യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍െറ വീടിനുനേരെ നാടന്‍ ബോംബേറ്

കായംകുളം: യൂത്ത് കോണ്‍ഗ്രസ് ഭരണിക്കാവ് മണ്ഡലം പ്രസിഡന്‍റിന്‍െറ വീടിന് നേരെ നാടന്‍ ബോംബേറ്. ജനാല ചില്ലുകള്‍ തകര്‍ന്നു. ഇതില്‍ പ്രതിഷേധിച്ച് ഭരണിക്കാവ് പഞ്ചായത്തില്‍ വ്യാഴാഴ്ച കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിക്കും. ഇലിപ്പക്കുളം പൊന്നേറ്റില്‍ ഹബീബിന്‍െറ വീട്ടില്‍ ബുധനാഴ്ച പുലര്‍ച്ചെ 2.30 ഓടെയായിരുന്നു സംഭവം. രണ്ടെണ്ണം കത്തിച്ച് എറിഞ്ഞതില്‍ ഒരെണ്ണമാണ് പൊട്ടിയത്. ശബ്ദം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ വെള്ളം ഒഴിച്ച് നിര്‍വീര്യമാക്കിയതിനാലാണ് പുകഞ്ഞുകൊണ്ടിരുന്ന ഒരെണ്ണം പൊട്ടാതിരുന്നത്. ഇത് പൊലീസ് കസ്റ്റഡിയിലെടുത്തു. ഹബീബിന്‍െറ മകന്‍ സല്‍മാന്‍ യൂത്ത്കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റാണ്. പടക്കത്തോടൊപ്പം ഉപയോഗിക്കുന്ന അമിട്ട് ഇനത്തില്‍പ്പെട്ട സ്ഫോടക വസ്തുവാണിതെന്ന് പൊലീസ് പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് വിജയാഹ്ളാദവുമായി ബന്ധപ്പെട്ട് ഇവിടെ തര്‍ക്കങ്ങളുണ്ടായിരുന്നു. ഡി.വൈ.എഫ്.ഐക്കാരാണ് ഇതിന് പിന്നിലെന്ന് വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. വിരലടയാള വിദഗ്ധര്‍, ഡോഗ് സ്ക്വാഡ്, ബോംബ് ഡിറ്റക്ഷന്‍ സ്ക്വാഡ് എന്നിവര്‍ സ്ഥലത്ത് പരിശോധന നടത്തി. കൃത്യമായ അന്വേഷണം നടത്തുമെന്ന് സി.ഐ പി. ശ്രീകുമാര്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിഷേധിച്ചും പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും വ്യാഴാഴ്ച രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. വൈകുന്നേരം നാമ്പുകുളങ്ങരയില്‍ നടക്കുന്ന പ്രതിഷേധ സമ്മേളനം കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ ഉദ്ഘാടനം ചെയ്യും. നിയുക്ത ഡി.സി.സി പ്രസിഡന്‍റ് അഡ്വ. എം. ലിജു, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. സി.ആര്‍. ജയപ്രകാശ്, ട്രഷറര്‍ അഡ്വ. ജോണ്‍സണ്‍ എബ്രഹാം, സെക്രട്ടറിമാരായ അഡ്വ. കെ.പി. ശ്രീകുമാര്‍, അഡ്വ. എ. ത്രിവിക്രമന്‍ തമ്പി, യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് സി.ആര്‍. മഹേഷ്, ഡി.സി.സി സെക്രട്ടറി എ.പി. ഷാജഹാന്‍ തുടങ്ങിയവര്‍ സ്ഥലത്ത് എത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.