കലാഭവന്‍ മണി മനുഷ്യത്വത്തിന് വില കല്‍പിച്ച കലാകാരന്‍ –മെക്കാര്‍ട്ടിന്‍

കൊച്ചി: എല്ലാറ്റിനുമുപരിയായി മനുഷ്യത്വത്തിന് വില കല്‍പിച്ചിരുന്ന കലാകാരനായിരുന്നു കലാഭവന്‍ മണിയെന്ന് സംവിധായകന്‍ മെക്കാര്‍ട്ടിന്‍ അനുസ്മരിച്ചു. ഏതൊരാളെയും അകമഴിഞ്ഞ് സഹായിക്കുന്നതില്‍ മണി മടി കാണിച്ചില്ളെന്നും അദ്ദേഹം പറഞ്ഞു. നവോത്ഥാന സാംസ്കാരികകേന്ദ്രം സംഘടിപ്പിച്ച ‘മണിനാദം’ കലാഭവന്‍ മണി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാചകകലയിലും മണി മികവ് പുലര്‍ത്തിയിരുന്നെന്നും മെക്കാര്‍ട്ടിന്‍ അനുസ്മരിച്ചു. അഭിനയിക്കുന്ന സിനിമകളുടെ നിര്‍മാണം സാമ്പത്തിക പ്രതിസന്ധി മൂലം നിര്‍ത്തുമെന്ന ഘട്ടത്തില്‍ പ്രതിഫലം ഉള്‍പ്പെടെ മടക്കി നല്‍കി നിര്‍മാണം പൂര്‍ത്തിയാക്കാന്‍ പല നിര്‍മാതാക്കളെയും മണി സഹായിച്ചിട്ടുണ്ടെന്ന് നടനും മിമിക്രി കലാകാരനുമായ അബി പറഞ്ഞു. ജിഡ മറൈന്‍ വാക്വേ ഓപണ്‍ സ്റ്റേജില്‍ സംഘടിപ്പിച്ച അനുസ്മരണയോഗത്തില്‍ നവോത്ഥാന സാംസ്കാരികകേന്ദ്രം പ്രസിഡന്‍റ് എം.എം. ലോറന്‍സ് അധ്യക്ഷത വഹിച്ചു. സംവിധായകനും നടനുമായ സോഹന്‍ സീനുലാല്‍, കലാഭവന്‍ ട്രഷറര്‍ കെ.എ. അലി അക്ബര്‍, സംസ്കാരികകേന്ദ്രം സെക്രട്ടറി കെ.എം. ശരത്ചന്ദ്രന്‍, ട്രഷറര്‍ ഹെന്‍ട്രി ഷാജന്‍, വൈസ് പ്രസിഡന്‍റ് സി.കെ. തെന്നല്‍ എന്നിവര്‍ സംസാരിച്ചു. ലാല്‍ വടുതല, ജോബി ചേരാനല്ലൂര്‍ എന്നിവര്‍ ‘മുത്താണ് മണി മുത്ത്’ കഥ കഥാപ്രസംഗശൈലിയില്‍ അവതരിപ്പിച്ചു. എം.കെ. സുഗതന്‍, പ്രീതി രാജന്‍ എന്നിവര്‍ കലാഭവന്‍ മണിയുടെ ഗാനങ്ങള്‍ ആലപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.