യാത്ര: ഇടതുമുന്നണിയില്‍ പൊട്ടിത്തെറി രൂക്ഷമാകുന്നു

കായംകുളം: നഗരസഭ ചെയര്‍മാന്‍െറ വാഗമണ്‍ യാത്രയെച്ചൊല്ലി ഇടതുമുന്നണിയില്‍ പൊട്ടിത്തെറി രൂക്ഷമാകുന്നു. യാത്രയിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ മുഖ്യമന്ത്രിക്കും സി.പി.എം നേതൃത്വത്തിനും പരാതി നല്‍കിയതോടെയാണ് വിഷയം ഗൗരവമായത്. നഗരഭരണം സ്തംഭിക്കുന്ന തരത്തില്‍ പ്രശ്നങ്ങള്‍ വഷളായിട്ടും നിലപാട് സ്വീകരിക്കാനാകാതെ സി.പി.എം നേതൃത്വം നിസ്സംഗതയിലാണ്. മുന്നണിക്കുള്ളില്‍ ഏറെ നാളായി പുകയുന്ന പ്രശ്നങ്ങളാണ് ചെയര്‍മാന്‍െറ വാഗമണ്‍ യാത്രയോടെ സി.പി.എം സംസ്ഥാന നേതൃത്വത്തിന്‍െറ മുന്നിലത്തെിയിരിക്കുന്നത്. ചെയര്‍മാന്‍ ചേംബര്‍ വാഗമണില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ ശില്‍പശാല സംഘടിപ്പിച്ചിരുന്നു. എന്നാല്‍, പരിപാടിക്കു പോയ ചെയര്‍മാന്‍ ഇതില്‍ പങ്കെടുക്കാതെ സി.പി.ഐ നേതാവിനെ വെട്ടിപ്പരിക്കേല്‍പിച്ച പ്രതികളുമായി ഉല്ലാസയാത്രക്ക് പോയതായാണ് ആരോപണം. സി.പി.ഐ വൈസ് ചെയര്‍പേഴ്സന്‍ ആര്‍. ഗിരിജയും ചെയര്‍മാന്‍ അഡ്വ. എന്‍. ശിവദാസനും ഒൗദ്യോഗിക വാഹനത്തിലാണ് വാഗമണിലേക്ക് പോയത്. എന്നാല്‍ തിരിച്ചുവരാന്‍ കൂടെയുണ്ടായിരുന്നില്ല. പ്രതികളെന്ന് സംശയിക്കുന്നവരുമായി ഉല്ലാസയാത്രക്ക് പോയെന്നും സംഘത്തിലെ മൂന്നുപേര്‍ ഷിജിയെ ആക്രമിച്ച കേസിലെ പ്രതികളാണെന്നുമാണ് സി.പി.ഐ പറയുന്നത്. കഴിഞ്ഞ ഓണത്തിനാണ് സി.പി.ഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ അഡ്വ. എ. ഷിജിക്ക് നേരെ ആക്രമണമുണ്ടായത്. എസ്.എഫ്.ഐ-എ.ഐ.എസ്.എഫ് തര്‍ക്കമാണ് ആക്രമണത്തിന് കാരണമായത്. ഇതിലെ പ്രതികളെ സംരക്ഷിച്ചിരുന്നത് നഗരസഭ ചെയര്‍മാനായിരുന്നുവെന്നാണ് സി.പി.ഐയുടെ തുടക്കംമുതലുള്ള ആരോപണം. പൊലീസില്‍ സമ്മര്‍ദംചെലുത്തി അറസ്റ്റില്‍നിന്ന് പല പ്രതികളെയും രക്ഷപ്പെടുത്തിയതായും സി.പി.ഐ ആക്ഷേപമുന്നയിച്ചിരുന്നു. വിഷയത്തില്‍ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചും നടത്തിയിരുന്നു. നഗരസഭയില്‍ നടന്ന ഓണസദ്യയില്‍ പ്രതികള്‍ പങ്കെടുത്തതും വിവാദമായി. ഇതോടെ നഗരസഭ പരിപാടി സി.പി.ഐ ബഹിഷ്കരിച്ചിരുന്നു. സി.പി.എം ഓഫിസിനും ചെയര്‍മാനുമെതിരെ നിരവധി ആരോപണങ്ങള്‍ ഉന്നയിച്ചുവെങ്കിലും മറുപടി നല്‍കാതെ ഒഴിഞ്ഞുമാറുകയായിരുന്നു. ഈ സാഹചര്യത്തിലാണ് വാഗമണ്‍ യാത്ര മുന്‍നിര്‍ത്തി മുഖ്യമന്ത്രിക്കും സി.പി.എം സംസ്ഥാന സെക്രട്ടറിക്കും പരാതി നല്‍കിയിരിക്കുന്നത്. വിഷയത്തില്‍ സമഗ്രാന്വേഷണവും നടപടിയുമാണ് ആവശ്യം. ഇവര്‍ തമ്മിലെ തര്‍ക്കം രൂക്ഷമായത് ഭൂരിപക്ഷമില്ലാത്ത നഗരഭരണത്തെയും കാര്യമായി ബാധിച്ചിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.