തൃക്കുന്നപ്പുഴ: ബന്ധുക്കളോ സുഹൃത്തുക്കളോ കൂട്ടിരിക്കാന്‍ ഇല്ലാത്തതിനാല്‍ കൃത്യമായ ചികിത്സ ലഭിക്കാതെ മരണത്തോട് മല്ലിടുകയാണ് ക്ഷയരോഗത്താല്‍ ബുദ്ധിമുട്ടുന്ന പുഷ്കരന്‍. സര്‍ക്കാര്‍ ആശുപത്രിയിലെ ചികിത്സകൊണ്ട് രോഗം ഭേദമാകുമെങ്കിലും കുടുംബവും ബന്ധുക്കളും തിരിഞ്ഞുനോക്കാത്തതിനാല്‍ ദിനേന രോഗം മൂര്‍ഛിച്ച് ഇയാള്‍ നരകിക്കുകയാണ്. തൃക്കുന്നപ്പുഴ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ കുടില്‍കെട്ടി അപേക്ഷ എഴുതി ഉപജീവനം കഴിച്ചുവന്ന തൃക്കുന്നപ്പുഴ കൂര്‍ക്കത്തറ കിഴക്കതില്‍ പരേതനായ കേശവന്‍െറ മകന്‍ കിഴക്കേക്കര വടക്ക് അച്ചൂസില്‍ പുഷ്കരന്‍ (51) വിട്ടുമാറാത്ത പനിയെ തുടര്‍ന്നാണ് ദിവസങ്ങള്‍ക്കുമുമ്പ് തൃക്കുന്നപ്പുഴ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ ചികിത്സതേടി എത്തിയത്. ഇവിടെ അഡ്മിറ്റ് ചെയ്ത് നടത്തിയ പരിശോധനയില്‍ ക്ഷയരോഗബാധ കണ്ടത്തെിയതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്ക് കരുവാറ്റയിലെ ഗവ. ക്ഷയരോഗ ആശുപത്രിയില്‍ പോകാന്‍ നിര്‍ദേശിച്ച് കഴിഞ്ഞ പത്തിന് ഡിസ്ചാര്‍ജ് നല്‍കി. എന്നാല്‍, ആശുപത്രിയില്‍ ഇടക്കിടെ വന്നുപോയിരുന്ന ബന്ധുക്കളാരും പിന്നീട് ഇവിടെ എത്തിയില്ല. രോഗം മൂര്‍ഛിച്ച് അവശനായ പുഷ്കരന്‍ ഇതോടെ ആശുപത്രിയില്‍ കിടപ്പായി. ഇതിനിടെ, തന്‍െറ അവസ്ഥയില്‍ മനംനൊന്ത് ആത്മഹത്യ ചെയ്യുക എന്ന ലക്ഷ്യത്തോടെ ആശുപത്രിയില്‍നിന്ന് പുറത്തിറങ്ങിയപ്പോള്‍ മറിഞ്ഞുവീണ് തലക്ക് ക്ഷതമേറ്റു. ഭാര്യയും മകനുമുണ്ടെങ്കിലും കുടുംബവഴക്കിനെ തുടര്‍ന്ന് ഇവര്‍ പിരിഞ്ഞുകഴിയുകയാണ്. പുഷ്കരനെ ഏതാനും കിലോമീറ്റര്‍ അകലെയുള്ള ക്ഷയരോഗ ആശുപത്രിയില്‍ എത്തിക്കാന്‍ ബന്ധുക്കള്‍ ആരുംതന്നെ തയാറാകുന്നില്ല. സഹായത്തിന് ഒരാളുണ്ടെങ്കില്‍ മാത്രമേ കരുവാറ്റയില്‍ കിടത്തിച്ചികിത്സ നടത്തൂ. ക്ഷയരോഗത്തിന് ആവശ്യമായ ചികിത്സ തൃക്കുന്നപ്പുഴ സി.എച്ച്.സിയില്‍ ലഭ്യമല്ലാത്തതിനാല്‍ ഇയാളുടെ അവസ്ഥ ഓരോദിവസം കഴിയുന്തോറും കൂടുതല്‍ വഷളാവുകയാണ്. ഡിസ്ചാര്‍ജ് വാങ്ങിയതിനുശേഷം ആശുപത്രിയുടെ വരാന്തയില്‍ കിടന്ന ഇയാളുടെ ദൈന്യാവസ്ഥ കണ്ട് ആശുപത്രി അധികൃതര്‍ വാര്‍ഡിന്‍െറ തൊട്ടടുത്തെ മുറിയില്‍ കിടത്തിയിരിക്കുകയാണ്. പകര്‍ച്ചവ്യാധി പിടിപെട്ട് കിടക്കുന്ന ഇയാള്‍ മറ്റുള്ളവര്‍ക്ക് രോഗഭീഷണി ഉയര്‍ത്തുന്നത് ആശുപത്രി അധികൃതരെയും ബുദ്ധിമുട്ടിലാക്കുന്നു. വല്ലപ്പോഴും എത്തുന്ന സുഹൃത്തുക്കളും സുമനസ്സുകളും വാങ്ങിനല്‍കുന്ന ആഹാരം മാത്രമാണ് പുഷ്കരന്‍െറ ജീവന്‍ നിലനിര്‍ത്തുന്നത്. എഴുന്നേറ്റ് നടക്കാന്‍ കഴിയാത്തതിനാല്‍ മലമൂത്ര വിസര്‍ജനം പരസഹായമില്ലാതെ സാധ്യമല്ല. സുമനസ്സുകളാണ് അതിനും സഹായിക്കുന്നത്. പുഷ്കരന്‍െറ രോഗം പകര്‍ച്ചവ്യാധിയായതിനാല്‍ വാര്‍ഡില്‍ കിടക്കുന്ന മറ്റുരോഗികളും ഭീതരാണ്. സുമനസ്സുകളുടെ കനിവ് തേടുകയാണ് പുഷ്കരന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.