ജില്ലയില്‍ വീണ്ടും ഐ ഗ്രൂപ് നേതൃത്വം; എ ഗ്രൂപ്പിന് നിരാശ

ആലപ്പുഴ: ഒരുകാലത്ത് എ ഗ്രൂപ്പിന് നേതൃബാഹുല്യവും അതിന്‍െറ ശക്തിയും ആലപ്പുഴയില്‍ ഉണ്ടായിരുന്നെങ്കില്‍ ഇന്ന് ഗ്രൂപ് ക്ഷയിച്ച് അണികള്‍ നഷ്ടപ്പെടുന്ന അവസ്ഥയിലേക്ക് മാറുന്നു. ഒരിക്കല്‍കൂടി ഡി.സി.സി നേതൃസ്ഥാനം ഐ ഗ്രൂപ്പിന്‍െറ കൈയില്‍ എത്തിയതോടെ എ ഗ്രൂപ്പിനുണ്ടായ ആഘാതം കനത്തതാണെന്ന് ഗ്രൂപ് നേതാക്കള്‍തന്നെ പറയുന്നു. പഴയകാല പ്രൗഢിയും അന്നത്തെ ഗരിമയും പറഞ്ഞ് സമയം കളയാമെന്നല്ലാതെ ഗ്രൂപ്പിനെ നയിക്കാന്‍ വേണ്ടത്ര ശക്തിയോ പിന്തുണയോ ഉള്ള നേതാക്കള്‍ ഇന്ന് ഇല്ലാത്തതാണ് പ്രധാന പ്രശ്നമെന്നും എ ഗ്രൂപ്പുകാര്‍ വിലയിരുത്തുന്നു. നഗരസഭകളിലോ പഞ്ചായത്തുതലങ്ങളിലോ വേണ്ടത്ര സ്വാധീനം ഇല്ലാത്ത സാഹചര്യത്തില്‍ ഡി.സി.സി നേതൃത്വംകൂടി വീണ്ടും നഷ്ടപ്പെട്ടതോടെ ഗ്രൂപ്പിന്‍െറ പ്രസക്തി ഇല്ലാതായി. എ.കെ. ആന്‍റണി, വയലാര്‍ രവി എന്നിവരാല്‍ രൂപപ്പെടുകയും പില്‍ക്കാലത്ത് തച്ചടി പ്രഭാകരന്‍െറ പ്രവര്‍ത്തനത്തില്‍ ഊര്‍ജസ്വലമാവുകയും ചെയ്ത എ ഗ്രൂപ് ആന്‍റണിയുടെ നാട്ടിലെ കോണ്‍ഗ്രസിലെ ചോദ്യംചെയ്യപ്പെടാത്ത ശക്തിയായിരുന്നു. പില്‍ക്കാലത്ത് എം. മുരളി, മാന്നാര്‍ അബ്ദുല്ലത്തീഫ്, ജോണ്‍സണ്‍ എബ്രഹാം, എന്‍. രവി, ടി.ജി. പദ്മനാഭന്‍ നായര്‍, സി.ആര്‍. ജയപ്രകാശ് എന്നിവരെല്ലാം ഗ്രൂപ്പിന്‍െറ പ്രധാന വക്താക്കളായി. ഡി.സി.സി പ്രസിഡന്‍റായിരുന്ന കെ.എസ്. വാസുദേവ ശര്‍മയായിരുന്നു ഒരുകാലത്ത് നയിച്ചിരുന്നത്. കഴിഞ്ഞ 10 വര്‍ഷമായി ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഐ ഗ്രൂപ്പാണ്. രമേശ് ചെന്നിത്തല വീണ്ടും ഹരിപ്പാട് മത്സരിച്ച് ജയിക്കുകയും മന്ത്രിയാവുകയും ചെയ്തതോടെയാണ് ഐ ഗ്രൂപ് ജില്ലയില്‍ വളരുകയും എ ഗ്രൂപ് ക്ഷയിക്കാന്‍ തുടങ്ങുകയും ചെയ്തത്. എ ഗ്രൂപ്പിന്‍െറ അവസാനത്തെ ഡി.സി.സി പ്രസിഡന്‍റ് സി.ആര്‍. ജയപ്രകാശായിരുന്നു. ജയപ്രകാശിനുശേഷം ചെന്നിത്തല പക്ഷക്കാരനായ എ.എ. ഷുക്കൂറിന് ആ സ്ഥാനം ലഭിച്ചു. പത്തുവര്‍ഷത്തിനുശേഷം നടന്ന പുന$സംഘടനയില്‍ വീണ്ടും ഐ ഗ്രൂപ്പുകാരനായ അഡ്വ. എം. ലിജു എത്തിയപ്പോള്‍ ആന്‍റണിയുടെ നാട്ടില്‍ എ ഗ്രൂപ്പിന്‍െറ പ്രസക്തിതന്നെ നഷ്ടപ്പെടുന്ന സാഹചര്യമാണ് ഉണ്ടായതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. യു.ഡി.എഫ് ജില്ല ചെയര്‍മാനായി എം. മുരളി പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ഡി.സി.സി നേതൃത്വത്തിലെ ഐ ഗ്രൂപ്പിന്‍െറ ശക്തമായ നിലപാടുകള്‍ യു.ഡി.എഫ് ജില്ല ചെയര്‍മാനെ അപ്രസക്തനാക്കുന്നുണ്ട്. ഇപ്പോഴത്തെ തിരിച്ചടി വരുംനാളുകളില്‍ എ ഗ്രൂപ്പിന്‍െറ അണികളില്‍നിന്ന് ഐ ഗ്രൂപ്പിലേക്ക് അഥവാ ചെന്നിത്തല പക്ഷത്തേക്ക് വലിയ ഒഴുക്കുണ്ടാകുമെന്ന സൂചനയാണ് എ ഗ്രൂപ്പുകാര്‍ നല്‍കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.