കേരള സര്‍വകലാശാല അത്ലറ്റിക് മീറ്റ്: ചേര്‍ത്തല എസ്.എന്‍ കോളജ് മുന്നില്‍

തിരുവനന്തപുരം: 77ാം കേരള സര്‍വകലാശാല അത്ലറ്റിക് മീറ്റിന് യൂനിവേഴ്സ്റ്റി സ്റ്റേഡിയത്തില്‍ ആവേശകരമായ തുടക്കം. ആദ്യദിനത്തെ നാല് ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ 12 പോയന്‍റുമായി ചേര്‍ത്തല എസ്.എന്‍ കോളജാണ് മുന്നില്‍. രണ്ട് പോയന്‍റ് വ്യത്യാസത്തില്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളജാണ് രണ്ടാം സ്ഥാനത്ത്. എട്ട് പോയന്‍േറാടെ തുമ്പ സെന്‍റ് സേവ്യേഴ്സ് മൂന്നാം സ്ഥാനത്തും പുനലൂര്‍ മൂന്നാം സ്ഥാനത്തുമുണ്ട്. 1500 മീറ്റര്‍ പുരുഷ-വനിതാ വിഭാഗം ഓട്ടങ്ങള്‍, വനിതകളുടെ ഷോട്ട്പുട്ട്, പുരുഷ വിഭാഗം ലോങ് ജംപ് എന്നിവയാണ് ബുധനാഴ്ച നടന്ന ഫൈനലുകള്‍. ഒരു സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവും ചേര്‍ത്തല എസ്.എന്‍ കോളജ് നേടി. ഒരു സ്വര്‍ണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമാണ് മാര്‍ ഇവാനിയോസിന്. ഒരു സ്വര്‍ണവും വെങ്കലവുമാണ് പുനലൂര്‍ എസ്.എന്‍ കോളജിനുള്ളത്. മീറ്റില്‍ ആകെയുള്ള 81 ഇനങ്ങളില്‍ പ്രാഥമിക റൗണ്ടുകളുള്‍പ്പെടെ 16 ഇനങ്ങളാണ് ആദ്യദിനത്തിലുണ്ടായിരുന്നത്. വിദ്യാര്‍ഥികളുടെ വര്‍ണാഭ മാര്‍ച്ച് പാസ്റ്റോടെയാണ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമായത്. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് ടി.പി. ദാസന്‍ ഉദ്ഘാടനം ചെയ്തു. പതാക ഉയര്‍ത്തിയതും അദ്ദേഹമാണ്. മാര്‍ ഇവാനിയോസ് കോളജ് വിദ്യാര്‍ഥിനിയും കഴിഞ്ഞ തവണത്തെ ഇന്‍റര്‍ യൂനിവേഴ്സിറ്റി ട്രിപ്പിള്‍ ജംപ് ചാമ്പ്യനുമായ ജെനിമോള്‍ ജോയി ദീപശിഖ ഏറ്റുവാങ്ങി. സര്‍വകലാശാല ഫിസിക്കല്‍ എജുക്കേഷന്‍ ഡയറക്ടര്‍ കെ.കെ. വേണു, പി.വി.സി എന്‍. വീരമണികണ്ഠന്‍, കാര്യവട്ടം എല്‍.എന്‍.സി.പി.ഇ പ്രിന്‍സിപ്പല്‍ ജി. കിഷോര്‍, സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗങ്ങളായ കെ.എച്ച്. ബാബുജാന്‍, എ.എ. റഹീം, ചെയര്‍പേഴ്സണ്‍ എസ്. അഷിത, പി.എ. രമേശ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ത്രിദിന മീറ്റില്‍ 63 കോളജുകളിലെ 750 വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. കേരളത്തിലെ സര്‍വകലാശാലാ മീറ്റുകളുടെ ചരിത്രത്തില്‍ ആദ്യമായാണ് രാത്രിയും പകലുമായി മത്സരങ്ങള്‍ നടക്കുന്നത്. ഉച്ചവെയിലിലെ മത്സരങ്ങള്‍ ഒഴിവായി കിട്ടിയത് കായികതാരങ്ങള്‍ക്കും സൗകര്യപ്രദമാണെന്നാണ് വിലയിരുത്തല്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.